വന്‍കിട സംരംഭങ്ങള്‍ മത്സരക്ഷമമല്ലാതാകുന്നത് എന്തുകൊണ്ട്?

വലിയ സംരംഭങ്ങള്‍ ചെറുകിടക്കാരോട് പോലും മത്സരിക്കാനാവാതെ പരാജയപ്പെടുന്നതിനുള്ള കാരണങ്ങള്‍

Update:2024-12-25 14:53 IST

Image Courtesy: Canva

എന്തുകൊണ്ടാണ് മിക്ക വന്‍കിട സംരംഭങ്ങളും പരാജയപ്പെട്ടു പോകുന്നതെന്നതിനെ കുറിച്ചാണ് മുന്‍ ലക്കത്തില്‍ വിശദമാക്കിയിരുന്നത്. ചിത്രം 1 കാണുക.

 

Figure 1: Failure of Large Businesses

ബിസിനസിലെ യഥാര്‍ത്ഥ വിജയം എന്ന് പറയുന്നത് ചിത്രം രണ്ടില്‍ കാണുന്നതു പോലെ വലുതായി വളരുകയും എന്നെന്നും നിലനില്‍ക്കുകയും ചെയ്യുന്ന, അതേസമയം സ്ഥിര വളര്‍ച്ച കൈവരിക്കുകയും ചെയ്യുന്ന ബിസിനസുകള്‍ കെട്ടിപ്പടുക്കുമ്പോഴാണ്.

 Figure 2: 'Real' Business Success

സംരംഭങ്ങള്‍ മത്സരക്ഷമമല്ല

എന്തുകൊണ്ടാണ് മിക്ക വന്‍കിട സംരംഭങ്ങളും മത്സരക്ഷമമല്ലാത്തത് എന്ന് വിശദമാക്കാം. വലിയ ബിസിനസുകള്‍ നടത്തുന്ന സംരംഭകരോട് സംസാരിച്ചപ്പോള്‍ അവരില്‍ ഭൂരിഭാഗവും ചെറിയ എതിരാളികളോട് പോലും മത്സരിക്കാനാവുന്നില്ല എന്ന് ആവലാതിപ്പെടുന്നു. ബിസിനസ് വളരുന്നതിനനുസരിച്ച് സാധാരണ നിലയില്‍ സംരംഭങ്ങള്‍ കൂടുതല്‍ മത്സരക്ഷമമാകുകയാണ് ചെയ്യുക എന്നതിനാല്‍ ആ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി. സാധാരണ ഗതിയില്‍ ബിസിനസ് വളരുമ്പോള്‍ പര്‍ച്ചേസ് വോള്യം കൂടുകയും അതിനനുസരിച്ച് വോള്യം ഡിസ്‌കൗണ്ട് ലഭ്യമാകുകയും ചെയ്യുന്നു. വരുന്ന സ്‌റ്റോക്ക് അപ്പപ്പോള്‍ തീരുകയും പുതിയത് കൊണ്ടുവരികയും ചെയ്യുന്നു. അതുകൊണ്ടു തന്നെ സ്‌റ്റോക്ക് കെട്ടിക്കിടക്കുന്ന സ്ഥിതി ഉണ്ടാകുന്നില്ല. വന്‍ തോതില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ഇതിലൂടെ സാധിക്കും. ഉയര്‍ന്ന വിറ്റുവരവ് വെച്ച് നോക്കുമ്പോള്‍ മാര്‍ക്കറ്റിംഗ് ചെലവുകള്‍ തുച്ഛമായി മാറുന്നു. കൂടാതെ വിശ്വസ്തരായ വലിയ ഉപഭോക്തൃ അടിത്തറയ്‌ക്കൊപ്പം ബ്രാന്‍ഡിനോട് ചേര്‍ന്നുനില്‍ക്കുന്ന ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന വിറ്റുവരവ് നേടുന്നതോടെ ബിസിനസിനെ കൂടുതല്‍ മത്സരക്ഷമമാക്കാന്‍ കഴിവുള്ള ടോപ്പ് ക്ലാസ് മാനേജര്‍മാരെയും മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാരെയും നിയമിക്കാന്‍ കമ്പനി പ്രാപ്തമാകും. പിന്നെ എന്തുകൊണ്ടാണ് വന്‍കിട ബിസിനസുകളെ നയിക്കുന്ന സംരംഭകരില്‍ മിക്കവര്‍ക്കും മത്സരക്ഷമതയെ കുറിച്ച് പരാതിപ്പെടേണ്ടി വരുന്നത്?

നയങ്ങളുടെ വൈകല്യം

ഒരു വലിയ ബിസിനസായി മാറുന്നതിലൂടെ നേടിയെടുക്കുന്ന മിക്ക നേട്ടങ്ങളും വികലമായ നയങ്ങള്‍ പിന്തുടര്‍ന്ന് ഉന്നത മാനേജ്‌മെന്റ് പാഴാക്കിക്കളയുന്നുവെന്നാണ് എന്റെ കണ്ടെത്തല്‍. ഉദാഹരണത്തിന്, ഉയര്‍ന്ന അളവില്‍ പര്‍ച്ചേസ് ചെയ്യുന്നതിലൂടെ ലഭിക്കുന്ന വോള്യം ഡിസ്‌കൗണ്ട് ഉപയോഗിച്ച് വളരെയധികം സ്‌റ്റോക്ക് കൈവശം വെയ്ക്കുകയും അത് ഡെഡ് സ്‌റ്റോക്കിലേക്കും പേയ്‌മെന്റ് വൈകുന്നതിലേക്കും നയിക്കുന്നു. ഇതിലൂടെ വോള്യം ഡിസ്‌കൗണ്ടിന്റെ ആനുകൂല്യം പാഴാക്കിക്കളയുകയാണ് ചെയ്യുന്നത്.

സമാനമായി, മാര്‍ക്കറ്റിംഗിനായി കൂടുതല്‍ തുക ചെലവഴിക്കാനുള്ള കഴിവിനെ ജനപ്രിയമായ, എന്നാല്‍ ഫലപ്രദമല്ലാത്ത മാധ്യമങ്ങളില്‍ പരസ്യം നല്‍കി പാഴാക്കുന്നു. മാത്രമല്ല, പിന്നീട് ഉണ്ടായി വരുന്ന കരുത്തില്‍ ശ്രദ്ധയൂന്നുന്നതു മൂലം യഥാര്‍ത്ഥ കരുത്ത് അവഗണിക്കപ്പെടുന്നതിലൂടെ ടോപ് ക്ലാസ് മാനേജര്‍മാരെയും ബിസിനസ് കണ്‍സള്‍ട്ടന്റിനെയും നിയമിച്ചതും വെറുതെയാകുന്നു.ഇതിനുള്ള ഒരു നല്ല ഉദാഹരണം താഴെ കൊടുക്കുന്നു:

ബിസിനസ് ചെറുതായിരുന്നപ്പോള്‍ അതിന്റെ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് നോക്കിയിരുന്നത് ഒരു ബി.കോം ബിരുദധാരിയായിരുന്നു. അക്കാലത്ത് സാമ്പത്തികവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം 15-ാം തീയതിക്കകം ചെയ്തു തീര്‍ത്തിരുന്നു. പിന്നീട് ബിസിനസ് വളര്‍ന്നപ്പോള്‍ ഫിനാന്‍സ് & അക്കൗണ്ട്‌സ് മേധാവിയായി 15 വര്‍ഷം പരിചയമുള്ള ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിനെ നിയമിക്കാന്‍ കഴിഞ്ഞു. പുതിയ ആള്‍ വന്നതോടെ സാമ്പത്തികം സംബന്ധിച്ച കാര്യങ്ങള്‍ അഞ്ചാം തീയതിക്കകം പൂര്‍ത്തിയാക്കാന്‍ കഴിയുന്നുവെന്നത് ചെറിയൊരു പുരോഗതിയായി പറയാനാകും. പുതിയ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് മേധാവിക്ക് ബിസിനസില്‍ ചെറിയ പുരോഗതി കൊണ്ടുവരാനായെങ്കിലും അയാളെ നിയമിക്കുന്നതു വഴി ഉണ്ടായ അധിക ചെലവ് നികത്താന്‍ പ്രാപ്തമായിരുന്നില്ല. ഇത് ഉയര്‍ന്ന കോര്‍പ്പറേറ്റ് ചെലവുകളിലേക്ക് നയിക്കുകയും ബിസിനസിന്റെ മത്സരക്ഷമത കുറയുന്നതിന് കാരണമാകുകയും ചെയ്തു. മിക്ക വന്‍കിട സംരംഭങ്ങളിലെയും കോര്‍പ്പറേറ്റ് മാനേജ്‌മെന്റും മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാരും ചെറിയ പുരോഗതിയില്‍ ശ്രദ്ധിക്കുന്നതു മൂലം ബിസിനസുകളുടെ മത്സരക്ഷമത കുറയുന്നു.

വന്‍കിട ബിസിനസുകളിലെ സംരംഭകര്‍, കോര്‍പ്പറേറ്റ് മാനേജര്‍മാരും ബിസിനസ് കണ്‍സള്‍ട്ടന്റുമാരും അവരുടെ ബിസിനസ് കൂടുതല്‍ മത്സരക്ഷമമാകുന്നതിന് സഹായകമായ വലിയ പുരോഗതി ലക്ഷ്യം വെയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

(ധനം ബിസിനസ് മാഗസിന്‍ ഡിസംബര്‍ 31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)

Tags:    

Similar News