യു.എസിനെയും ചൈനയേയും മറികടക്കാന്‍ ഇന്ത്യക്കാവുമോ? നാരായണ മൂർത്തിയുടെ നിരീക്ഷണമാണ് ഉത്തരം

വികസിത രാജ്യമാവാനുള്ള പ്രയാണത്തിന് വെല്ലുവിളികള്‍ നിരവധി

Update:2024-09-08 13:45 IST

നാരായണമൂര്‍ത്തിയും ലോക ബാങ്കും ഒരേ സ്വരത്തില്‍ പറയുന്ന ഒരു കാര്യം ഉണ്ട്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഉല്‍പ്പാദന മേഖലയിലെ സൗകര്യങ്ങളിലും ജിഡിപിയിലും ഏറെ മുന്നില്‍ നില്‍ക്കുന്ന മുഖ്യ എതിരാളിയായ ചൈനയോട് കിടപിടിക്കാന്‍ ഇന്ത്യ ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.

ചൈനയെ മാത്രം ആശ്രയിക്കാതെ മറ്റു വികസ്വര രാജ്യങ്ങളിലും നിക്ഷേപം നടത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ചൈനപ്ലസ് വണ്‍ തന്ത്ര പ്രഖ്യാപനത്തില്‍ പലരും ആവേശഭരിതരായിരുന്നു. തന്ത്രപ്രധാനമായ സ്ഥാനം, സാമ്പത്തിക സ്വാധീനം,രാഷ്ട്രീയ സംവിധാനം തുടങ്ങിയവ കണക്കിലെടുത്താല്‍ ഈ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതില്‍ ഏറ്റവും മുന്നിലുള്ള രാജ്യം ഇന്ത്യയായി രിക്കുമെന്നായിരുന്നു പലരുടെയും പ്രതീക്ഷ. ചിലരാകട്ടെ ഇന്ത്യ ലോകത്തിന്റെ ഉല്‍പ്പാദന കേന്ദ്രമാകാന്‍ പോകുന്നു എന്നുവരെ കണക്കുകൂട്ടി.

ഈ സാഹചര്യത്തിലാണ് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ നിരീക്ഷണങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നത്. ''ലോകത്തിന്റെ ഫാക്ടറിയായി ചൈന ഇതിനകം തന്നെ മാറിയിട്ടുണ്ട്. മിക്ക രാജ്യങ്ങളിലെയും സൂപ്പര്‍മാര്‍ക്കറ്റുകളിലെയും ഹോം ഡിപ്പോകളിലെയും 90 ശതമാനം സാധനങ്ങളും ചൈനയില്‍ ഉല്‍പ്പാദിപ്പിച്ചവയാണ്. ഇന്ത്യയുടേതിനേക്കാള്‍ ആറ് മടങ്ങ് കൂടുതല്‍ ജിഡിപിയും അവര്‍ക്കുണ്ട്. ഇന്ത്യ ലോകത്തിന്റെ ഉല്‍പ്പാദന കേന്ദ്രമാകും എന്നു പറയുന്നത് അല്‍പ്പം കടന്ന കൈയാണ്,'' അദ്ദേഹം പറയുന്നു. ഈ രംഗത്ത് കാര്യമായ പുരോഗതി നേടണമെങ്കില്‍ സര്‍ക്കാരിന്റെ ഇടപെടലും പല രംഗങ്ങളിലെ മാറ്റങ്ങളും നിര്‍ണായകമാണെന്നും അദ്ദേഹം പറയുന്നു. 4,659 ശതകോടി ഡോളറിന്റെ ഉല്‍പ്പാദനവുമായി നിലവില്‍ ചൈനയാണ് മുന്നില്‍. രണ്ടാമതുള്ള യുഎസിന്റെ ഉല്‍പ്പാദനം 2,497 ശതകോടി ഡോളറിന്റേതാണ്. 456 ശതകോടി ഡോളര്‍ ഉല്‍പ്പാദനവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.

ഒപ്പമെത്താൻ ഗിയർ മാറ്റണം 

ഇന്ത്യയ്ക്കും മറ്റ് വികസ്വര രാജ്യങ്ങള്‍ക്കും മുന്നിലുള്ള വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് അടുത്തിടെ നടത്തിയ ഒരു ലോക ബാങ്ക് പഠനം കണക്കാക്കുന്നത്, നിലവിലെ വളര്‍ച്ചാ നിരക്കില്‍ അമേരിക്കയുടെ ജിഡിപിയുടെ നാലിലൊന്നില്‍ എത്താൻ ഇന്ത്യ 75 വര്‍ഷം എടുക്കുമെന്നാണ്. ചൈനയ്ക്ക് 10 വര്‍ഷവും ഇന്തോനേഷ്യയ്ക്ക് 70 വര്‍ഷത്തിനടുത്തും വേണ്ടി വരും എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

പുരോഗതിക്ക് തടസം നില്‍ക്കുന്ന കാലഹരണപ്പെട്ട നയങ്ങളെ ആശ്രയിക്കുന്നതിനെതിരെ വികസ്വര രാജ്യങ്ങള്‍ക്ക് ലോകബാങ്ക് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. അതിവേഗത്തില്‍ പോകുന്നതിനായി കാര്‍ ഫസ്റ്റ് ഗിയറില്‍ ഓടിക്കുന്നതു പോലെയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന വരുമാനവും വളര്‍ച്ചയും നേടുന്നതിനായി വികസ്വര രാഷ്ട്രങ്ങള്‍ നിക്ഷേപം (Investment), നവീകരണം (Innovation), സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തല്‍ (Infusion of technology) എന്നീ 3i സമീപനം പിന്തുടരേണ്ടതുണ്ടെന്ന് ലോകബാങ്ക് ആവശ്യപ്പെടുന്നു.

പരമ്പരാഗത വിശകലനങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും അടിസ്ഥാനത്തിലാണ് നാരായണ മൂര്‍ത്തിയുടേയും ലോക ബാങ്കിന്റെയും നിരീക്ഷണങ്ങള്‍. ഇന്ത്യ ഗിയര്‍ മാറ്റേണ്ട സമയമായിരിക്കുന്നു. ശീലങ്ങള്‍ മാറ്റിവെച്ച് ചൈനയുടെയും യുഎസിന്റെയും വികസനത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറണം. ചൈനയെ പോലെ ഇന്ത്യയും വലുതായി ചിന്തിക്കുകയും യു.എസ് ചെയ്തതു പോലെ വളര്‍ച്ചയ്ക്കായി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുകയും വേണം. സാങ്കേതികവിദ്യ എല്ലാം നിയന്ത്രിക്കുന്ന, മാറുന്ന ലോകക്രമത്തില്‍ ശരിയായ നയങ്ങളിലൂടെ വേഗം ഉയരങ്ങളിലെത്തുക എന്നത് ഇന്ത്യയ്ക്ക് അസാധ്യമായ കാര്യമല്ല. 

Tags:    

Similar News