മികച്ച പ്രകടനവുമായി എല്‍.ഐ.സി യുടെ അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ട്, പോളിസി വില്‍പ്പനയിലും ലാഭത്തിലും നേട്ടം
ലൈഫ് ഇൻഷുറൻസ് ബിസിനസിൽ എൽ.ഐ.സി രാജ്യത്ത് മാർക്കറ്റ് ലീഡറായി തുടരുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എല്‍.ഐ.സി) 2025 സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ പ്രകടനം സംബന്ധിച്ച അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടു.
2024 സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 18,082 കോടി രൂപയാണ്. 2023 സെപ്റ്റംബർ 30 ന് അവസാനിച്ച അർദ്ധ വർഷത്തിൽ 17,469 കോടി രൂപയായിരുന്നു എല്‍.ഐ.സി യുടെ നികുതിക്ക് കിഴിച്ചുള്ള ലാഭം. 3.51 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.
ലൈഫ് ഇൻഷുറൻസ് ബിസിനസിൽ എൽ.ഐ.സി രാജ്യത്ത് മാർക്കറ്റ് ലീഡറായി തുടരുകയാണ്. ഒന്നാം വർഷ പ്രീമിയം വരുമാനത്തിന്റെ (FYPI) അടിസ്ഥാനത്തില്‍ 2024 സെപ്‌റ്റംബർ 30 ന് അവസാനിച്ച അർദ്ധ വർഷത്തിൽ 61.07 ശതമാനം മാര്‍ക്കറ്റ് വിഹിതമാണ് എല്‍.ഐ.സി ക്കുളളത്. 2023 സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ മാര്‍ക്കറ്റ് ഷെയര്‍ 58.50 ശതമാനം ആയിരുന്നു.
പ്രീമിയം വരുമാനത്തില്‍ 13.56% വളർച്ച
2024 സെപ്‌റ്റംബർ 30 ന് അവസാനിച്ച ആറ് മാസ കാലയളവിലെ മൊത്തം പ്രീമിയം വരുമാനം 2,33,671 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 2,05,760 കോടി രൂപയായിരുന്നു. പ്രീമിയം വരുമാനത്തില്‍ 13.56 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.
കഴിഞ്ഞ ആറ് മാസ കാലയളവിൽ വ്യക്തിഗത വിഭാഗത്തിൽ മൊത്തം 91,70,420 പോളിസികളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 80,60,725 പോളിസികൾ ആയിരുന്നു. 13.77 ശതമാനം വളർച്ചയാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ മാർക്കറ്റ് ഷെയർ, പ്രീമിയം തുടങ്ങിയ എല്ലാ ബിസിനസ് പാരാമീറ്ററുകളിലും എൽ.ഐ.സി ക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചതായി സി.ഇ.ഒ യും എം.ഡി യുമായ സിദ്ധാർത്ഥ് മൊഹന്തി പറഞ്ഞു. മാര്‍ക്കറ്റ് ഷെയര്‍ ഉയര്‍ത്താന്‍ സാധിച്ചത് വലിയ നേട്ടമായാണ് കണക്കാക്കുന്നത്.
ഓഹരി പങ്കാളികളുടെ പിന്തുണയോടെ ഇൻഷുറൻസ് വിപണിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും മൊഹന്തി പറഞ്ഞു.