ആഗോള നിക്ഷേപകര്‍ തിരുവനന്തപുരത്ത്; കടലോളം സാധ്യതകള്‍ തുറന്നിട്ട് ഹഡില്‍ ഗ്ലോബലിന് തുടക്കം
ഉച്ചകോടിയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും;
രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയായ ഹഡില്‍ ഗ്ലോബല്‍ 2024ന് തുടക്കം. തിരുവനന്തപുരം കോവളത്ത് നടക്കുന്ന ഹഡില്‍ ഗ്ലോബല്‍ ആറാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (നവംബർ 28) വൈകുന്നേരം നാലിന് കോവളം ലീലാ റാവിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉദ്ഘാടന സെഷനു മുമ്പായി സ്റ്റാര്‍ട്ടപ്പ് പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തുന്ന സംവാദവും നടക്കും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ 150ല്‍ അധികം നിക്ഷേപകരും മൂവായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകളുമടക്കം പതിനായിരത്തോളം പേര്‍ പങ്കെടുക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് സംഘാടകര്‍. കേരളത്തിന്റെ സ്റ്റാര്‍ട്ടപ് ആവാസവ്യവസ്ഥയുടെ മികവ് പ്രകടിപ്പിക്കാനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും ആഗോള ബിസിനസ് പങ്കാളിത്തം ഉറപ്പിക്കുന്നതിനുമുള്ള സാധ്യതകള്‍ക്ക് ഹഡില്‍ ഗ്ലോബല്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
ആദ്യ ദിവസം പ്രമുഖരെത്തും
ബില്‍ഡിംഗ് ഗ്ലോബല്‍ പ്രോഡക്ട്‌സ് ഫ്രം റൂറല്‍ ഇന്ത്യ എന്ന വിഷയത്തില്‍ പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയായ സോഹോയുടെ സി.ഇ.ഒ ശ്രീധര്‍ വെമ്പു നടത്തുന്ന പ്രഭാഷണമാണ് ആദ്യ ദിവസത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഫിന്‍ലാന്‍ഡ് വിദേശകാര്യ മന്ത്രാലയ കോണ്‍സല്‍ ജനറല്‍ എറിക് അഫ് ഹാല്‍സ്റ്റോം, സ്വിറ്റ്സര്‍ലന്‍ഡ് കോണ്‍സല്‍ ജനറല്‍ ജോനാസ് ബ്രണ്‍ഷ്വിഗ്, യുകെ-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ഗ്രൂപ്പ് സിഇഒ റിച്ചാര്‍ഡ് മക്കല്ലം, ഓസ്ട്രേലിയ കോണ്‍സല്‍ ജനറല്‍ സിലായ് സാക്കി എന്നിവര്‍ ഉദ്ഘാടന ദിവസം 'സ്റ്റാര്‍ട്ടപ്പ്-ബിയോണ്ട് ബോര്‍ഡേഴ്സ്' എന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക, ഇന്‍ഫോസിസ് സഹസ്ഥാപകനും കേരള സര്‍ക്കാരിന്റെ ഹൈപവര്‍ ഐടി കമ്മിറ്റി വൈസ് ചെയര്‍മാനുമായ എസ്.ഡി ഷിബുലാല്‍, നബാര്‍ഡ് ചെയര്‍മാന്‍ ഷാജി കെ.വി, എസ്.ബി.ഐ ചീഫ് ജനറല്‍ മാനേജര്‍ ഭുവനേശ്വരി എ., സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഡയറക്ടര്‍ ഡോ.സുമീത് കുമാര്‍, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എം.ഡി ഡോ.ദിവ്യ എസ് അയ്യര്‍, അദാനി വിഴിഞ്ഞം പോര്‍ട്ട് സി.ഇ.ഒ പ്രദീപ് ജയറാം എന്നിവരും സംബന്ധിക്കും.