ആയിരത്തിന് 12 രൂപ കമീഷന്‍, എന്നിട്ടും തിരക്ക്! ഇത് മണി ട്രാന്‍സഫര്‍ കടകളുടെ പെരുമ്പാവൂര്‍ കാഴ്ചകള്‍
കേരളത്തില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിവര്‍ഷം അയക്കുന്നത് 17,000 കോടി
പെരുമ്പാവൂരിലെ മണി ട്രാന്‍സ്ഫര്‍ കടകളില്‍ ഞായറാഴ്ച തിരക്കോടു തിരക്കാണ്. ബംഗാളില്‍ നിന്നും ബിഹാറില്‍ നിന്നുമൊക്കെ കേരളത്തിലെത്തിയ തൊഴിലാളികള്‍ കൂട്ടത്തോടെ എത്തി ക്യൂ നില്‍ക്കുന്നു. ആയിരം രൂപ നാട്ടിലേക്ക് അയച്ചാല്‍ 12 രൂപ ഏജന്റിന് കമീഷന്‍. എന്നാലും ഈ കടകളെയാണ് ബാങ്കിനേക്കാള്‍ ഈ തൊഴിലാളികള്‍ക്ക് വിശ്വാസം. ഒരാഴ്ച കൂലി കിട്ടിയതില്‍ അവര്‍ മിച്ചം പിടിച്ച തുക ഈ ഏജന്റുമാര്‍ വഴി എല്ലാ ഞായറാഴ്ചയും നാട്ടിലേക്ക്.
പെരുമ്പാവൂരില്‍ മാത്രം നാല്‍പതോളമുണ്ട് മണി ട്രാന്‍സ്ഫര്‍ കടകള്‍. 100 മുതല്‍ 150 വരെ ആളുകള്‍ പണമയയ്ക്കാന്‍ ഒരു കടയില്‍ എത്തുന്നു. 1,500 രൂപ മുതല്‍ 5,000 രൂപ വരെയാണ് ഇവരില്‍ ഭൂരിഭാഗവും നാട്ടിലേക്ക് അയയ്ക്കുന്നത്. ഞായറാഴ്ചകളില്‍ ഒരു കടയില്‍ നിന്ന് അയയ്ക്കുന്നത് രണ്ടു മുതല്‍ നാലു ലക്ഷം രൂപ വരെ. ഇതര സംസ്ഥാനക്കാര്‍ തന്നെയാണ് ഇത്തരം കടകളില്‍ ഭൂരിഭാഗവും സഹായത്തിനായി ഇരിക്കുന്നത്.
ഭാഷയുടെ തടസം കൂടാതെ, ബാങ്കിലെ നൂലാമാലകളില്ലാതെ പണം അയയ്ക്കാന്‍ സാധിക്കുന്നതാണ് തൊഴിലാളികളെ ആകര്‍ഷിക്കുന്ന കാര്യമെന്നാണ് പെരുമ്പാവൂര്‍ മീന്‍ മാര്‍ക്കറ്റില്‍ മൂന്ന് വര്‍ഷമായി മണി ട്രാന്‍സ്ഫര്‍ കട നടത്തുന്ന അസമില്‍ നിന്നുളള ബാബു ഭയ്യയുടെ പക്ഷം. മൂന്നോ അതിലധികോ ആളുകള്‍ കൂട്ടമായി താമസിക്കുന്ന മുറികളില്‍ വലിയ തുകകള്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ട്. അതുകൊണ്ട് മിച്ചമുള്ളത് ഓരോ ആഴ്ചയും നാട്ടിലേക്ക്. പേ വേള്‍ഡ്, ഭാരത് പേ, പേയ്ടിഎം തുടങ്ങിയ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് 8 രൂപ, കമ്മീഷന്‍ ചാര്‍ജ് 4 രൂപ എന്ന നിരക്കിലാണ് ആയിരം രൂപക്ക് 12 രൂപ ഈടാക്കുന്നത്.
കഠിനാധ്വാനികള്‍
ഇതര സംസ്ഥാന തൊഴിലാളികള്‍ മിക്കവരും സമ്പാദ്യ ശീലമുള്ളവരും കഠിനാധ്വാനികളുമാണെന്ന് പെരുമ്പാവൂരില്‍ ട്രെയിന്‍-വിമാന ടിക്കറ്റ് ബുക്കിംഗ് കട നടത്തുന്ന ലിജിന്‍ ജെ പറയുന്നു. ഗുവാഹത്തി, നാഗോണ്‍, ഭുവനേശ്വര്‍, മുര്‍ഷിദാബാദ് തുടങ്ങി വടക്കേ ഇന്ത്യയിലേയും വടക്ക്-കിഴക്കേ ഇന്ത്യയിലേയും ഗ്രാമങ്ങളിലേക്കാണ് പ്രധാനമായും പൈസ പോകുന്നത്. മണി ട്രാന്‍സ്ഫര്‍ ബിസിനസ് വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് യു.പി യില്‍ നിന്നുളള രാജു ചന്ദ്ര പറയുന്നു. പെരുമ്പാവൂര്‍ ടൗണ്‍, കണ്ണന്തറ, കുറ്റിപ്പാടം തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും മണി ട്രാന്‍സ്ഫര്‍ കടകള്‍.
ഇതര സംസ്ഥാന തൊഴിലാളികളുടെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്മെന്റ് (സി.എം.ഐ.ഡി) 49,000 കോടി രൂപയാണ് ഒരു വര്‍ഷം കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വരുമാനമെന്ന് വിലയിരുത്തുന്നു. ഇതില്‍ മൂന്നില്‍ രണ്ടു ഭാഗവും കേരളത്തില്‍ തന്നെ ചെലവഴിക്കുന്നു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അത് ഊര്‍ജമായി മാറുന്നു. ശരാശരി 17,000 കോടി രൂപ ഈ തൊഴിലാളികള്‍ അവരവരുടെ നാട്ടിലേക്ക് അയക്കുന്നുവെന്നാണ് നിഗമനം.
നിര്‍മ്മാണ മേഖല, പ്ലാന്റേഷന്‍ തുടങ്ങി കൃഷി അനുബന്ധ മേഖല, ഹോട്ടല്‍ ബിസിനസ് തുടങ്ങി കായികാധ്വാനം വേണ്ടി വരുന്ന തൊഴിലുകളുടെ കാര്യമെടുത്താല്‍ പകുതി പേരും ഇതരസംസ്ഥാന തൊഴിലാളികളാണ്. കേരള സമൂഹത്തിനും സമ്പദ് വ്യവസ്ഥയ്ക്കും ഒഴിച്ചു കൂടാനാവത്ത സാന്നിധ്യമായി മാറിയിരിക്കുകയാണ് മറുനാടന്‍ തൊഴിലാളികള്‍. പ്ലൈവുഡ്, വസ്ത്ര നിര്‍മ്മാണ ഫാക്ടറികളില്‍ മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. അത്യദ്ധ്വാനം വേണ്ടി വരുന്ന ഒരു മേഖലയും ഇതര സംസ്ഥാന തൊഴിലാളികളെ കൂടാതെ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത സ്ഥിതി.
40 ലക്ഷത്തിലധികം പേര്‍
കേരളത്തില്‍ 40 ലക്ഷത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്ന് സി.എം.ഐ.ഡി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബിനോയ് പീറ്റര്‍ പറയുന്നു. ഒരാള്‍ പ്രതിദിനം ശരാശരി 700 രൂപ കൂലിയില്‍ മാസത്തില്‍ 20 ദിവസവും വര്‍ഷത്തില്‍ 10 മാസവും ജോലി ചെയ്യുന്നുവെന്ന് അനുമാനിക്കാം. അതനുസരിച്ചു നോക്കുമ്പോഴാണ് പ്രതിവര്‍ഷ വരുമാനം 49,000 കോടിയില്‍ എത്തുന്നത്. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും മാത്രം മാസം ഏകദേശം 60 കോടിയോളം രൂപ ഇതര സംസ്ഥാന തൊഴിലാളികള്‍ ചെലവാക്കുന്നുണ്ട്. ഇത്തരത്തില്‍ നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ അവഗണിക്കാന്‍ സാധിക്കാത്ത സാന്നിധ്യമായി ഇതര സംസ്ഥാന തൊഴിലാളികള്‍ മാറിക്കഴിഞ്ഞു.
കേരള പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യു കമ്മിറ്റി മുന്‍ അംഗവും സാമ്പത്തിക വിദഗ്ധനുമായ ഡോ. ഡി നാരായണയുടെ 2012 ലെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം ഓരോ വര്‍ഷവും എട്ടു ശതമാനം വര്‍ധിക്കുന്നുവെന്നാണ്. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റം സംബന്ധിച്ച പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി സാമ്പത്തികശാസ്ത്ര വിഭാഗത്തിലെ ഡോ. ജജാതി കേസരി പരിദ, കേരള സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. കെ രവി രാമന്‍ എന്നിവരുടെ 2021ലെ പഠനവും ഇതിനൊപ്പമുണ്ട്. 2030 ഓടെ കേരളത്തില ഇതര സംസ്ഥാന തൊഴിലാളികള്‍ 50 ലക്ഷം കവിയുമെന്നാണ് ആസൂത്രണ ബോര്‍ഡ് കണക്കാക്കുന്നത്.
അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ വീടുവെച്ച് കുടുംബമായി കഴിയുന്ന പ്രവണതയും വര്‍ധിക്കുന്നുണ്ട്. തങ്ങളുടെ കുട്ടികളെ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ചേര്‍ത്ത് കേരള സമൂഹത്തിന്റെ ഭാഗമായി മാറുകയാണ് ഇവര്‍. കേരളത്തിന്റെ ബഹുസ്വരതയ്ക്കും സാമ്പത്തിക അഭിവൃദ്ധിക്കും കരുത്തുറ്റ പിന്തുണ നല്‍കി, നമ്മുടെ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍.