യുദ്ധം ഉയര്‍ത്തി, ഡോളര്‍ തളര്‍ത്തി, സ്വര്‍ണ വിലയില്‍ സംഭവിക്കുന്നത്

കേരളത്തില്‍ വിലക്കുറവിന് താത്കാലിക വിരാമം, വെള്ളിക്ക് ഇന്നും അനക്കമില്ല

Update:2024-12-03 10:29 IST

Image : Canva

രണ്ടു ദിവസത്തെ തുടര്‍ച്ചയായ താഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മുന്നേറ്റം. ഗ്രാം വില 40 രൂപ വര്‍ധിച്ച് 7,130 രൂപയും പവന്‍ വില 320 രൂപ ഉയര്‍ന്ന് 57,040 രൂപയുമായി.

18 കാരറ്റ്  സ്വര്‍ണ വില ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5,890 രൂപയിലാണ് വ്യാപാരം. വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാം വില 97 രൂപയില്‍ തുടരുന്നു.

ഡോളറും യുദ്ധവും 

ആഗോള രാഷ്ടീയ പ്രശ്‌നങ്ങളാണ് സ്വര്‍ണത്തെ മുന്നേറ്റത്തിലാക്കിയത്. എന്നാല്‍ ഡോളറിന്റെ മൂല്യം ഉയര്‍ന്നത് കൂടുതല്‍ വില വര്‍ധനയില്‍ നിന്നും സ്വര്‍ണത്തെ പിടിച്ചു നിറുത്തി.
വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചെന്നാരോപിച്ച് ഇസ്രായേലും ഹിസ്ബുള്ളയും വീണ്ടും ആക്രമണം ആരംഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച ലബനനിലെ നിരവധി ഹിസ്ബുള്ള ആസ്ഥാനങ്ങളിലേക്ക് ഇസ്രായേലി പട്ടാളക്കാര്‍ ആക്രമണം നടത്തി. യുദ്ധസമാന സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പൊതുവെ സ്വര്‍ണ വില ഉയരാറുണ്ട്. എന്നാൽ ഡോളർ കരുത്താർജിച്ചത് വലിയ കയറ്റത്തില്‍ നിന്ന് തടയുന്നു. സ്വർണത്തിന്റെ മൂല്യം കണക്കാക്കുന്നത് ഡോളറിലാണ്. ഡോളർ വില കൂടുമ്പോൾ മറ്റു കറന്‍സികളിൽ സ്വർണം വാങ്ങുന്നവർക്ക് കൂടുതൽ തുക നൽകേണ്ടി വരും. ഇത് ഡിമാൻഡ് കുറയ്ക്കുകയും വില ഇടിയാൻ കാരണമാകുകയും ചെയ്യും. 
യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് കുറയ്ക്കലിന് വഴി തുറക്കുന്ന യു.എസ് കണക്കുകളിലേക്കാണ് നിക്ഷേപകരുടെ ഇപ്പോഴത്തെ ശ്രദ്ധ. തൊഴില്‍ ലഭ്യത കണക്കുകൾ  ഇന്നു വരും. എ.ഡി.പി എംപ്ലോയ്‌മെന്റ് റിപ്പോര്‍ട്ട് നാളെയും പേ റോള്‍ റിപ്പോര്‍ട്ട് വെള്ളിയാഴ്ചയുമാണ് എത്തുക. ഇവയെ ആശ്രയിച്ചായിരിക്കും നിരക്ക് കുറയ്ക്കലിന്റെ ഗതി. ഡിസംബര്‍ 17-18 തീയതികളില്‍ നടക്കുന്ന യു.എസ് ഫെഡറല്‍ റിസര്‍വ് മീറ്റിംഗില്‍ കാല്‍ ശതമാനം പലിശ നിരക്ക് കുറച്ചേക്കുമെന്നാണ് നിഗമനങ്ങള്‍. അങ്ങനെയെങ്കിലും സ്വര്‍ണ വില വീണ്ടും മേലോട്ട് കുതിക്കും.

ഇന്ന് ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 57,040 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ ഈ തുക മതിയാകില്ല. ഇന്നത്തെ പവന്‍ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി. 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 61,742 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.

Tags:    

Similar News