ഒറ്റച്ചാട്ടത്തില്‍ 58,000 കടന്ന് സ്വര്‍ണവില! ഇന്ന് കൂടിയത് 640 രൂപ

ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങളും യു.എസ് പണപ്പെരുക്കണക്കിനെ കുറിച്ചുള്ള ആശങ്കകളും അന്താരാഷ്ട്ര വില ഇന്നലെ ഒരു ശതമാനത്തിനുമേല്‍ ഉയര്‍ത്തി

Update:2024-12-11 10:32 IST

വിവാഹ പര്‍ച്ചേസുകാരെയും സ്വര്‍ണാഭരണ പ്രേമികളെയും ആശങ്കയിലാക്കി സംസ്ഥാനത്ത് സ്വര്‍ണ വില വന്‍ കുതിപ്പില്‍. ഇന്ന് ഒറ്റ ദിവസം കൊണ്ട് പവന്‍ വില 640 രൂപ വര്‍ധിച്ച് 58,280 രൂപയിലെത്തി. ഗ്രാം വില 80 രൂപ ഉയര്‍ന്ന് 7,285 രൂപയുമായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വിലയില്‍ മുന്നേറ്റമുണ്ടാകുന്നത്. ഇതോടെ ഈ ആഴ്ചയിലെ മാത്രം വര്‍ധന 1,360 രൂപയാണ്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഉയരുന്നുണ്ട്. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 6,015 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വെള്ളി വില ഇന്ന് മാറ്റമില്ല. ഗ്രാമിന് 101 രൂപയില്‍ തുടരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ ഗ്രാമിന് 7,455 രൂപയും പവന് 59,640 രൂപയുമാണ് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ അധികം വൈകാതെ സ്വര്‍ണം കേരളത്തിൽ പുതിയ റെക്കോഡ് കുറിച്ചേക്കും.

രാജ്യാന്തര വില 2,700 ഡോളര്‍ കടന്നു

രാജ്യാന്തര സ്വര്‍ണ വില വീണ്ടും 2,700 ഡോളറിനു മുകളിലെത്തി. ഇന്നലെ ഔണ്‍സ് സ്വര്‍ണത്തിന് ഒരു ശതമാനത്തിലധികം വില ഉയര്‍ന്നിരുന്നു.
യു.എസിലെ നവംബറിലെ ചില്ലറവിലക്കയറ്റ കണക്ക് ഇന്ന് പുറത്തു വരുന്നതിനു മുന്നോടിയായാണ് സ്വര്‍ണത്തിന്റെ ഉയര്‍ച്ച. അടുത്തയാഴ്ച നടക്കുന്ന ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ നിരക്ക് കുറയ്ക്കാന്‍ തക്ക വിധത്തിലേക്ക് വിലക്കയറ്റം കുറയുമോ എന്നാണ് വിപണി ഉറ്റു നോക്കുന്നത്. വിലക്കയറ്റം 2.7 ശതമാനമാകുമെന്നാണ് കണക്കാക്കുന്നത്. ഒക്ടോബറിലിത് 2.6 ശതമാനമായിരുന്നു.
നാളെ ഉത്പാദന വില സൂചിക വിവരങ്ങളും പുറത്തു വരും. ഒക്ടോബറിലെ 2.4 ശതമാനത്തില്‍ നിന്ന് നവംബറില്‍ 2.5 ശതമാനമാകുമെന്നാണ് കണക്കാക്കുന്നത്. ഇരു സൂചികകളും ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തെ സ്വാധീനിക്കും. പലിശ നിരക്ക് കാല്‍ ശതമാനം കുറയ്ക്കുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷകള്‍. ഇതിനിടെ മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും സ്വര്‍ണ വിലയെ ഉയര്‍ത്താന്‍ കാരണമാകുന്നുണ്ട്.

ഒരു പവന്‍ ആഭരണത്തിന് വില

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 57,640 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ ഈ തുക മതിയാകില്ല. ഇന്നത്തെ പവന്‍ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി. 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 63,803 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.


Tags:    

Similar News