ഓർക്കുക, ഈ തെറ്റിന് വലിയ വില കൊടുക്കേണ്ടി വരും !

Update: 2020-09-19 04:49 GMT

''എല്ലാം സ്വന്തം പാഷനെ പിന്തുടരാനുള്ള ധൈര്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. അല്ലാതെ വലിയ ശമ്പളമുള്ള ജോലി കിട്ടുന്നതിലല്ല. നമ്മള്‍ ഇഷ്ടപ്പെടുന്നതാണ് നമ്മള്‍ ചെയ്യേണ്ടത്, അല്ലാതെ മറ്റുള്ളവര്‍ നമ്മളോട് ചെയ്യണമെന്ന് പറയുന്നതല്ല.''

ഈ ഡയലോഗ് വന്നത് 19 വയസുള്ള ഒരു ആണ്‍കുട്ടിയില്‍ നിന്നാണ്. നിര്‍ഭാഗ്യവശാല്‍ ഈ പാഠം അവന് വളരെ കഠിനമായ വഴിയിലൂടെ പഠിക്കേണ്ടിവന്നു.

വളരെ സമ്പന്നമായ കുടുംബത്തിലെ അംഗമാണ് ഈ കുട്ടി. മാതാപിതാക്കള്‍ രണ്ടുപേരും ഡോക്ടര്‍മാര്‍. അവര്‍ വിദേശത്ത് പ്രാക്ടീസ് ചെയ്യുന്നു.

അവന്റെ കരിയറിനെക്കുറിച്ച് ഒരു തീരുമാനം എടുക്കേണ്ട ഘട്ടം വന്നു. മാതാപിതാക്കള്‍ അവനായി എംബിബിഎസിന് വലിയ ക്യാപ്പിറ്റേഷന്‍ കൊടുത്ത് ഒരു മാനേജ്‌മെന്റ് സീറ്റ് ഒപ്പിച്ചെടുത്തു. അതും ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല കോളെജുകളിലൊന്നില്‍.

ഈ മാതാപിതാക്കള്‍ എന്നെ കാണാന്‍ വന്നു. ഞങ്ങളുടെ കണ്‍സള്‍ട്ടേഷന്റെ ഭാഗമായ കരിയര്‍ ടെസ്റ്റ് എടുക്കാന്‍ അവര്‍ തയാറല്ലായിരുന്നു. കാരണം അവര്‍ക്ക് വേണ്ടത് ഒരേയൊരു കാര്യമായിരുന്നു. മകനെ മെഡിസിന് ചേരാന്‍ ഞാന്‍ പറഞ്ഞുസമ്മതിപ്പിക്കണം.

ഈ കുട്ടി പഠനത്തില്‍ ഒരു ശരാശരിക്കാരനായിരുന്നു. പക്ഷെ ഓള്‍റൗണ്ടര്‍! സ്‌കൂളില്‍ അവന്‍ ഭയങ്കര പോപ്പുലര്‍. അവനവിടെ ആരാധകരുടെ ഒരു നിര തന്നെയുണ്ടായിരുന്നു.

കരിയര്‍ ടെസ്റ്റ് എടുക്കാന്‍ അവര്‍ക്ക് സമ്മതമല്ലാത്തതുകൊണ്ട് ഈ കേസ് എടുക്കാന്‍ ഞാന്‍ തയാറായില്ല. കാരണം കുട്ടിയുടെ വ്യക്തിത്വം, അഭിരുചി, ഇഷ്ടപ്പെട്ട തൊഴില്‍ അന്തരീക്ഷം തുടങ്ങിയവ മനസിലാക്കാതെ എങ്ങനെയാണ് ഒരു കുട്ടിയോട് ഏത് തൊഴില്‍മേഖല തെരഞ്ഞെടുക്കണമെന്ന് പറയുന്നത്.

ഞാന്‍ അവരോട് ടെസ്റ്റ് എടുക്കാന്‍ പറഞ്ഞു. പക്ഷെ അവര്‍ അഡ്മിഷന് വേണ്ടി പണം കൊടുത്തിരുന്നു. ഇനി ടെസ്റ്റില്‍ അവന്റെ അഭിരുചി വ്യത്യസ്തമാണെന്ന് മനസിലായാല്‍ ആ പണം നഷ്ടമാകില്ലേ എന്നായിരുന്നു അവരുടെ വിഷമം.

എന്തായാലും കുട്ടിക്ക് മെഡിസിന് ചേരാന്‍ ഒട്ടും താല്‍പ്പര്യമില്ല. അവന് ഒരു ഫിറ്റ്‌നസ് ട്രെയ്‌നറാകണം. എന്നിട്ട് സ്വന്തം ജിം തുടങ്ങണം.

അവര്‍ അസസ്‌മെന്റ് എടുക്കാന്‍ തയാറാകാതെ തിരിച്ചുപോയി. മടങ്ങിവന്നതുമില്ല.

അവനെ ആ മെഡിക്കല്‍ കോളെജില്‍ ചേര്‍ത്തു. മാതാപിതാക്കള്‍ വിദേശത്തേക്ക് പറന്നു.

ആദ്യദിവസം തന്നെ അവന് ഒന്നിനോടും പൊരുത്തപ്പെടാനായില്ല. ഹോസ്റ്റലും കോളെജും ഭക്ഷണവും സീനിയേഴ്‌സിന്റെ പെരുമാറ്റവും ഒന്നും... ക്ലാസില്‍ അവന്‍ ഏറെ കഷ്ടപ്പെട്ടു. അവന് കടുത്ത ശര്‍ദ്ദിയുണ്ടായി. അത് ഓരോ ദിവസം ചെല്ലുന്തോറും കൂടിവന്നു. അതിന്റെ കാരണമെന്താണെന്ന് ആര്‍ക്കും മനസിലായില്ല. ഭക്ഷണം കഴിക്കുന്നതുതന്നെ കുറഞ്ഞുവന്നു. ഒടുവില്‍ അവന്‍ ഒരു അസ്ഥികൂടം പോലെയായി.

സാഹചര്യം വളരെ മോശമായിരുന്നതുകൊണ്ട് മാതാപിതാക്കളെ കോളെജിലേക്ക് വിളിപ്പിച്ചു. കുട്ടിയുടെ കോലം കണ്ട് അമ്മ തലകറങ്ങി വീഴാറായി.

അവന്റെ മാനസികാരോഗ്യവും തകര്‍ന്നു. ആകെ ഉള്‍വലിഞ്ഞ പ്രകൃതമായി. തന്നെ ഈ നിലയിലാക്കിയ മാതാപിതാക്കളോടും അവന് ദേഷ്യമായി.

ഒടുവില്‍ അവനെ മാതാപിതാക്കള്‍ വീട്ടിലേക്ക് കൊണ്ടുവന്നു. അതല്ലാതെ അവര്‍ക്ക് വേറെ വഴിയില്ലായിരുന്നു. അവന്റെ ആരോഗ്യം മെച്ചപ്പെടുത്തണമായിരുന്നു.

പക്ഷെ അവരാദ്യം ചെയ്തത് അവനെ അവരുടെ കുടുംബജ്യോല്‍സ്യന്റെ അടുത്ത് കൊണ്ടുപോവുകയായിരുന്നു. അദ്ദേഹം പറഞ്ഞതെല്ലാം ചെയ്തു. എല്ലാം വൃഥാവിലായി.

വളരെ വിദ്യാസമ്പന്നരായ ആ മാതാപിതാക്കള്‍ അവനെ ഒരു സൈക്കാട്രിസ്റ്റിന്റെ അടുത്തുമാത്രം കൊണ്ടുപോയില്ല. സൈക്കാട്രിസ്റ്റിനെ കാണുന്നത് മോശം കാര്യമായാണല്ലോ സമൂഹം പൊതുവെ ചിന്തിക്കുന്നത്.

ഒടുവില്‍ കാര്യങ്ങള്‍ നിയന്ത്രണം വിട്ടുപോയി. സൈക്കാട്രിസ്റ്റിനെ കാണേണ്ടിവന്നു. മരുന്നുകള്‍ തുടങ്ങി. ഒരു വര്‍ഷത്തോളം മരുന്ന് കഴിച്ചും തുടര്‍ച്ചയായ കൗണ്‍സിലിംഗ് കൊണ്ടുമാണ് അവന്‍ സാധാരണജീവിതത്തിലേക്ക് തിരിച്ചുവന്നത്.

അവന്‍ കോളെജിലേക്ക് തിരിച്ചുപോകുമെന്ന് തന്നൊയിരുന്നു അവരുടെ പ്രതീക്ഷ. പക്ഷെ ഇത്തവണ അവന്‍ വളരെ ധൈര്യത്തോടെ തന്നെ തനിക്ക് മെഡിസിന് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞു. തനിക്ക് ഒരു കരിയര്‍ അനലിസ്റ്റിനെ കാണണമെന്ന് അവന്‍ തന്നെ ആവശ്യപ്പെട്ടു.

അവര്‍ ഞങ്ങളുടെ അടുത്തെത്തി. ഞങ്ങള്‍ അസസ്‌മെന്റ് നടത്തി. അവന്‍ മെഡിസിന്‍ പഠനം തുടര്‍ന്നിരുന്നുവെങ്കില്‍ അത് ഒരു വലിയ ദുരന്തമാകുമായിരുന്നുവെന്ന് ടെസ്റ്റിലൂടെ മനസിലായി.

ബി.കോം എടുത്തിട്ട് മാര്‍ക്കറ്റിംഗ് & സെയ്ല്‍സില്‍ മാസ്‌റ്റേഴ്‌സ് ചെയ്യാനായിരുന്നു അവന് താല്‍പ്പര്യം. ബിരുദവും ബിരുദാനന്തരബിരുദവും കഴിഞ്ഞ് അവന്‍ ഇന്ന് വിദേശത്ത് ഒരു പ്രമുഖ കമ്പനിയില്‍ അതിന്റെ വൈസ് പ്രസിഡന്റായി ജോലി ചെയ്യുന്നു.

നോക്കൂ, തന്റെ കരിയറിന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ അവസരം കിട്ടിയപ്പോള്‍ ആ മൊട്ട് തനിയെ വിടര്‍ന്ന് മനോഹരമായ ഒരു പുഷ്പമായത് കണ്ടില്ലേ?

കുട്ടിക്ക് ഇഷ്ടമില്ലാത്ത വഴിയിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചാല്‍ അതിന് നിങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഓര്‍ക്കുക. ഈ കുട്ടിയുടെ കാര്യത്തില്‍ സംഭവിച്ചത് തന്നെ ഉദ്ദാഹരണം. അവര്‍ക്ക് തങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം നഷ്ടപ്പെട്ടു. മന:സമാധാനം പോയി. കുട്ടിയാകട്ടെ വലിയ മാനസികാഘാതത്തിലൂടെ കടന്നുപോയി. അവന് രണ്ട് അക്കാഡമിക് വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടു.

എന്തുകൊണ്ടാണ് നമ്മള്‍ മാതാപിതാക്കള്‍ കുട്ടികളുടെ ഭാവിയുടെ കാര്യത്തില്‍ ഇത്രത്തോളം ഇടപെടല്‍ നടത്തുന്നത്? മിക്കപ്പോഴും അതവരെ സഹായിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സമയവും സാഹചര്യവും മാറി. തീരുമാനമെടുക്കേണ്ടത് കുട്ടിയാണ്. കാരണം അവരാണ് തങ്ങളുടെ ജീവിതത്തിന്റെ 40-50 വര്‍ഷങ്ങള്‍ തെരഞ്ഞെടുത്ത തൊഴില്‍ അന്തരീക്ഷത്തില്‍ ജോലി ചെയ്യേണ്ടത്. അവരെ പിന്തുണയ്ക്കുകയും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാണ് നമ്മള്‍ മാതാപിതാക്കളുടെ കടമ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News