ബാങ്കുകളുടെ ഓണം ഓഫര്‍ മഴ: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 30% വരെ ഡിസ്‌കൗണ്ട്‌

ആദായ നിരക്കില്‍ വായ്പകള്‍; സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന പലിശ

Update: 2023-08-17 12:36 GMT

Image courtesy: canva

ഓണക്കാലത്ത് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ വിവിധ വാണിജ്യ ബാങ്കുകള്‍ തമ്മില്‍ മത്സരമാണ്.ഏതെല്ലാം ബാങ്കുകള്‍ എന്തെല്ലാം ഓഫറുകളാണ് നല്‍കുന്നതെന്ന് അറിയാം.

സ്ഥിര നിക്ഷേപങ്ങള്‍

സ്ഥിര നിക്ഷേപങ്ങള്‍ക്ക് 0.20% അധിക പലിശ ഹൃസ്വ കാലത്തേ സ്പെഷ്യല്‍ എഡിഷന്‍ പദ്ധതിയിലൂടെ എച്ച്.ഡി.എഫ്.സി ബാങ്ക് വാഗ്ദാനം ചെയ്യുന്നു. പുതിയ പലിശ നിരക്ക് 35 മാസം മുതല്‍ 55 മാസത്തേക്ക് 7.20-7.25% ആണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് രണ്ടുകോടി രൂപവരെ ഉള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 0.5% അധിക പലിശ നല്‍കും. ഫെഡറല്‍ ബാങ്ക് ആഗസ്റ്റ് 15 മുതല്‍ സ്ഥിര നിക്ഷേപ നിരക്കുകള്‍ വര്‍ധിപ്പിച്ചു. 13 മാസ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.30%, മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.07% ലഭിക്കും. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് 7.15% പലിശ വാഗ്ദാനം ചെയ്യുന്നു.

ഡിസ്‌കൗണ്ടില്‍ ഉത്പന്നങ്ങള്‍, യാത്ര ടിക്കറ്റുകള്‍

ആഭരണങ്ങളും ഗൃഹോപകരണങ്ങളും മറ്റു ഉത്പന്നങ്ങളും വാങ്ങുമ്പോള്‍ എച്ച്.ഡി.എഫ്.സി ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 30% ഡിസ്‌കൗണ്ട് ലഭിക്കും. ഫെഡറല്‍ ബാങ്ക് വീസ കാര്‍ഡ് ഉപയോഗിച്ച് ആഭ്യന്തര വിമാന യാത്ര ടിക്കെറ്റ് ബുക്ക് ചെയ്യുമ്പോള്‍ 800 രൂപവരെ കിഴിവ് ലഭിക്കുന്നു. ഈസ് മൈ ട്രിപ്പ് പോര്‍ട്ടലില്‍ ബുക്ക് ചെയ്യുമ്പോഴാണ് ആനുകൂല്യം ലഭിക്കുന്നത്.

പൊതുമേഖല ബാങ്കായ കാനറാ ബാങ്ക് വിനോദ യാത്രക്കാരെ ആകര്‍ഷിക്കാനായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 15 മുതല്‍ 30% വരെ കിഴിവ് നല്‍കും. മെയ്ക് മൈ ട്രിപ്പ്, ഗോഇബി ബോ, ക്ലിയര്‍ ട്രിപ്പ് എന്നി പോര്‍ട്ടലുകളില്‍ നിന്ന് ബുക്ക് ചെയ്യുന്നവര്‍ക്കാണ് അനൂകൂല്യം നല്‍കുന്നത്.

ഐ.സി.ഐ.സി.ഐ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് യാത്ര ടിക്കറ്റ്, ഇലക്ട്രോണിക്‌സ്, ഓണ്‍ലൈന്‍ ഭക്ഷണം, ആരോഗ്യ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങുമ്പോള്‍ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. മണ്‍സൂണ്‍ ഓഫറായി പ്രഖ്യാപിച്ചത് ഇപ്പോഴും തുടരുന്നു. എസ് ബി ഐ യോനോ ആപ്പ് വഴി യാത്ര ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ചില ബ്രാന്‍ഡഡ് ഇലക്ട്രോണിക്‌സ് വാങ്ങുമ്പോഴും കിഴിവുകള്‍ നല്‍കുന്നുണ്ട്. ബാങ്ക് ഓഫ് ബറോഡ സ്ഥിര പലിശ നിരക്കില്‍ കാര്‍ വായ്പ നല്‍കി തുടങ്ങിയിട്ടുണ്ട്.

വായ്പകള്‍ക്കും ഓഫര്‍

വ്യക്തിഗത വായ്പകള്‍ എക്‌സ്പ്രസ്സ് കാര്‍ വായ്പകള്‍, ഇരുചക്ര വാഹന വായ്പകള്‍, സ്വര്‍ണ വായ്പകള്‍, വാണിജ്യ വാഹന വായ്പകള്‍, ട്രാക്റ്റര്‍ വായ്പ, ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, ഓഹരി, വസ്തു ഈടു നല്‍കി എടുക്കുന്ന വായ്പകള്‍ തുടങ്ങിയവയില്‍ എല്ലാം ആഗസ്റ്റ് 31 വരെ ഉപയോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കും. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓണം പ്രമാണിച്ച് പുതിയ കാര്‍ വായ്പകള്‍ 8.75% പലിശക്ക് നിരക്ക് മുതല്‍ നല്‍കുന്നു. പ്രോസസ്സിംഗ് ഫീസില്‍ 50% ഇളവും നല്‍കുന്നു. വാഹന വിലയുടെ 100% തുകയും വായ്പയായി നല്‍കും.

Tags:    

Similar News