ഇസാഫ് എംഡിയുടെ രാജിയ്ക്ക് പിന്നിൽ സാങ്കേതിക പ്രശ്നങ്ങൾ

Update: 2018-06-22 05:30 GMT

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും പ്രമോട്ടറുമായ കെ. പോൾ തോമസ് സ്ഥാപനത്തിന്റെ എംഡി, സി.ഇ.ഒ എന്നീ സ്ഥാനങ്ങൾ ഒഴിഞ്ഞു. ബാങ്കിംഗ് റെഗുലേഷൻ ആക്ട് 1949 പ്രകാരമുള്ള ചട്ടങ്ങൾ പാലിക്കുന്നതിനായാണ് രാജി. എന്നാൽ, സെപ്റ്റംബർ അവസാനത്തോടെ അദ്ദേഹം തിരിച്ചെത്തും.

ഡയറക്ടർ ബോർഡ് അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചെങ്കിലും ബാങ്കിന്റെ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ ആയി തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ബാങ്കിന്റെ ഹോൾഡിങ് കമ്പനിയായ ഇസാഫ് മൈക്രോ ഫൈനാൻസിൽ അദ്ദേഹത്തിനുള്ള ഓഹരി വിറ്റാൽ മാത്രമേ ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരം മാനേജിങ് ഡയറക്ടർ സ്ഥാനത്ത് തുടരാനാകൂ. സെപ്റ്റംബർ 28 വരെ ലോക്ക്-ഇൻ പീരീഡിലായത് മൂലം ഇപ്പോൾ അത് വിൽക്കാൻ നിർവാഹമില്ല. ഈ സാഹചര്യത്തിലാണ് രാജി.

ലോക്ക്-ഇൻ പീരീഡിന് ശേഷം ഓഹരി വിൽക്കുന്നതോടെ അദ്ദേഹത്തിന് തിരിച്ചു വരാനാകും.

സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ മേധാവി വി.എ. ജോസഫ്, സിൻഡിക്കേറ്റ് ബാങ്ക് മുൻ എംഡി ജോർജ് ജോസഫ് എന്നിവരടങ്ങുന്ന കമ്മിറ്റിയായിരിക്കും അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ബാങ്കിന്റെ ചുമതലകൾ വഹിക്കുക.

Similar News