മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസിന്റെ അറ്റാദായത്തില്‍ വര്‍ധന

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൊത്തവരുമാനവും വര്‍ധിച്ചു

Update: 2023-02-25 07:32 GMT

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനിയായ മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസിന്റെ (എംസിഎസ്എല്‍) അറ്റാദായം 2022 ഡിസംബര്‍ 31 ന് അവസാനിച്ച 9 മാസക്കാലയളവില്‍ 52 കോടിയായി.

ഓഡിറ്റു ചെയ്യാത്ത കണക്കുകളനുസരിച്ച് ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായം മുന്‍ വര്‍ഷത്തെ ഇക്കാലയളവിലെ 4.52 കോടിയില്‍ നിന്ന് 335% വര്‍ധിച്ച് 19.66 കോടിയായി. മൊത്തവരുമാനം 93.01 കോടിയില്‍ നിന്ന് 21% വര്‍ധിച്ച് 112.8 കോടിയുമായി.

വായ്പാതുക

ഡിസംബര്‍ 31 ന് അവസാനിച്ച 9 മാസക്കാലയളവിലെ അറ്റാദായം മുന്‍വര്‍ഷത്തെ ഇക്കാലയളവിലെ 18.32 കോടിയില്‍ നിന്ന് 385% വര്‍ധിച്ച് 52.27 കോടിയായി. വായ്പയായി നല്‍കിയ തുക വാര്‍ഷികനിരക്കില്‍ നോ്ക്കുമ്പോള്‍ 779 കോടിയില്‍ നിന്ന് 32% വര്‍ധിച്ച് 1030 കോടിയായി. കമ്പനി മാനേജ് ചെയ്യുന്ന മൊത്തം ആസ്തികളുടെ വലിപ്പം (അസറ്റ്സ് അണ്ടര്‍ മാനേജ്മെന്റ് - എയുഎം) 4.6 കോടിയുടെ ഡിഎ പോര്‍ട്ഫോളിയോ ഉള്‍പ്പെടെ 2141 കോടിയുമായി. പ്രതി ഓഹരി വരുമാനം (ഇപിഎസ്) 11.37 രൂപയില്‍ നിന്ന് 32.05 രൂപയായി.

ഇരുചക്രവാഹന വിപണി

ഇരുചക്രവാഹനവിപണയുടെ വളര്‍ച്ചയ്ക്കൊപ്പം മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് സുസ്ഥിരമായ വളര്‍ച്ച കാട്ടിയെന്ന് സാമ്പത്തികഫലങ്ങളെപ്പറ്റി സംസാരിക്കവെ മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് എംഡി തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. 'എല്ലാ തുറകളിലും കമ്പനി മുന്നേറി. വരുമാനം മികച്ചതായതോടൊപ്പം ലാഭക്ഷമത വര്‍ധിച്ചു.

റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ആര്‍ഒഇ) ഉയര്‍ന്ന ഇരട്ടഅക്കത്തിലെത്തി. പതാകവാഹകകമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ശാഖാശൃംഖല വികസിപ്പിക്കുന്നതിനോടൊപ്പം ഗുണനിലവാരമുള്ള പോര്‍ട്ഫോളിയോ ഉറപ്പുവരുത്തിയതിലൂടെയാണ് മികച്ച ഫലങ്ങള്‍ നേടാനായത്. വരുംപാദങ്ങളിലും സുസ്ഥിരമായ വളര്‍ച്ചയും ലാഭക്ഷമതയും നിലനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷ,' അദ്ദേഹം പറഞ്ഞു.

'ബിസിനസും വായ്പാ തന്ത്രങ്ങളും ഈ മേഖലയിലെ മത്സരങ്ങള്‍ കണക്കിലെടുത്ത് ക്രമീകരിച്ചു. ഗുണനിലവാരമുള്ള വായ്പകളില്‍ ഊന്നല്‍ നല്‍കി' സിഇഒ മധു അലോഷ്യസ് പറഞ്ഞു. ആസ്തികളുടെ ഗുണനിലവാരം സ്ഥിരമായി നിരീക്ഷിക്കെത്തന്നെ കമ്പനിയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ലാഭക്ഷമമായ ബിസിനസ് ഉറപ്പുവരുത്താനാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിഎഫ്ഒ രമണ്‍ദീവ് ഗില്‍ വിശദമാക്കി.


Tags:    

Similar News