വെറും പത്ത് മിനിറ്റില്‍ ഭക്ഷണമെത്തും, സ്വിഗിയുടെ ബോള്‍ട്ട് കേരളത്തിലും
കൊച്ചി, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം നഗരങ്ങളിലാണ് ഇപ്പോള്‍ ലഭ്യം
പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനമായ സ്വിഗിയുടെ 10 മിനിറ്റില്‍ ഭക്ഷണം ലഭ്യമാക്കുന്ന 'ബോള്‍ട്ട്' സേവനം കൊച്ചി ഉള്‍പ്പെടെ 400 നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു.
ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ന്യൂഡല്‍ഹി, മുംബൈ, പൂനെ എന്നിവിടങ്ങളിലായിരുന്നു ആദ്യം അവതരിപ്പിച്ചത്. മികച്ച പ്രതികരണം ലഭിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ കൊച്ചി, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, കോയമ്പത്തൂര്‍ എന്നിവ അടക്കം 400 നഗരങ്ങളില്‍ ലഭ്യമാക്കിയത്.
രണ്ടാം നിര മൂന്നാം നിര നഗരങ്ങളിലും സേവനം ലഭ്യമാക്കുന്നുണ്ട്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളാണ് ബോള്‍ട്ടിന് കൂടുതല്‍ വരിക്കാര്‍. ഹരിയാന, തമിഴ്‌നാട്, ഗുജറാത്ത്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലും ആവശ്യക്കാരുണ്ട്.
രണ്ടു കിലോമീറ്റര്‍ പരിധിയില്‍
ബോള്‍ട്ട് വഴിയുള്ള ഓര്‍ഡറുകള്‍ക്ക് മുന്‍ഗണന കൊടുക്കാന്‍ റസ്റ്ററന്റുകളുമായി സ്വിഗി കരാറില്‍ ഒപ്പു വച്ചിട്ടുണ്ട്. രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഓര്‍ഡറുകളാണ് ബോള്‍ട്ട് കൈകാര്യം ചെയ്യുന്നത്. ബോള്‍ട്ട് ഔട്ട്‌ലെറ്റിന് തൊട്ടടുത്തുള്ള ഡെലിവറി പാര്‍ട്ണര്‍മാര്‍ വഴി മാത്രം വിതരണം ചെയ്യുന്നതിലൂടെയാണ് വേഗത്തിലുള്ള സര്‍വീസ്വേഗത്തിലുള്ള സര്‍വീസ് ഉറപ്പാക്കുന്നത്. രുചിയിലും ഗുണമേന്മയിലും വിട്ടുവീഴ്ച ചെയ്യാതെ എത്തിക്കാനാകുന്ന വിഭവങ്ങള്‍ക്കാണ് ബോള്‍ട്ട് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്ന് സ്വിഗി പറയുന്നു. ഓരോ റസ്റ്ററന്റിന്റെയും തിരഞ്ഞെടുത്ത ചില വിഭവങ്ങള്‍ മാത്രമാണ് ഓര്‍ഡര്‍ ചെയ്യാനാകുക.
ബോള്‍ട്ടും സാധാരണ ഓര്‍ഡറും തമ്മില്‍ തിരിച്ചറിയാന്‍ ഡെലിവറി പാര്‍ട്ണര്‍മാര്‍ക്ക് സാധിക്കില്ല. ഫാസ്റ്റ് ഡെലവറിക്ക് പ്രത്യേക ആനുകൂല്യങ്ങളും നല്‍കില്ല.