ഇങ്ങനെ ചെയ്താല്‍ ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍ വേഗത്തിലാക്കാം, ഇല്ലെങ്കില്‍ കാത്തിരിപ്പ് ഒരു വര്‍ഷത്തിലധികം
എക്‌സ്പഡിറ്റഡ് ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷനെക്കുറിച്ച് കൂടുതലറിയാം
ഒരു പേര് ട്രേഡ്മാര്‍ക് ചെയ്ത് സംരക്ഷിക്കാനായി സാധാരണഗതിയില്‍ ഒരു വര്‍ഷത്തിലധികം കാത്തിരിക്കണം. ഇത് പലപ്പോഴും സംരംഭകര്‍ക്ക് വലിയൊരു പ്രയാസം സൃഷ്ടിക്കാറുണ്ട്. കൂടുതലായും ഒത്തിരി തുക നിക്ഷേപിച്ച് ബിസിനസ് ചെയ്യുന്നവര്‍ക്ക്, അവരുടെ ബ്രാന്‍ഡിന്റെ പേരിന് പിന്നീട് നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അത് വലിയ നഷ്ടത്തിലേക്കായിരിക്കും നയിക്കുന്നത്. ഇതിന് പരിഹാരമായി 2018 ല്‍ എക്‌സ്പഡിറ്റഡ് ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ (Expedited Trademark Registration) എന്ന സമ്പ്രദായം സര്‍ക്കാര്‍ നടപ്പാക്കി.
അതായത്, ഈ രീതിയില്‍ ഒരു ട്രേഡ്മാര്‍ക്കിന് അപേക്ഷിച്ചാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. ചുരുങ്ങിയ സമയമെന്നുദ്ദേശിക്കുന്നത് നാല് മാസമാണ്. ഇതിന് ഗുണങ്ങളും ഒപ്പംതന്നെ ചില പ്രശ്നങ്ങളും ഉണ്ട്. വിശദമായി നോക്കാം.
ആര്‍ക്കെല്ലാം എക്‌സ്പഡിറ്റഡ് ട്രേഡ്മാര്‍ക്കിന് അപേക്ഷിക്കാം?
സാധാരണ ഒരു ട്രേഡ്മാര്‍ക്കിന് അപേക്ഷിക്കുന്നപോലെതന്നെ വ്യക്തികള്‍, പാര്‍ട്ണര്‍ഷിപ് ബിസിനസുകള്‍, കമ്പനികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എം.എസ്.എം.ഇ ബിസിനസുകള്‍ എന്നിവര്‍ക്ക് എക്‌സ്പഡിറ്റഡ് ട്രേഡ്മാര്‍ക്കിന് അപേക്ഷിക്കാം.
ആര്‍ക്കെല്ലാം ഉചിതം?
- ഫ്രാഞ്ചൈസ് ബിസിനസ് ആരംഭിക്കാന്‍ പദ്ധതിയിടുന്നവര്‍ക്ക് ട്രേഡ്മാര്‍ക് രജിസ്റ്റര്‍ ചെയ്ത് ബ്രാന്‍ഡിനെ സംരക്ഷിക്കേണ്ടത് അനിവാര്യമായ ഒന്നാണ്. ഫ്രാഞ്ചൈസ് ലൈസന്‍സ് കൈമാറുന്നതിന് മുമ്പുതന്നെ വേഗത്തില്‍ ട്രേഡ്മാര്‍ക് രജിസ്ട്രേഷന്‍ കരസ്ഥമാക്കാന്‍ എക്‌സ്പഡിറ്റഡ് ട്രേഡ്മാര്‍ക്ക് അപ്ലിക്കേഷന്‍ സഹായിക്കും.
- ബ്രാന്‍ഡ് നിയമലംഘനം മുന്നില്‍കാണുന്നവരും എത്രയും പെട്ടെന്ന് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നത് നല്ലതായിരിക്കും.
- ട്രേഡ്മാർക്കുമായി ബന്ധപ്പെട്ട നിയമപരമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍, പരിശോധന വേഗത്തിലാക്കുന്നത് അത്തരം കാര്യങ്ങള്‍ കൂടുതല്‍ വേഗത്തില്‍ പരിഹരിക്കാന്‍ സഹായിക്കും.
- ബിസിനസില്‍ ഫണ്ടിംഗ് നോക്കുന്നവര്‍ക്ക് ബിസിനസിന്റെ മൂല്യം വര്‍ധിപ്പിക്കാന്‍ ട്രേഡ്മാര്‍ക് രജിസ്ട്രേഷന്‍ സഹായകരമാകും.
- വലിയ തുക നിക്ഷേപം നടത്തി മാര്‍കറ്റിംഗിന് പദ്ധതിയിടുന്നവര്‍ ഭാവിയില്‍ പേരുമായോ ലോഗോയുമായോ ബന്ധപ്പെട്ട നിയമതടസങ്ങള്‍ ഒഴിവാക്കുന്നതിന് എക്‌സ്പഡിറ്റഡ് ട്രേഡ്മാര്‍ക്ക് അപ്ലിക്കേഷന്‍ സഹായിക്കും.
എവിടെയാണ് ഗുണം ലഭിക്കുക?
മുമ്പ് സൂചിപ്പിച്ചതുപോലെ ട്രേഡ്മാര്‍ക് അപ്ലിക്കേഷന്‍ പ്രോസസ്സ് ഒരു വര്‍ഷത്തിനപ്പുറം കടക്കാം. എന്നാല്‍ എക്‌സ്പഡിറ്റഡ് ട്രേഡ്മാര്‍ക്ക് വഴി അത് 4 മാസമായി കുറയ്ക്കാന്‍ സാധിക്കും. ട്രേഡ്മാര്‍ക്കിന് അപേക്ഷിച്ച് എക്‌സാമിനേഷന്‍ സ്റ്റേജില്‍ മാത്രമായിരിക്കും ഈ ഇളവ് ലഭിക്കുക. അതായത് ഓപ്പോസിഷന്‍ വന്നാലുള്ള നടപടിക്രമങ്ങള്‍ സാധാരണ ട്രേഡ്മാര്‍ക് അപ്ലിക്കേഷന്‍ പ്രോസസ്സില്‍ ഉള്ളതുപോലെതന്നെയായിരിക്കും ഇവിടെയും.
എക്‌സ്പഡിറ്റഡ് ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍ വഴി അപേക്ഷിക്കുന്നതുകൊണ്ട് ട്രേഡ്മാര്‍ക് രജിസ്ട്രേഷന്‍ നിശ്ചയമായും ലഭിക്കും എന്ന് കരുതരുത്. ഒബ്ജക്ഷന്‍, ഹിയറിങ്, ഓപ്പോസിഷന്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ ഇവിടെയും സംഭവിക്കാം. ആകെ ഇളവ് ലഭിക്കുന്നത് എക്‌സാമിനേഷന്‍ സ്റ്റേജിന്റെ സമയത്തില്‍ മാത്രമായിരിക്കും.
എത്രയാണ് ഫീസ്?
സാധാരണ ട്രേഡ്മാര്‍ക് അപേക്ഷയ്ക്ക് സര്‍ക്കാര്‍ ഫീസ്, ചെറുകിട സംരംഭങ്ങള്‍ക്കും (സ്റ്റാര്‍ട്ടപ്പുകളും എം.എസ്.എം.ഇകളും ഉള്‍പ്പെടെ) 4,500 രൂപയും, മറ്റെല്ലാ അപേക്ഷകര്‍ക്കും 9,000 രൂപയുമാണ്. എന്നാല്‍ എക്‌സ്‌പെഡിറ്റഡ് ട്രേഡ്മാര്‍ക് അപേക്ഷയ്ക്ക് വ്യക്തിഗത അപേക്ഷകര്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും (സ്റ്റാര്‍ട്ടപ്പുകളും എം.എസ്.എം.ഇകളും ഉള്‍പ്പെടെ) 20,000 രൂപയും മറ്റെല്ലാ അപേക്ഷകര്‍ക്കും 40,000 രൂപയും അധികമായി നല്‍കണം. (ശ്രദ്ധിക്കുക: ഫീസ് ഓരോ ക്ലാസിനും ഓരോ മാര്‍ക്കിനും ആണ്)
രജിസ്ട്രേഷന്റെ കാലാവധി എത്രയാണ്?
സാധാരണയായി എടുക്കുന്ന ട്രേഡ്മാര്‍ക് രജിസ്ട്രേഷന്റെ കാലാവധി 10 വര്‍ഷമാണ്. അതുതന്നെയാണ് എക്‌സ്പഡിറ്റഡ് ട്രേഡ്മാര്‍ക് അപേക്ഷവഴി എടുക്കുന്ന ട്രേഡ്മാര്‍ക്കിനും. കാലാവധി കഴിയുമ്പോള്‍ 9,000 രൂപ സര്‍ക്കാര്‍ ഫീസടച്ച് പത്തുവര്‍ഷത്തേക്കുകൂടി പുതുക്കാം.
ട്രേഡ്മാര്‍ക് രജിസ്ട്രേഷന്‍ ഏതൊരു ബിസിനസിനും ഇന്നത്തെകാലത്ത് അനിവാര്യമായ ഒന്നാണ്. എന്നാല്‍ സാധാരണ അപേക്ഷ നല്‍കണോ അതോ എക്‌സ്പഡിറ്റഡ് ട്രേഡ്മാര്‍ക് അപേക്ഷ നല്‍കണോ എന്നത് നിങ്ങളുടെ ആവശ്യകത മനസിലാക്കി മാത്രം തീരുമാനിക്കുക. അതിനായി ഒരു ട്രേഡ്മാര്‍ക് വിദഗ്ദ്ധന്റെ സേവനം തേടുക.