പണമിടപാടുകളില്‍ ആദായ നികുതി വകുപ്പിന്റെ കണ്ണുണ്ട്; പരിധി വിട്ടാല്‍ പിഴ വീഴും

പണമിടപാട് കുറക്കാനും ചെക്ക്, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂട്ടാനുമാണ് നിയന്ത്രണങ്ങള്‍

Update:2024-12-13 16:00 IST

ബാങ്ക് വഴിയുള്ള പണമിടപാടുകള്‍ക്ക് പല വിധത്തിലുള്ള പരിധികളാണ് നിലവിലുള്ളത്. ഇടപാടുകളിലെ സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ആദായനികുതി നിയമപ്രകാരം ഈ പരിധികള്‍ നിശ്ചയിച്ചിരിക്കുന്നത്. പണം അടക്കല്‍, പിന്‍വലിക്കല്‍, വായ്പ, നിക്ഷേപം തുടങ്ങി വിവിധ ഇടപാടുകള്‍ക്ക് വ്യത്യസ്ത രീതിയിലുള്ള പരിധികളാണ് നിശ്ചയിച്ചിട്ടുള്ളത്. ഇവ ലംഘിക്കുന്നത് പിഴ ലഭിക്കാന്‍ കാരണമാകും.

ഒരു ദിവസം 10,000 രൂപ

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 40എ(3) പ്രകാരം ബിസിനസ് ആവശ്യാര്‍ത്ഥം നികുതിയിളവ് ലഭിക്കാവുന്ന പണമായി 10,000 രൂപയില്‍ കൂടുതല്‍ ഒരു വ്യക്തിക്ക് ബാങ്ക് വഴി നല്‍കാനാവില്ല. അതില്‍ കൂടുതലുള്ള ഇടപാടുകള്‍ നികുതി കിഴിവിനായി ക്ലെയിം ചെയ്യാനാകില്ല, ഇത് നികുതി വിധേയമായ വരുമാനവും നികുതി ബാധ്യതയും വര്‍ദ്ധിപ്പിക്കും. അതേസമയം, ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടര്‍മാര്‍ക്ക് പ്രതിദിന പേയ്‌മെന്റിനുള്ള പരിധി 35,000 രൂപയായി ഇളവ് ചെയ്തിട്ടുണ്ട്. നിര്‍ദ്ദിഷ്ട മേഖലകളിലെ ബിസിനസിന്റെ സ്വഭാവത്തിനനുസരിച്ചാണ് ഈ ഇളവ് നല്‍കിയിരിക്കുന്നത്. എന്നാല്‍ വന്‍ തുകകളുടെ ഇടപാടുകള്‍ക്ക് അവര്‍ക്കും നിയന്ത്രണങ്ങളുണ്ട്.

വായ്പകളുടെ തിരിച്ചടവ്

ഐടി ആക്ടിലെ സെക്ഷന്‍ 269ടി പ്രകാരം ഒരു വ്യക്തി വായ്പകളിലേക്കോ നിക്ഷേപത്തിലേക്കോ 20,000 രൂപയില്‍ കൂടുതല്‍ പണമായി അടക്കുന്നതിനും വിലക്കുണ്ട്. അതേസമയം, ചെക്ക് വഴിയോ ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെയുള്ള തിരിച്ചടവുകള്‍ക്ക് ഈ പരിധി ബാധകമല്ല. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കിംഗ് കമ്പനികള്‍, പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയുമായുള്ള ഇടപാടുകള്‍ക്കും ഈ നിയമം ബാധകമല്ല. ബാങ്കുകള്‍ക്ക് വേണ്ടി ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്ന ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ക്കും ഈ പരിധിയില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഈ നിയമം ചില മേഖലകളില്‍ ഇളവുകള്‍ നല്‍കുന്നതിനൊപ്പം നേരിട്ടുള്ള പണമിടപാടുകളെ പരമാവധി നിരുല്‍സാഹപ്പെടുത്തുന്നു.

സംഭാവനകള്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്കോ 2,000 രൂപയില്‍ കൂടുതലുള്ള സംഭാവനകള്‍ ചെക്ക് വഴിയോ ഡിജിറ്റല്‍ പേയ്‌മെന്റായോ നല്‍കണമെന്ന് ഐ.ടി നിയമം 80ജിജിഎ, 13എ എന്നീ വകുപ്പുകളില്‍ പറയുന്നു. രാഷ്ട്രീയ, ചാരിറ്റബിള്‍ ഫണ്ടിംഗില്‍ സുതാര്യത വര്‍ധിപ്പിക്കാന്‍ വേണ്ടിയാണിത്.

വായ്പയെടുക്കുന്നതിന്റെ പരിധി

സെക്ഷന്‍ 269എസ്.എസ് പ്രകാരം 20,000 രൂപയോ അതില്‍ കൂടുതലോ പണമായി വായ്പയോ നിക്ഷേപമോ സ്വീകരിക്കുന്നത് വിലക്കുന്നു. അത്തരം വായ്പകളോ നിക്ഷേപങ്ങളോ അക്കൗണ്ടിലേക്കുള്ള ചെക്ക്, ബാങ്ക് ഡ്രാഫ്റ്റ് അല്ലെങ്കില്‍ ഇലക്ട്രോണിക് ക്ലിയറിംഗ് സിസ്റ്റം (ഇ.സി.എസ്) വഴി സ്വീകരിക്കണമെന്നാണ് നിയമം. 20,000 രൂപയില്‍ കൂടുതലുള്ള വായ്പകളുടെയും നിക്ഷേപങ്ങളുടെയും തിരിച്ചടിനും ഈ നിയന്ത്രണങ്ങളുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കിംഗ് കമ്പനികള്‍, സഹകരണ ബാങ്കുകള്‍, ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഈ ചട്ടത്തില്‍ ഇളവുണ്ട്.

50,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍

ഒരു ദിവസം 50,000 രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങളോ പിന്‍വലിക്കലുകളോ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നടക്കുന്നത് നിയമവിരുദ്ധമാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10,00,000 രൂപ കവിയുന്നതും ആദായനികുതി വകുപ്പിന്റെ നടപടികള്‍ക്ക് ഇടവരുത്താം. ഇത്തരം ഇടപാടുകള്‍ ആദായ നികുതി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പണം ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ ആദായനികുതി നിയമങ്ങള്‍ അനുസരിക്കുന്നതിനും പിഴകള്‍ ഒഴിവാക്കുന്നതിനും ഈ പരിധികള്‍ മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

പരിധി കവിഞ്ഞാല്‍ പിഴ

ആദായനികുതി നിയമം നിശ്ചയിച്ചിട്ടുള്ള പണമിടപാട് പരിധികള്‍ കവിയുന്നത് വലിയ പിഴകള്‍ക്ക് ഇടയാക്കും. 10,000 രൂപയില്‍ കൂടുതലുള്ള പണച്ചെലവുകള്‍ക്ക് സെക്ഷന്‍ 40എ(3) പ്രകാരം, അനുവദനീയമല്ലാത്ത ചിലവുകള്‍ നികുതി വിധേയമായ വരുമാനത്തില്‍ നിന്ന് കുറക്കാന്‍ കഴിയില്ല. ഇത്തരത്തില്‍ നിയമം ലംഘിച്ചാല്‍ അതിന് തുല്യമായ തുകയാണ് പിഴയായി ഈടാക്കുക. രാഷ്ട്രീയ പാര്‍ട്ടി, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് 2,000 കൂടുതല്‍ പണമായി നല്‍കുന്ന സംഭാവനകള്‍ക്കും നികുതി കിഴിവുകള്‍ ലഭിക്കില്ല.

Tags:    

Similar News