ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് ലാഭകരമാകുന്നു, ചെറിയ വായ്പകള്‍ നല്‍കാനൊരുങ്ങുന്നു

2021-22 ല്‍ നഷ്ടം 169 കോടി രൂപ, കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ വരുമാനത്തില്‍ 100% വളര്‍ച്ച

Update:2023-04-28 17:00 IST

Image:@india post payment banks/fb

രാജ്യത്തെ 1,55,000 പോസ്റ്റ് ഓഫീസ് ശൃംഖലയിലൂടെ ബാങ്കിംഗ് സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ട് 2018 ല്‍ ആരംഭിച്ച ഇന്ത്യ പോസ്റ്റ് സേവിംഗ്‌സ് ബാങ്ക് 2022-23 ല്‍ ലാഭകരമാകുമെന്ന് സി.ഇ.ഒ ജെ വെങ്കട് രാമു ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ലാഭവും നഷ്ട്ടവും ഇല്ലാതെ

2024-25 ല്‍ ലാഭവും നഷ്ട്ടവും ഇല്ലാത്ത അവസ്ഥ കൈവരിക്കുമെന്നാണ് നേരത്തെ കരുതിയിരുന്നതെന്ന് ജെ വെങ്കട് രാമു പറഞ്ഞു. 2020-21 ല്‍ 335 കോടി രൂപയുടേയും, 2021-22 ല്‍ 169 കോടി രൂപയുടേയും നഷ്ടം രേഖപ്പെടുത്തി. ആദ്യ അഞ്ചു വര്‍ഷത്തില്‍ സാങ്കേതിക സംവിധാനങ്ങള്‍ക്കും പുതിയ നിയമനങ്ങള്‍ക്കും ചെലവ് കൂടുതലായിരുന്നവെന്നും അദ്ദേഹം പറഞ്ഞു.

വരുമാനം ഇങ്ങനെ

2022-23 ല്‍ വരുമാനം 755 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കറണ്ട്, സേവിംഗ്‌സ് നിക്ഷേപങ്ങള്‍ 6300 കോടി രൂപയായിട്ടുണ്ടെന്നും ജെ വെങ്കട് രാമു പറഞ്ഞു. നിക്ഷേപങ്ങളായി സ്വീകരിക്കുന്നത് ബാങ്കുകളില്‍ നിക്ഷേപിച്ച് 1-2 ശതമാനം ആദായമാണ് ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്കിന് ലഭിക്കുന്നത്. ഇത് കൂടാതെ ഫീസ് ഈടാക്കുന്ന സേവനങ്ങള്‍ വര്‍ധിപ്പിച്ചും വരുമാനം കൂട്ടാന്‍ സാധിച്ചു. വ്യാപാരികള്‍ക്ക് നല്‍കുന്ന റുപേ ഡെബിറ്റ് കാര്‍ഡ്, യു.പി.ഐ സേവനങ്ങള്‍ എന്നിവയില്‍ നിന്നാണ് ഫീസ് വരുമാനം ലഭിക്കുന്നത്. മൊത്തം വരുമാനത്തില്‍ പേമെന്റ്‌സ് ബാങ്കിംഗ് ബിസിനസില്‍ നിന്ന് 70 ശതമാനവും, ഫീസ് ഇനത്തില്‍ 30 ശതമാനം വരുമാനം ലഭിക്കുന്നുണ്ട്.

ബിസിനസ് വിപുലീകരിക്കാനായി 10,000 മുതല്‍ 5 ലക്ഷം രൂപവരെ വായ്പകള്‍ നല്‍കാനായി റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയിട്ടുണ്ട്. വിവിധ ബാങ്കുകളുമായി സഹകരിച്ച് വായ്പ, ഇന്‍ഷുറന്‍സ് വിതരണം നടത്താനും ഇന്ത്യ പോസ്റ്റ് ബാങ്ക് ലക്ഷ്യമിടുന്നതായി ജെ വെങ്കട് രാമു വ്യക്തമാക്കി.

Tags:    

Similar News