വോട്ടെണ്ണല്‍ ദിനത്തില്‍ വീണ്ടും ഉയര്‍ന്ന് സ്വര്‍ണം; വെള്ളിവിലയും മേലോട്ട്
നികുതിയും പണിക്കൂലിയുമടക്കം ഇന്നത്തെ വിലയിങ്ങനെ
കഴിഞ്ഞ നാല് ദിവസത്തെ വിലക്കുറവിന്റെ ട്രെന്‍ഡിന് വിരമാമിട്ട് വോട്ടെണ്ണല്‍ ദിനത്തില്‍ കേരളത്തില്‍ സ്വര്‍ണ വില വീണ്ടും മുകളിലേക്ക്. ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 6,680 രൂപയായി. പവന് 560 രൂപ ഉയര്‍ന്ന് വില 53,440 രൂപയിലെത്തി.
വില ഇനിയും ഉയരുമോ?
അന്താരാഷ്ട്ര സ്വര്‍ണ വിലയിലുണ്ടായ മുന്നേറ്റമാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്. ഇന്നലെ ഒരു ശതമാനം ഉയര്‍ന്ന് അന്താരാഷ്ട്ര സ്വര്‍ണ വില ഔണ്‍സിന് 2,351.50 ഡോളറിലെത്തിയിരുന്നു. ഇന്ന് വില 2,346 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. അമേരിക്കയില്‍ പണപ്പെരുപ്പം താഴ്‌ന്നേക്കാമെന്നും അത് കണക്കിലെടുത്ത് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് കാലതാമസം വരുത്താതെ അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കാമെന്ന വിലയിരുത്തലുമാണുള്ളത്.
അടിസ്ഥാന പലിശ നിരക്ക് കുറയുമ്പോള്‍ കടപ്പത്രങ്ങള്‍ ആകര്‍ഷകമല്ലാതാകും. ഇത് സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് പ്രിയം കൂട്ടും, അങ്ങനെ വരുമ്പോള്‍ വിലയും കൂടാനിടയുണ്ട്.