ഭയമല്ല, ജാഗ്രതയാണ് വേണ്ടത്; 'ഡിജിറ്റല്‍ അറസ്റ്റു'കള്‍ നേരിടാന്‍ വഴിയുണ്ട്
തട്ടിപ്പ് കോളുകള്‍ ലഭിച്ചാല്‍ ശാന്തരായി കൈകാര്യം ചെയ്യേണ്ടത് സുപ്രധാനം
ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡല്‍ഹിയിലെ ഒരു യുവാവിന് പോലീസില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു ഫോണ്‍കോള്‍ വന്നത് കഴിഞ്ഞ മാസമാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും അറസ്റ്റ് വാറണ്ട് പുറപ്പിടുവിക്കുകയാണ് എന്നുമായിരുന്നു ആ അജ്ഞാത ഫോണ്‍ കോളിന്റെ ഉള്ളടക്കം. പരിഭ്രാന്തനായ ആ ചെറുപ്പക്കാരൻ പിന്നീട് ചെയ്ത കാര്യങ്ങളെല്ലാം യാന്ത്രികമായിരുന്നു. അജ്ഞാതന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അയാള്‍ അനുസരിക്കുന്നു. വ്യക്തിഗത വിവരങ്ങളുടെ പരിശോധിക്കാനായി ചെറുപ്പക്കാരന്റെ ബാങ്ക് വിവരങ്ങള്‍ ആ തട്ടിപ്പുകാരന്‍ വാങ്ങുന്നു. തുടര്‍ന്ന് ഫോണിലേക്ക് വന്ന ഒ.ടി.പി ഈ യുവാവ് ഷെയര്‍ ചെയ്യുന്നു. നിമിഷങ്ങള്‍ക്കകം യുവാവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെടുന്നു. ഈ യുവാവിന്റേത് ഒറ്റപ്പെട്ട അനുഭവമല്ല. സൈബര്‍ തട്ടിപ്പുകള്‍ പല വിധത്തില്‍ വ്യാപകമാകുന്ന വിവരങ്ങളാണ് അനുദിനം പുറത്ത് വരുന്നത്.
തുടരുന്ന 'ഡിജിറ്റല്‍ അറസ്റ്റു'കള്‍
സൈബര്‍ പോലീസ് നിരന്തരം ബോധവല്‍ക്കരണം നടത്തുന്നുണ്ടെങ്കിലും 'ഡിജിറ്റല്‍ അറസ്റ്റ്' പരമ്പരകള്‍ തുടരുകയാണ്. കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ഭീഷണി മുഴക്കി മണിക്കൂറുകളോളം ഡിജിറ്റലായി ചോദ്യം ചെയ്ത ശേഷം പണം തട്ടുന്ന സംഘങ്ങള്‍ക്ക് കുറവില്ല. ഒരു പോലീസ് ഓഫീസറുടെയോ ജഡ്ജിയുടെയോ വേഷത്തില്‍ വീഡിയോ കോളില്‍ എത്തി നടത്തുന്ന തട്ടിപ്പുകള്‍ക്ക് 'ഔദ്യോഗിക' സ്വഭാവമുണ്ടാക്കാന്‍ പലപ്പോഴും തട്ടിപ്പുകാര്‍ക്ക് കഴിയുന്നുണ്ട്. യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കുന്ന പോലീസ് സ്‌റ്റേഷന്‍, കോടതി മുറി എന്നിവയാണ് ഇവര്‍ വീഡിയോയില്‍ ഒരുക്കുന്നത്. പോലീസ് യൂണിഫോം, കേസ് ഡയറികള്‍ തുടങ്ങിയ ദൃശ്യങ്ങള്‍ കണ്ട് ഇത് ഒറിജിനലാണെന്ന് കരുതി ഇരകള്‍ തട്ടിപ്പിന് വഴങ്ങുന്നതാണ് ഇതുവരെയുള്ള അനുഭവം.
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് കേസുകളില്‍, വിളിക്കുന്നയാള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കും. അയാള്‍ ഒരു ഉദ്യോഗസ്ഥനാണെന്ന് തോന്നിപ്പിക്കും. ഒരു വ്യാജ ബാഡ്ജ് നമ്പറോ കേസ് റഫറന്‍സോ പോലും നല്‍കിയേക്കാം. കൂടുതല്‍ ബോധ്യപ്പെടുത്താന്‍, അവര്‍ ഔദ്യോഗിക ഭാഷ ഉപയോഗിച്ചേക്കാം. ബാങ്ക് വിവരങ്ങള്‍ നല്‍കിയാല്‍ മാത്രമേ അറസ്റ്റ് ഒഴിവാക്കാനാവൂ എന്ന് അവര്‍ പറയാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍, നിങ്ങളുടെ ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ ഒ.ടി.പികള്‍ പോലെയുള്ള സുപ്രധാന വിവരങ്ങള്‍ അവര്‍ ആവശ്യപ്പെടുന്നു. നിങ്ങള്‍ മടിക്കുകയാണെങ്കില്‍, ഉടനടി അറസ്റ്റ് അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അവര്‍ നിങ്ങളെ ഭീഷണിപ്പെടുത്തിയേക്കാം.
ഇരകളാകുന്നത് ആരെല്ലാം?
മാനസികമായി ദുര്‍ബലരായ ആളുകളാണ് ഇത്തരം തട്ടിപ്പുകളുടെ പ്രധാന ഇരകള്‍. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇരകളെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ഇത്തരം സംഘങ്ങളുടെ പ്രധാന രീതി. ചിന്തിക്കാന്‍ പോലും സമയം നല്‍കാതെ സമ്മര്‍ദ്ദത്തിലാക്കും. എന്നാല്‍ ചില മുന്‍ കരുതലുകളിലൂടെ ഈ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാനാകും. ബാങ്ക് വിശദാംശങ്ങള്‍ക്കായി പോലീസ് ഒരിക്കലും നിങ്ങളെ വിളിക്കില്ലെന്നാണ് ആദ്യം മനസിലാക്കേണ്ടത്. നിയമം നടപ്പിലാക്കുന്ന ഏജന്‍സികള്‍ ഫോണിലൂടെ വിളിച്ച് ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തില്ല. യഥാര്‍ത്ഥ അന്വേഷണങ്ങള്‍ക്ക് ഒരു നിയമപ്രക്രിയയുണ്ട്. മാത്രമല്ല, ഔപചാരികമായ നോട്ടീസുകള്‍ മുന്‍കൂട്ടി നല്‍കാറുണ്ട്. പെട്ടെന്നുള്ള ഫോണ്‍ കോളുകളിലൂടെ ഇത്തരം വിവരങ്ങള്‍ കൈമാറില്ല.
പ്രതിസന്ധി ഘട്ടത്തില്‍ ചെയ്യേണ്ടത്
നിങ്ങള്‍ക്ക് അത്തരമൊരു കോള്‍ ലഭിക്കുകയാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് ശാന്തരാകുകയാണ്. വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ നല്‍കരുത്. ഉടന്‍ ഫോണ്‍ കട്ട് ചെയ്ത് നിങ്ങളുടെ ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് വിവരം അറിയിക്കുക. നിങ്ങള്‍ക്ക് എതിരെ എന്തെങ്കിലും യഥാര്‍ത്ഥ അന്വേഷണം ഉണ്ടോ എന്നും പരിശോധിക്കാവുന്നതാണ്. സുപ്രധാന വിവരങ്ങള്‍ ചോദിക്കുന്ന കോളര്‍മാരെ സംശയത്തോടെ തന്നെ കാണണം. ബാങ്കുകളോ സര്‍ക്കാര്‍ ഏജന്‍സികളോ ഉള്‍പ്പെടെയുള്ള നിയമാനുസൃതമായ ഒരു സ്ഥാപനവും നിങ്ങളുടെ ഒ.ടി.പിയോ പാസ്‌വേഡോ ഫോണിലൂടെ ആവശ്യപ്പെടില്ല. ഈ തട്ടിപ്പുകളെക്കുറിച്ച് സ്വയം ബോധവാന്‍മാരാകേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഫോണില്‍ കോള്‍ബ്ലോക്കിംഗ് ഫീച്ചറുകള്‍ ഉപയോഗിക്കാം. അജ്ഞാതമോ സംശയാസ്പദമോ ആയ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ക്ക് മറുപടി നല്‍കുന്നത് ഒഴിവാക്കുക. കോളിനിടയില്‍ ഒരിക്കലും സ്വകാര്യ വിവരങ്ങള്‍ പങ്കിടരുത്. പകരം, വിളിക്കുന്നയാളുടെ പേര്, വകുപ്പ്, ഫോണ്‍ നമ്പര്‍ എന്നിവ ആവശ്യപ്പെടുക. ഈ വിശദാംശങ്ങള്‍ നല്‍കാന്‍ യഥാര്‍ത്ഥ ഉദ്യോഗസ്ഥര്‍ മടിക്കില്ല. തട്ടിപ്പുകാരാണെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ചോദിച്ചാല്‍ അവര്‍ കുപിതരാകുന്നതും കാണാം. ചിന്തിച്ചും ജാഗ്രതയോടെയും ഇത്തരം വ്യാജ കോളുകളെ കൈകാര്യം ചെയ്താല്‍ സാമ്പത്തിക നഷ്ടവും മാനസിക സമ്മര്‍ദ്ദവും ഒഴിവാക്കാനാകും.