വീടൊരു മിലിട്ടറി ക്യാമ്പായാല്‍...!

Update: 2020-08-22 02:30 GMT

''എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനുണ്ട്.''

18 വയസുതോന്നിക്കുന്ന വളരെ സ്മാര്‍ട്ടായ ഒരു പയ്യന്‍. ഒറ്റയ്ക്കാണ് വരവ്. സാധാരണഗതിയില്‍ മാതാപിതാക്കളുടെ അകമ്പടിയോടെയായിരിക്കും എല്ലാവരും കൗണ്‍സിലിംഗിന് വരുന്നത്. സംസാരിക്കുന്നതും മാതാപിതാക്കള്‍ തന്നെ. (ഇത് ഇന്ത്യയില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക പ്രതിഭാസമാണ്!) മക്കളുടെ പ്രായമൊന്നും ഇക്കാര്യത്തില്‍ ബാധകമല്ല.

എന്തായാലും ഈ പയ്യന്‍ തനിയെ വരാനുള്ള ധൈര്യം കാണിച്ചല്ലോ. എനിക്ക് മതിപ്പുതോന്നി.

''മാം... ആര്‍ യു ഓക്കേ?''

''ആഹ് യെസ് യെസ്... പറയൂ.''

അവന്‍ കഥ പറഞ്ഞുതുടങ്ങി.

''ഞാന്‍ എന്റെ അച്ഛന്റെയും അമ്മയുടെയും ഒരേയൊരു മകനാണ്. അച്ഛന്‍ ആര്‍മിയിലായിരുന്നു. എന്റെ വീടൊരു മിലിട്ടറി ക്യാമ്പ് ആണ്!''

''ആഹാ...മിലിട്ടറി ക്യാമ്പ്?''

''അതേ, എന്റെ അച്ഛന് എല്ലാക്കാര്യത്തിലും കൃത്യത കൂടുതലാണ്. എല്ലാവരും അങ്ങനെയാകണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിക്കും. എപ്പോഴും എന്റെ അമ്മയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. ഉപ്പു പോരാ, എരിവു പോരാ, വെന്തില്ല, വെന്തുപോയി... എന്റെ അമ്മ മടുത്തു. ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്ന തരത്തിലുള്ള സ്വഭാവം. (കിലുക്കത്തിലെ തിലകന്റെ നല്ല ച്ഛായ)

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെങ്കിലും ഞങ്ങളുടെ വീട്ടില്‍ ഇപ്പോഴും ബ്രിട്ടീഷ് ഭരണമാണ്. സ്വാതന്ത്ര്യം ഒരു സ്വപ്‌നം മാത്രം. ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ രസം വേണ്ടേ. എനിക്ക് ഒരു സാധാരണ കൗമാരക്കാരനാകണം. ജങ്ക് ഫുഡ് കഴിക്കണം. പക്ഷെ ബഹുരാഷ്ട്രാ കമ്പനികളുടെ ഉല്‍പ്പന്നങ്ങളൊക്കെ ''കടക്കു പുറത്ത്' എന്നാണ് അങ്ങേരുടെ നിലപാട്.

എന്റെ അമ്മയ്ക്ക് സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട് ഒരു റോബോട്ടിനെപ്പോലെയായി.

അങ്ങനെയിരിക്കുമ്പോള്‍ ഞങ്ങളുടെ വാടക്കാരായി ഒരു പുതിയ ഫാമിലി വന്നു. ഒരു ചേട്ടനും പുള്ളിയുടെ ബാങ്ക് ജീവനക്കാരായ മാതാപിതാക്കളും. ഞാന്‍ ചേട്ടനുമായി വേഗം കമ്പനിയായി. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരുപാട് പൊതുവായ ഇഷ്ടങ്ങളുമുണ്ടായിരുന്നു.

ഒരു ദിവസം പുള്ളിയെനിക്ക് ഒരു ബുക്ക് വായിക്കാന്‍ തന്നു. ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത ഒരു ബുക്ക്. പിന്നീട് കൂടുതല്‍ കൂടുതല്‍ പുസ്തകങ്ങള്‍ തന്നു. പക്ഷെ അവ ഒളിപ്പിച്ചുവെക്കാന്‍ ബുദ്ധിമുട്ടായപ്പോള്‍ ഞാന്‍ അമ്മയുടെ മൊബീല്‍ എടുത്ത് കാണാന്‍ തുടങ്ങി.

പതിയെ എനിക്ക് എന്തു ചെയ്യാനും താല്‍പ്പര്യം നഷ്ടപ്പെട്ടു. ഒരുതരം ഉദാസീനത. വെറുതെ സമയം കളഞ്ഞുകൊണ്ടിരുന്നു. എത്ര കണ്ടാലും വീണ്ടും വീണ്ടും കാണണം. ഞാന്‍ പോണ്‍ വീഡിയോകള്‍ക്ക് അടിമയായി.

എനിക്ക് വന്ന മാറ്റം അമ്മ ശ്രദ്ധിച്ചു. ഞാന്‍ എല്ലാവരോടും അകലം കാണിച്ചു. ആരോടും സംസാരിക്കാതെയായി. ഇക്കാര്യത്തെക്കുറിച്ച് എനിക്ക് മാതാപിതാക്കളോട് സംസാരിക്കാനാകില്ലല്ലോ. അറിഞ്ഞാല്‍ അച്ഛനെന്നെ വെടിവെച്ചുകൊല്ലും. അമ്മ തകര്‍ന്നുപോകും. എനിക്ക് ഈ അവസ്ഥയില്‍ നിന്ന് പുറത്തുചാടണമായിരുന്നു.

എനിക്കൊരു മാറ്റം വേണമായിരുന്നു. അമ്മയുടെ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു. അവിടെ കസിന്‍സിന്റെ  കൂടെ സമയം ചെലവഴിച്ച് ശ്രദ്ധ മാറ്റാന്‍ ശ്രമിച്ചു. പക്ഷെ ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ആരുടെയെങ്കിലും ഫോണ്‍ അവരറിയാതെ എടുത്ത് കാണാന്‍ ശക്തമായി തോന്നല്‍. പക്ഷെ ഭാഗ്യത്തിന് അവിടെ നെറ്റ്‌വര്‍ക് ഇല്ലായിരുന്നു. എനിക്ക് വീട്ടിലേക്ക് തിരിച്ചുപോകാന്‍ വരെ തോന്നി. പക്ഷെ അവിടെ സമയം ചെലവഴിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നത് ഉപകാരമായി. എന്നിട്ടും എന്റെ മനസ് കൈവിട്ടുപോകുമോയെന്ന് ചിലനേരത്ത് ഞാന്‍ ഭയപ്പെട്ടു.

ഒരു മാസത്തിന് ശേഷമാണ് ഞാന്‍ വീട്ടിലെത്തുന്നത്. അപ്പോഴേക്കും അഡിക്ഷന്‍ ഏകദേശം മാറിയിരുന്നു. എന്നെ പഴയതുപോലെ ഊര്‍ജ്ജസ്വലനായി കണ്ടതില്‍ അമ്മയ്ക്ക് ഏറെ സന്തോഷമായി.

മാം, മൂന്ന് മാസമായി ഞാനിതുവരെ പോണ്‍ വീഡിയോ കണ്ടിട്ടില്ല. എനിക്കിപ്പോള്‍ എന്റെ കാര്യത്തില്‍ പൂര്‍ണ്ണ നിയന്ത്രണമുണ്ട്. കോളെജ് അടുത്തുതന്നെ തുറക്കും. പക്ഷെ വീണ്ടും അതിലേക്ക് വീണുപോകുമോയെന്ന് എനിക്ക് പേടിയുണ്ട്. എനിക്ക് നിങ്ങളുടെ സഹായം വേണം.''

അതായിരുന്നു അവന്റെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം. ഞങ്ങള്‍ അവന് തെറാപ്പി ആരംഭിച്ചു. അവന് ആത്മവിശ്വാസം കിട്ടുന്നതുവരെ അത് തുടര്‍ന്നു.

ഈ സംഭവം എന്നെ ചിന്തിപ്പിച്ചു. നമ്മള്‍ നമ്മുടെ കുട്ടികള്‍ക്ക് ആവശ്യത്തിന് ലൈംഗിക വിദ്യാഭ്യാസം കൊടുക്കുന്നുണ്ടോ? എന്താണ് കുട്ടികള്‍ കാണുന്നതെന്ന് നമ്മള്‍ ശ്രദ്ധിക്കാറുണ്ടോ? ഇന്റര്‍നെറ്റ് പോണ്‍ അഡിക്ഷന്‍ ഇന്ന് സര്‍വസാധാരണമാണ്. പക്ഷെ ഈ അവസ്ഥയില്‍ പല മാതാപിതാക്കള്‍ക്കും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല.

കുട്ടികളില്‍ പോണ്‍ അഡിക്ഷന്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ നിങ്ങളത് വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍. പെട്ടെന്നുതന്നെ ഒരു തെറാപ്പിസ്റ്റിന്റെ സഹായം തേടണം.

ഈ അവസ്ഥയില്‍ വളരെയധികം നാണക്കേടിലൂടെയും കുറ്റബോധത്തിലൂടെയുമാണ് കുട്ടികള്‍ കടന്നുപോകുന്നത്. അവരോട് സൗമ്യതയോടെ ഇടപെടുക. അപ്പോള്‍ കാര്യങ്ങള്‍ തുറന്നുപറയുന്നത് സുരക്ഷിതമാണെന്ന് അവര്‍ക്ക് തോന്നും.

അവരോടൊപ്പമായിരിക്കുക. അവരോടൊപ്പമുണ്ടെന്ന് അവരറിയട്ടെ. അവര്‍ എക്കാലവും നിങ്ങളോട് നന്ദിയുള്ളവരായിരിക്കും. ഈ സാഹചര്യത്തില്‍ നിങ്ങള്‍ കുട്ടികളോട് എങ്ങനെ ഇടപെടുന്നുവെന്നതിലാണ് വിശ്വാസത്തിന്റെയും സുരക്ഷിതത്വത്തിന്റെയുമൊക്കെ പുതിയ അടിത്തറയിടുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News