വ്യാപാര യുദ്ധത്തിന് കളമൊരുക്കി ട്രംപ്, തീരുവയില്‍ ആദ്യ അമ്പ് ഈ രാജ്യങ്ങള്‍ക്കെതിരെ, ഇന്ത്യയും കരുതിയിരിക്കണം
അനധിക കുടിയേറ്റവും മയക്ക് മരുന്ന് കടത്തും ചൂണ്ടിക്കാട്ടിയാണ് നീക്കം
യു.എസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതിനു മുന്‍പേ 'പണി' തുടങ്ങി ഡൊണാള്‍ഡ് ട്രംപ്. ചൈന, മെക്‌സിക്കോ, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. അനധികൃത കുടിയേറ്റം, മയക്കുമരുന്ന് കടത്ത് എന്നിവ ചൂണ്ടിക്കാട്ടിയാണ് നീക്കം. ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ജനുവരി 20ന് സ്ഥാനാരോഹണം നടത്തിയാലുടന്‍ കാനഡയ്ക്കും മെക്‌സിക്കോയ്ക്കും ഇറക്കുമതി നികുതി ചുമത്തുന്നത് അടക്കമുള്ള നിരവധി ഉത്തരവുകളില്‍ ഒപ്പു വയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ചരക്കുകള്‍ക്കും 25 ശതമാനം തീരുവ ഈടാക്കും. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം അധിക നികുതിയും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ട് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍
മെക്‌സിക്കോയും കാനഡയും വഴി ആയിരക്കണക്കിന് ആളുകള്‍ രാജ്യത്തേക്ക് കുടിയേറുന്നത് വഴി ധാരാളം മയക്കു മരുന്നും എത്തുന്നു. മാത്രമല്ല നിരവധി കുറ്റകൃത്യങ്ങളും ഉണ്ടാകുന്നുണ്ട്. അതിര്‍ത്തി വഴി മെക്‌സിക്കോയില്‍ നിന്ന് വരുന്ന ആളുകളുടെ ഒഴുക്ക് തടയാനാകുന്നില്ല. മെക്‌സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നും വരുന്ന എല്ലാ ചരക്കുകള്‍ക്കും 25 ശതമാനം നിരക്ക് ചുമത്തും. എല്ലാ മയക്ക് മരുന്ന് കടത്തും അവസാനിക്കും വരെ നികുതി തുടരുമെന്നും വ്യക്തമാക്കി. അനധികൃത കുടിയേറ്റവും
ചൈനയ്ക്ക് അധിക നികുതി ചുമത്തുമെന്ന് ട്രൂത്ത് സോഷ്യലിലലെ മറ്റൊരു പോസ്റ്റിലാണ് വ്യക്തമാക്കിയത്. ചൈനയില്‍ നിന്ന് ഫെന്റൈല്‍ ഉള്‍പ്പെടെയുള്ള മയക്ക് മരുന്ന് വന്‍ തോതില്‍ എത്തുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ പരമാവധി പിഴ ചുമത്തുമെന്നും ഡ്രഗ് വില്‍പ്പനക്കാരെ കണ്ടെത്തിയാല്‍ വധശിക്ഷ നല്‍കുമെന്നും ചൈനീസ് പ്രിതനിധികള്‍ പറഞ്ഞിരുന്നെങ്കിലും അവര്‍ അത് നടപ്പാക്കില്ലെന്ന് ട്രംപ് ആരോപിക്കുന്നു. മെക്‌സിക്കോ വഴിയാണ് ചൈനയില്‍ നിന്ന് കൂടുതല്‍ ചരക്ക് രാജ്യത്തേക്ക് എത്തുന്നത്. ചൈനയില്‍ നിന്നുള്ള അത്തരം കയറ്റുമതി ഇല്ലാതാകുന്നതു വരെ 10 ശതമാനം അധിക നികുതി തുടരുമെന്നും പോസ്റ്റില്‍ പറയുന്നു.
ഇന്ത്യയും പേടിക്കണം
നികുതി ചുമത്തുന്ന സമീപനം ഡ്രംപിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് നേരത്തെ തന്നെ നിരീക്ഷണങ്ങളുണ്ടായിരുന്നു. സൗഹൃദ രാജ്യങ്ങള്‍ക്കു മേലും ശത്രുരാജ്യങ്ങള്‍ക്കു മേലും നികുതി ചുമത്തുന്ന രീതിയാണ് ട്രംപ് മുന്‍പും പിന്തുടര്‍ന്നിട്ടുള്ളത്. നിലവില്‍ ഇന്ത്യക്കു മേലുള്ള ഇറക്കുമതി തീരുവ ട്രംപ് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്കും കൂടുതല്‍ തീരുവ പ്രഖ്യാപിച്ചേക്കുമെന്ന സൂചന ട്രംപ് നേരത്തെ നല്‍കിയിരുന്നു.
എന്നാൽ ഇത്തരം ഇറക്കുമതി തീരുവകള്‍ അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയെ നെഗറ്റീവായി ബാധിക്കുമെന്നും പണപ്പെരുപ്പം കൂട്ടുമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. യു.എസിലേക്ക് ചരക്ക് കൊണ്ടു വരുന്നവരിലേക്കാണ് നികുതി ഭാരം വരുന്നത്. ക്രമേണ ഇത് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ തുടങ്ങുമെന്നതാണ് കാരണം.