മറ്റൊരാള്‍ക്ക് വായ്പയെടുക്കാന്‍ ഗാരന്റി നില്‍ക്കണോ; വാങ്ങണോ എട്ടിന്റെ പണി?
വായ്പകള്‍ക്ക് ജാമ്യം നില്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സാഹചര്യം 1
കഴിഞ്ഞയാഴ്ച എന്റെ ഒരു സുഹൃത്ത് വിളിച്ചത് ഏറെ പരിഭ്രാന്തനായാണ്. കഴിഞ്ഞ 30 വര്‍ഷമായി അദ്ദേഹം സ്വന്തമായ ബിസിനസ് നടത്തി വരികയാണ്. അത് നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ട്. ബാങ്കുകളില്‍ നിന്ന് കടമെടുക്കുന്നതില്‍ വിമുഖതയുള്ള ആളാണ് അദ്ദേഹം. എപ്പോഴും കറണ്ട് അകൗണ്ടില്‍ നല്ല ബാലന്‍സ് സൂക്ഷിക്കുകയും ചെയ്യാറുണ്ട്. മൂന്നോ നാലോ മാസത്തേക്ക് കമ്പനി ചിലവുകള്‍ക്കുള്ള പണം അകൗണ്ടില്‍ ഉണ്ടാകും. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുകയും നികുതികള്‍ അടക്കുകയും ചെയ്യാനുള്ള സമയത്താണ് അദ്ദേഹം എന്നെ വിളിച്ചത്. അക്കൗണ്ടിൽ ആവശ്യത്തിന് പണമുണ്ട്. എന്നാല്‍, ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അപേക്ഷകളെല്ലാം ബാങ്ക് നിരസിക്കുന്നു. അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ബാങ്ക് അവകാശം സ്ഥാപിച്ചിട്ടുണ്ടെന്നും അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ് എന്നുമായിരുന്നു ലഭിച്ച മറുപടി. അദ്ദേഹം ഡയരക്ടറായ ഒരു കമ്പനിക്ക് എടുത്ത ബാങ്ക് വായ്പക്ക് അദ്ദേഹം ഗാരന്ററായിരുന്നു (ജാമ്യക്കാരന്‍). ഈ വായ്പ തിരിച്ചടക്കുന്നതില്‍ ആ കമ്പനി വീഴ്ച വരുത്തി. അതാണ് പുതിയ സാഹചര്യത്തിന് ഇടയാക്കിയത്.
സാഹചര്യം 2
ബഹുരാഷ്ട്ര ഐ.ടി കമ്പനിയില്‍ പ്രതിമാസം ലക്ഷത്തിലധികം ശമ്പളം ലഭിക്കുന്ന യുവ ദമ്പതികള്‍ പുതിയൊരു ഫ്ലാറ്റ് വാങ്ങാന്‍ തീരുമാനിച്ചു. സാലറി അകൗണ്ടുള്ള ബാങ്കിനെ വായ്പക്കായി സമീപിക്കുന്നു. എന്നാല്‍ അവരുടെ അപേക്ഷ ബാങ്ക് നിരസിച്ചു. അന്വേഷിച്ചപ്പോള്‍, ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതാണ് കാരണം എന്നു കണ്ടെത്തി. അക്കൗണ്ടിൽ ചില വായ്പകള്‍ തീര്‍പ്പാക്കിയതായും കാണിക്കുന്നു. അദ്ദേഹമാണെങ്കില്‍ അതുവരെ വായ്പയൊന്നും എടുത്തിട്ടുമുണ്ടായിരുന്നില്ല. ക്രെഡിറ്റ് റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചപ്പോഴാണ് ഒരു കാര്യം മനസിലായത്. പഴയൊരു സഹപ്രവര്‍ത്തകന്‍ എടുത്ത ബാങ്ക് വായ്പക്ക് ഗാരന്ററായി നിന്നത് അദ്ദേഹമാണ്. പഴയ സുഹൃത്തിന് പിന്നീട് ജോലി നഷ്ടമായി, വായ്പാ തിരിച്ചടവ് മുടങ്ങി. അക്കൗണ്ട് നിഷ്ക്രിയ ആസ്തിയായി (എന്‍.പി.എ) ആയി മാറി. പിന്നീട് ആ സുഹൃത്ത്, ബാങ്ക് നല്‍കിയ ചില കിഴിവുകളോടെ വായ്പ അടച്ചു തീര്‍ത്തു.
സാഹചര്യം 3
ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്നും വായ്പയൊന്നും എടുത്തിട്ടില്ലാത്ത ഒരു വ്യക്തി നിലവില്‍ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ് 2016 പ്രകാരം പാപ്പരത്ത നടപടികള്‍ നേരിടുകയാണ്. ഒരു കമ്പനിയുടെ ഗാരന്ററായി അദ്ദേഹം ഒപ്പിട്ടിരുന്നു. ആ കമ്പനിയുടെ ലോണ്‍ അക്കൗണ്ട് എന്‍.പി.എ ആയി മാറി. ബാങ്കാകട്ടെ, കമ്പനിക്കെതിരെ ഒരു നടപടിയും ആരംഭിച്ചില്ല, പകരം സമൂഹത്തില്‍ ബഹുമാനിക്കപ്പെടുന്ന, സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള ഗാരന്റര്‍ക്കെതിരെയായിരുന്നു ബാങ്കിന്റെ നടപടികള്‍.
ഗ്യാരന്റി കരാറുകള്‍: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഒരു ബാങ്കര്‍ എന്ന നിലയിലുള്ള മുന്‍കാല അനുഭവങ്ങളുടെ പശ്ചാലത്തലത്തിലും ഇപ്പോള്‍ സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയിലും ഞാന്‍ കണ്ടിട്ടുള്ള നിരവധി കേസുകള്‍ ഇവിടെ പറയാനാകും. വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാതെ, ഒരു വായ്പാ ഗാരന്റര്‍ അല്ലെങ്കില്‍ സഹ വായ്പക്കാരന്‍ എന്ന നിലയില്‍ ഒരാള്‍ തന്റെ ഒപ്പ് പതിപ്പിക്കുന്നതിലൂടെ ഒരാള്‍ക്ക് ജീവിതത്തില്‍ സമാധാനവും സാമ്പത്തിക ഭദ്രതയും എങ്ങനെ നഷ്ടമാകുന്നു എന്നതിന് ഉദാഹരണങ്ങള്‍ ഏറെയുണ്ട്. നിങ്ങള്‍ ഒരു ഗാരന്ററായി കരാറില്‍ ഒപ്പുവച്ചുകഴിഞ്ഞാല്‍, നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ, കരാറിന്റെ നിബന്ധനകള്‍ക്കും നിയമത്തിന്റെ പൊതു വ്യവസ്ഥകള്‍ക്കും നിങ്ങള്‍ ബാധ്യസ്ഥരാണ്. അതിനാല്‍, ഗാരന്ററുടെ അവകാശങ്ങളും കടമകളും സംബന്ധിച്ച നിയമ വ്യവസ്ഥകളെക്കുറിച്ച് നിങ്ങള്‍ക്ക് പൊതുവായ ധാരണയുണ്ടാകണം. ഒപ്പിടുന്നതിന് മുമ്പ് രേഖകള്‍ വിശദമായി വായിക്കേണ്ടത് അത്യാവശ്യമാണ്.
നിയമ വ്യവസ്ഥകള്‍
1872ലെ ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്റ്റിന്റെ നിയന്ത്രണത്തിലുള്ള കരാറാണ് ഗാരന്റി. നിയമത്തിലെ സെക്ഷന്‍ 126 പ്രകാരം 'ഗാരന്റി കരാര്‍' എന്നത് ഒരു മൂന്നാം കക്ഷിയുടെ വാഗ്ദാനം നിറവേറ്റുന്നതിനോ അല്ലെങ്കില്‍ ബാധ്യത തീര്‍ക്കുന്നതിനോ ഉള്ള ഒരു കരാറാണ്. വായ്പയെടുക്കുന്നയാള്‍ തിരിച്ചടവില്‍ പരാജയപ്പെട്ടാല്‍ ഗാരന്റര്‍ ആ ബാധ്യത തീര്‍ക്കേണ്ടതുണ്ട്. കരാറില്‍ വ്യത്യസ്തമായി പറയാത്തിടത്തോളം, വായ്പയുടെ ബാധ്യത വായ്‌പെയുടുക്കുന്നയാള്‍ക്കും ഗാരന്റര്‍ക്കും തുല്യമാണ്. എല്ലാ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും നല്‍കുന്ന ഗാരന്റി കരാറുകളില്‍ ഇരുകക്ഷികള്‍ക്കും തുല്യബാധ്യതയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. നിയമപ്രകാരം ഒരു ബാങ്കിന് വായ്പയെടുത്തയാള്‍ക്കെതിരെ നടപടിയെടുക്കാതെ തന്നെ ഗാരന്റര്‍ക്ക് നേരെ നടപടിയെടുക്കാനാകും. ഒരു വായ്പക്ക് ഒന്നിലേറെ ഗാരന്റര്‍മാരുണ്ടെങ്കില്‍ അവര്‍ക്കെതിരെ കൂട്ടമായോ ഒരാള്‍ക്കെതിരെ ഒറ്റക്കോ നടപടിയെടുക്കാനും ബാങ്കുകളെ നിയമം അനുവദിക്കുന്നുണ്ട്. അത്തരം സാഹചര്യത്തില്‍ എളുപ്പത്തില്‍ ആരില്‍ നിന്നാണോ വായ്പാ ബാധ്യതകള്‍ ഈടാക്കാന്‍ കഴിയുന്നത് അവരെയാണ് ബാങ്കുകള്‍ തെരഞ്ഞെടുക്കുക, പൊതു നീതിയോ മാന്യതയോ ബാങ്കുകള്‍ ഇക്കാര്യത്തില്‍ പരിഗണിക്കണമെന്നില്ല. ഒരു വായ്പക്ക് ഗാരന്റി നില്‍ക്കുമ്പോള്‍, താന്‍ സ്വന്തമായി ഒരു വായ്പയെടുക്കുകയാണ്, അത് തിരിച്ചടക്കാനുള്ള ബാധ്യത തന്റേതാണ് എന്ന നിലക്കുള്ള സൂക്ഷ്മതയുണ്ടാകേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ വായ്പയെടുക്കുന്നയാളേക്കാള്‍ ഗാരന്റര്‍ സൂക്ഷിക്കേണ്ടതുണ്ട്. കാരണം, വായ്പയെടുത്തയാള്‍ തിരിച്ചടക്കുന്നത് അയാള്‍ക്ക് ബാങ്കില്‍ നിന്ന് ലഭിച്ച പണമാണ്. എന്നാല്‍ ഗാരന്റര്‍ തിരിച്ചടക്കേണ്ടി വരുന്നത് അയാള്‍ക്ക് കിട്ടാത്ത പണമായിരിക്കും. അയാളുടെ ബാധ്യത വായ്പയെടുക്കുന്നയാളെക്കാള്‍ ഒട്ടും കുറവല്ല.
പരിഹാരമെന്ത്? ആശ്വാസമെന്ത്?
കരാര്‍ നിയമം ഗാരന്റര്‍ക്ക് ചില സംരക്ഷണങ്ങള്‍ നല്‍കുന്നുണ്ട്. വായ്പയെടുത്തയാള്‍ക്കെതിരെ ബാങ്ക് നടപടികള്‍ തുടങ്ങിയെന്നത് ഗാരന്ററുടെ ബാധ്യതകളെ ഇല്ലാതാക്കുന്നില്ല. അതേസമയം, ഗാരന്ററുടെ അനുമതിയില്ലാതെ ബാങ്കും വായ്പയെടുത്തയാളും തമ്മില്‍ കരാറിലെ നിബന്ധനകളില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ ആ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള ബാധ്യതകളുടെ ഉത്തരവാദിത്വം ഗാരന്റര്‍ക്ക് ഇല്ല. വായ്പയെടുത്തയാളുടെ ബാധ്യതകള്‍ അവസാനിച്ചാല്‍ ഗാരന്ററുടെ ബാധ്യതകളും അവസാനിക്കുന്നു. വായ്പയെടുത്തയാളെ നിയമപരമായി ബാധ്യതകളില്‍ നിന്ന് മോചിതനാക്കുന്ന തരത്തില്‍ ബാങ്കിന്റെ ഭാഗത്തു നിന്ന് പിഴവുകള്‍ സംഭവിക്കുമ്പോഴും ഗാരന്ററുടെ ബാധ്യതകള്‍ ഇല്ലാതാകും. ഒന്നില്‍ കൂടുതല്‍ ഗാരന്റര്‍മാരുള്ള വായ്പകളില്‍, ഒരാളുടെ ബാധ്യതകള്‍ ബാങ്ക് ഒഴിവാക്കുന്ന സാഹചര്യത്തില്‍ മറ്റുള്ളവരുടെ ബാധ്യതകള്‍ നിലനില്‍ക്കും. ഇക്കാര്യം നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്.
ഈടിന്മേലുള്ള അവകാശം
വായ്പയെടുത്തയാള്‍ തിരിച്ചടക്കാത്ത സാഹചര്യത്തില്‍, കരാര്‍ പ്രകാരം ഗാരന്റര്‍ വായ്പാ തുക തിരിച്ചടക്കുകയാണെങ്കില്‍ ആ വായ്പയില്‍, വായ്പയെടുത്തയാള്‍ക്കെതിരെ ധനകാര്യ സ്ഥാപനത്തിനുള്ള അവകാശങ്ങള്‍ ഗാരന്റര്‍ക്ക് ലഭിക്കും. വായ്പയെടുത്തയാള്‍ ബാങ്കിന് നല്‍കിയിട്ടുള്ള ഈടിന്മേലും ഗാരന്റര്‍ക്ക് അവകാശമുണ്ടായിരിക്കും. Right of subrogation എന്നാണ് ഇത് പൊതുവില്‍ അറിയപ്പെടുന്നത്. ഗാരന്ററുടെ സമ്മതമില്ലാതെ ധനകാര്യ സ്ഥാപനം ഈട് കൈകാര്യം ചെയ്യുകയാണെങ്കില്‍ അത്തരം ഈടിന്റെ മൂല്യത്തിന്റെ പരിധി വരെ ഗാരന്റര്‍ ബാധ്യതയില്‍ നിന്ന് ഒഴിവാകും. അതിനാല്‍ വായ്പ അടക്കാനായി ബാങ്ക് ഒരു ഗാരന്ററെ വിളിക്കുകയാണെങ്കില്‍ അയാള്‍ക്ക് സബ്‌റോഗേഷന്‍ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടാവുന്നതും വായ്പക്കാരനില്‍ നിന്നും മറ്റ് സഹ ഗാരന്റര്‍മാരില്‍ നിന്നും അടച്ച തുകകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ വീണ്ടെടുക്കാന്‍ ശ്രമിക്കാവുന്നതുമാണ്.
പകരക്കാരന്റെ വെല്ലുവിളികള്‍
സബ്‌റോഗേഷന്‍ ചട്ടപ്രകാരം ഗാരന്റര്‍ക്ക് അവകാശങ്ങൾ ഉണ്ടെങ്കിലും ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റസി കോഡ് 2016 ( Insolvency and Bankruptcy Code 2016) പ്രകാരം ചില തടസങ്ങള്‍ നേരിടുന്നുണ്ട്. ഇത് സംബന്ധിച്ച സുപ്രീംകോടതിയുടെ ഒരു വിധി സുപ്രധാനമാണ്. ഗാരന്ററും ധനകാര്യസ്ഥാപനവും തമ്മിലുള്ള കരാര്‍ വായ്പയെടുക്കുന്നയാളുടെ പരിഹാര പ്രക്രിയകളില്‍ നിന്ന് സ്വതന്ത്രമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. അതായത്, ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റസി കോഡ് 2016 പ്രകാരം ഒരാളുടെ വായ്പയിൽ ഒരു റെസലൂഷന്‍ പ്ലാന്‍ അംഗീകരിച്ചാലും ബാങ്കും ഗാരന്ററും തമ്മിലുള്ള കരാര്‍ നിലനില്‍ക്കും. വായ്പാ തുക വീണ്ടെടുക്കാന്‍ ഗാരന്റര്‍ക്കെതിരെ ബാങ്കിന് നീക്കം നടത്താം. വായ്പയെടുത്തയാള്‍ ബാങ്കുമായി ഒരു ഒത്തുതീര്‍പ്പ് പദ്ധതിയുണ്ടാക്കിയാലും അയാളുടെ കടം തീര്‍ക്കാനുള്ള ബാധ്യത ഗാരന്റര്‍ക്ക് വരും. അതിനാല്‍ വായ്പകള്‍ക്ക് ഗാരന്ററാകുന്നതിന് മുമ്പ് ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റസി കോഡിനെ കുറിച്ച് കൂടി മനസിലാക്കണം.
മുന്‍കരുതലുകള്‍ എടുക്കാം
വ്യക്തിപരവും വാണിജ്യപരവുമായ, ഒഴിവാക്കാന്‍ പറ്റാത്ത സാചര്യങ്ങളില്‍ വായ്പകള്‍ക്ക് ഗാരന്റി നല്‍കേണ്ട അവസ്ഥകള്‍ വരാം. ബാധ്യതകളെ പൂര്‍ണമായും ഒഴിവാക്കി കൊണ്ട് ഒരു ഗാരന്റര്‍ ആകാന്‍ കഴിയില്ല. അതു കൊണ്ട്, നിങ്ങളുടെ സാമ്പത്തിക സ്ഥിതി, സാമൂഹിക നില, ക്രെഡിറ്റ് സ്‌കോര്‍ സംരക്ഷണം എന്നിവ സംരക്ഷിക്കുന്നതിന് ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1. നിങ്ങള്‍ എടുക്കുന്ന റിസ്‌കിനെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടാകണം. താങ്ങാവുന്ന റിസ്‌ക് മാത്രം എടുക്കുക.
2. ഒരു ഗാരന്റര്‍ എന്ന നിലയില്‍ നിങ്ങളുടെ വിവിധ അവകാശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക.
3. വായ്പയെടുക്കുന്നയാളുമായും മറ്റ് ഗാരന്റര്‍മാരുമായും പ്രത്യേക കരാറുകള്‍ ഉണ്ടാക്കുക. ഇത് നിങ്ങള്‍ക്ക് സംരക്ഷണവും നിയമപരമായ പരിഹാരങ്ങളും നല്‍കിയേക്കാം.
4. വായ്പയെടുക്കുന്നയാളുടെ സാമ്പത്തിക സ്ഥിതി ഇടക്കിടെ വിലയിരുത്തുക
5. വായ്പ തിരിച്ചടക്കുന്നുണ്ടോ എന്ന് ഇടക്കിടെ പരിശോധിക്കുക.
6. വായ്പയെടുക്കുന്നയാളുടെ സാമ്പത്തിക രീതികളും ക്രെഡിറ്റ് അച്ചടക്കവും വിലയിരുത്തുക.
7. ആവശ്യമെങ്കില്‍ ധനകാര്യ സ്ഥാപനവുമായി ഇടക്കിടെ ബന്ധപ്പെടുക.
8. ഒരു തുന്നല്‍ ഒമ്പത് തുന്നലുകള്‍ ലാഭിക്കുന്നുവെന്നാണ് പഴമൊഴി. വായ്പയെടുത്തയാളുടെ സാമ്പത്തിക ആരോഗ്യത്തില്‍ എന്തെങ്കിലും തകര്‍ച്ചയോ തിരിച്ചടവുകളില്‍ പിഴവുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍, വായ്പ പുനഃക്രമീകരിക്കല്‍ അല്ലെങ്കില്‍ കടം പരിഹരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിന് വേണ്ടി സജീവമായി ഇടപെടുക. വായ്പ എടുക്കുന്നയാളുടെ പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിരത, സാമൂഹിക സ്ഥിതി, ക്രെഡിറ്റ് സ്‌കോര്‍ എന്നിവയില്‍ ഗുരുതരമായ സ്വാധീനം ചെലുത്തുമെന്ന് ഓര്‍ക്കുക. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഗാരന്റര്‍മാര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാനും കഴിയും.
9. പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെങ്കില്‍ വിദഗ്ധരില്‍ നിന്ന് പ്രൊഫഷണല്‍ സഹായം തേടുക.