തെറ്റായ തീരുമാനം നിങ്ങളെ വലിയ നഷ്ടത്തിലേക്ക് നയിച്ചേക്കാം! ആസ്തികള്‍ വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

മൂലധനം ഉപയോഗിച്ച് നിങ്ങള്‍ വാങ്ങുന്ന ആസ്തികള്‍ സ്ഥാപനത്തിന് അത്യാവശ്യമുള്ളവയാണോ?

Update:2024-12-25 14:16 IST

image credit : canva

ഒരു ബിസിനസിന്റെ വിജയത്തെ മറ്റുള്ളവര്‍ അളക്കുന്നത് പലപ്പോഴും പുറമേ കാണുന്ന ആസ്തികളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും. ഇത് സാധാരണ സംരംഭകരെ ചില സാമ്പത്തിക അബദ്ധങ്ങളിലേക്ക് ചെന്നെത്തിക്കാനും വഴിയൊരുക്കും.
ഒരു ഇടത്തരം പ്രൊഡക്ഷന്‍ യൂണിറ്റും ബ്രാന്‍ഡും സ്വന്തമായി ഉണ്ടായിരുന്ന സ്ഥാപനം ജോലിയുടെ ഭാഗമായി ഞങ്ങള്‍ കണ്‍സള്‍ട്ട് ചെയ്തിരുന്നു. ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത് ഒരു വാടക കെട്ടിടത്തിലായിരുന്നു. ആ കെട്ടിടത്തിന്റെ ഉടമസ്ഥനുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇതിന്റെ പ്രമോട്ടര്‍മാര്‍ സ്വന്തമായി ഒരു സ്ഥലം വാങ്ങി, കെട്ടിടത്തിന്റെ പണിയും ആരംഭിച്ചു. കുഴപ്പമില്ലാതെ ലാഭത്തില്‍ പോയിക്കൊണ്ടിരുന്ന ഈ സ്ഥാപനത്തിന്റെ ദശാബ്ദങ്ങളുടെ വരുമാനം ഒരുമിച്ച് ചേര്‍ത്താല്‍ പോലും ഇങ്ങനെ ഒരു ആസ്തി വാങ്ങാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. ഇത് മനസിലാക്കിയപ്പോള്‍ ഞങ്ങള്‍ അവരെ പറഞ്ഞു മനസിലാക്കി, തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചു.

ശരിയായ തീരുമാനം

ഞങ്ങളുടെ ഉപദേശ പ്രകാരം അവരെടുത്ത തീരുമാനം ശരിയായിരുന്നു എന്ന് അവര്‍ക്ക് പിന്നീട് ബോധ്യപ്പെട്ടു. വാങ്ങിയ സ്ഥലം മോശമല്ലാത്ത വിലയ്ക്ക് വില്‍പ്പന നടത്തിയ ശേഷം ലഭിച്ച പണം ബ്രാന്‍ഡിംഗിനും വര്‍ക്കിംഗ് ക്യാപിറ്റലിനുമായി ചെലവഴിച്ചതോടെ അത് ബിസിനസിന്റെ നല്ല വളര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്തു.
ഒരു വ്യക്തിയുടെ സാമ്പത്തിക ആസൂത്രണത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ പലപ്പോഴും കഴിയുന്നിടത്തോളം വസ്തുക്കള്‍ എത്രയും നേരത്തെ സ്വന്തമാക്കുക എന്ന ഒരു രീതിയാണ് സാമ്പ്രദായികമായി നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നത്. ഒരുസ്ഥാപനത്തിന്റെ കാര്യത്തിലും ഇതേ തന്ത്രമാണ് പലരും ആലോചിക്കാറുള്ളത്. ഒരു ബിസിനസിനെ സംബന്ധിച്ചിടത്തോളം പലപ്പോഴും സുലഭമായി ഉണ്ടാകുന്ന ഒന്നല്ല മൂലധനം. അതിനാല്‍ ഏറ്റവും പ്രധാനമായ കാര്യങ്ങള്‍ക്ക് വേണ്ടി ആയിരിക്കണം അത് ഉപയോഗിക്കേണ്ടത്.
ബിസിനസിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ മാര്‍ക്കറ്റിംഗിനും വര്‍ക്കിംഗ് ക്യാപിറ്റലിനും ഉപയോഗപ്പെടുത്തേണ്ടിയിരുന്ന മൂലധനമായിരിക്കാം പലപ്പോഴും ആസ്തികള്‍ വാങ്ങുന്നതിനായി വകമാറ്റി ചെലവഴിക്കുന്നത്. പിന്നീട് ഈ ആവശ്യങ്ങള്‍ക്കായി ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പ എടുക്കുകയോ സംരംഭത്തിന്റെ ഓഹരികള്‍ വില്‍ക്കുകയോ ചെയ്യേണ്ടി വരാറുണ്ട്. മാത്രമല്ല,ഇങ്ങനെ വാങ്ങിക്കൂട്ടുന്ന പല ആസ്തികളും കൃത്യമായി പരിപാലിക്കാനാകാതെ നശിച്ചുപോകാറുണ്ട്. ഇതിന്റെ തേയ്മാന ചെലവോ (ഡിപ്രീസ്യേഷന്‍) അനുബന്ധ നഷ്ടങ്ങളോ മിക്കപ്പോഴും കൃത്യമായി കണക്കാക്കപ്പെടാറുമില്ല.

ആസ്തി വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

സ്ഥാപനത്തിനായി ആസ്തികള്‍ വാങ്ങാന്‍ ആലോചിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ പരിഗണിക്കണം.
* സ്ഥാപനത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണോഎന്നത് പരിശോധിക്കുക.
* വലിയ ബുദ്ധിമുട്ടോ സാമ്പത്തിക നഷ്ടമോ കൂടാതെ പുറത്തുനിന്നും വാടകയ്ക്ക് കിട്ടുന്ന ഒന്നാണോ എന്നത് പഠിക്കുക.
* ഇത് വാങ്ങാന്‍ ആവശ്യമായ മൂലധനം സുലഭമായി സ്ഥാപനത്തില്‍ ഉണ്ടോ എന്നത് നോക്കുക.
*ഈ ആസ്തി കൃത്യമായി പരിപാലിക്കാന്‍ സ്ഥാപനത്തിന് എളുപ്പത്തില്‍ സാധിക്കുമോ എന്ന് നോക്കുക.
* കുറച്ചു നാളുകള്‍ക്ക് ശേഷം എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് ഇത് വില്‍ക്കേണ്ടതായി വന്നാല്‍ ഇത് സാധ്യമാണോ എന്നും അങ്ങനെ വില്‍ക്കുമ്പോള്‍ കിട്ടാവുന്ന വില എന്താണെന്നും അന്വേഷിക്കുക.
*സാങ്കേതിക വിദ്യ മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അത്തരം മാറ്റങ്ങള്‍ കൊണ്ട് ആവശ്യമില്ലാതായി പോകുന്ന ഒന്നാണോ എന്നത് പരിശോധിക്കുക.
* ടാക്‌സേഷനിലോ മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങളിലോ എന്തെങ്കിലും പ്രത്യേക ഗുണമുണ്ടോഎന്നത് പഠിക്കുക.
മേല്‍പ്പറഞ്ഞ പഠനങ്ങള്‍ക്കെല്ലാം ശേഷം ഇത്തരം ഒരു തീരുമാനം സാമ്പത്തികമായും തന്ത്രപരമായും സ്ഥാപനത്തിന് ഗുണം ചെയ്യും എന്ന് ഉറപ്പുണ്ടായാല്‍ ഇതുമായി മുന്നോട്ടു പോകാം. ഇത്തരമൊരു തീരുമാനം കൊണ്ട് വളര്‍ച്ചയ്ക്ക് ആവശ്യമായ മറ്റൊന്നും സാധിക്കുന്നില്ല എന്നതും ഉറപ്പാക്കാം.ആസ്തികള്‍ കുറഞ്ഞ മാതൃകക്ക് പ്രസക്തിയേറുന്ന കാലഘട്ടമാണിത്. മാറുന്ന കാലത്തിനൊത്ത് മെയ്‌വഴക്കത്തോടെ മാറ്റങ്ങള്‍ക്കായി തയാറായിരിക്കാം. ഭാരക്കുറവുള്ളൊരു പക്ഷിക്ക് ഉയരങ്ങളിലേക്ക് പറക്കാനും ദൂരങ്ങള്‍ താണ്ടാനും എളുപ്പമാണെന്ന് ഓര്‍ക്കുക.
Tags:    

Similar News