പത്തോളം ഇന്ത്യാക്കാരുടെ സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ ദുരൂഹത; അവകാശം സ്വിസ് സര്‍ക്കാരിലേക്ക്

Update: 2019-11-11 06:07 GMT

സ്വിസ് ബാങ്കുകളില്‍ പത്തിലേറെ ഇന്ത്യാക്കാരുടെ പേരിലുള്ള അക്കൗണ്ടുകള്‍ക്ക് അവകാശികളില്ലാത്തിതിനാല്‍ ഈ പണം സ്വിറ്റ്‌സര്‍ലന്റ് സര്‍ക്കാരിനു സ്വന്തമാകാന്‍ വഴി തെളിഞ്ഞു. 1954 മുതല്‍ യാതൊരു വിധ അന്വേഷണങ്ങളും ഇടപാടുകളും ഉണ്ടാകാത്ത അക്കൗണ്ടുകളാണിവ.

ആഗോള തലത്തില്‍ ഉയര്‍ന്ന സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് തങ്ങളുടെ ബാങ്കിങ് രേഖകളുടെ രഹസ്യസ്വഭാവം മാറ്റാന്‍ സ്വിറ്റ്‌സര്‍ലന്റ് തീരുമാനിച്ചത്. സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള ഇന്ത്യാക്കാരുടെ വിവരങ്ങളുടെ ആദ്യ ബാച്ച് ഈയിടെയാണ് കൈമാറിയത്. കൂടുതല്‍ വിവരങ്ങള്‍ വരും നാളുകളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

സ്വിസ് അക്കൗണ്ടുകള്‍ എന്നും ഇന്ത്യയില്‍ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിയിരുന്നു. ഇന്ത്യാക്കാര്‍ കള്ളപ്പണം ഒളിപ്പിച്ചിരിക്കുന്നത് ഇവിടെയാണെന്നാണ് പൊതുവായി വിശ്വസിക്കപ്പെട്ടത്. അതേസമയം മുന്‍പ് രാജഭരണ കാലം മുതല്‍ രാജ്യത്തെ പല സമ്പന്നരും സ്വിസ് ബാങ്കുകളില്‍ പണം നിക്ഷേപിച്ചിരുന്നുവെന്നും സംശയിക്കുന്നുണ്ട്.

ബ്രിട്ടീഷ് ഇന്ത്യയിലെ പൗരന്മാരുടെ പേരിലുള്ളതാണ് അജ്ഞാതമായവശേഷിക്കുന്ന ചില അക്കൗണ്ടുകള്‍. എന്നാല്‍, അനക്കമില്ലാതെ കിടക്കുന്ന ഇവയ്ക്ക് ഇതുവരെ അവകാശികള്‍ ആരും എത്തിയിട്ടില്ല. ഇതില്‍ ചില അക്കൗണ്ടുകളുടെ അവകാശം അറിയിക്കാനുള്ള കാലാവധി അടുത്ത മാസം അവസാനിക്കും. മറ്റുള്ള അക്കൗണ്ടുകള്‍ക്ക് 2020 അവസാനം വരെ കാലാവധിയുണ്ട്.

എന്നാല്‍, 2015 ഡിസംബറില്‍ അക്കൗണ്ട് വിവരങ്ങള്‍ പരസ്യപ്പെടുത്തിയ ഉടന്‍ തന്നെ പാക്കിസ്ഥാനിലെയും സ്വിറ്റ്‌സര്‍ലന്റിലെയും ചിലരുടെ പേരിലുള്ള അക്കൗണ്ടുകള്‍ക്ക് അവകാശികള്‍ എത്തിയിരുന്നു. 1955 മുതല്‍ അനക്കമില്ലാതെ കിടക്കുന്ന 2600 അക്കൗണ്ടുകളാണ് ഉള്ളത്. ഏതാണ്ട് മുന്നൂറ് കോടിയോളം രൂപയാണ് ഈ അക്കൗണ്ടുകളിലുള്ളത്.കൂടുതല്‍ അക്കൗണ്ടുകള്‍ 2015 ന് ശേഷവും ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തിരുന്നു. ഇപ്പോള്‍ ഈ അക്കൗണ്ടുകളുടെ എണ്ണം 3,500 ആയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News