ഫെഡറല്‍ ബാങ്കിന്റെ പുതിയ എം.ഡി ആന്‍ഡ് സി.ഇ.ഒ: കൊട്ടക് ബാങ്കിന്റെ കെ.വി.എസ് മണിയന് സാധ്യതയേറി

കൊട്ടക് മഹീന്ദ്ര ബാങ്കില്‍ നിന്ന് കെ.വി.എസ് മണിയന്‍ രാജിവച്ചു

Update: 2024-05-01 07:25 GMT

KVS Manian and Shyam Srinivasan (Image : Kotak Bank and Federal Bank websites)

ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ഫെഡറല്‍ ബാങ്കിന്റെ അടുത്ത മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി നിയമിക്കപ്പെടാന്‍ കെ.വി.എസ്. മണിയന് സാധ്യതയേറി. നിലവില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മുഴുവന്‍-സമയ (ഹോൾടൈം)​ ഡയറക്ടറും ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായിരുന്ന കൃഷ്ണന്‍ വെങ്കട് സുബ്രഹ്‌മണ്യന്‍ എന്ന കെ.വി.എസ്. മണിയന്‍ എപ്രില്‍ 30ന് തത്‌സ്ഥാനത്തുനിന്ന് രാജിവച്ചിട്ടുണ്ട്.
ഇതോടെയാണ് അദ്ദേഹം ഫെഡറല്‍ ബാങ്കിന്റെ തലപ്പത്തേക്ക് എത്തുമെന്ന സൂചന ശക്തമായത്. ധനകാര്യമേഖലയില്‍ നിന്ന് തന്നെയുള്ള മറ്റ് പുതിയ അവസരങ്ങള്‍ തേടുന്ന പശ്ചാത്തലത്തിലാണ് കൊട്ടക് ബാങ്കില്‍ നിന്നുള്ള രാജിയെന്ന് ബാങ്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ സൂചിപ്പിച്ചിട്ടുമുണ്ട്.
കൊട്ടക് ബാങ്കില്‍ 30 വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തനത്തിന് ശേഷമാണ് കെ.വി.എസ്. മണിയന്‍ പടിയിറങ്ങുന്നത്. ഐ.ടി സംവിധാനങ്ങളിലെ വീഴ്ചകളെ തുടര്‍ന്ന് കൊട്ടക് ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് കര്‍ശന നടപടികളെടുത്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് കെ.വി.എസ്. മണിയന്റെ രാജിയെന്നതും പ്രസക്തമാണ്.
ശ്യാം ശ്രീനിവാസന്‍ പടിയിറങ്ങുന്നു
ഫെഡറല്‍ ബാങ്കിന്റെ നിലവിലെ എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്റെ പദവിയുടെ കാലാവധി ഈ വര്‍ഷം സെപ്റ്റംബര്‍ 22ന് അവസാനിക്കും. 2010ലാണ് ശ്യാം ഫെഡറല്‍ ബാങ്കിന്റെ എം.ഡി ആന്‍ഡ് സി.ഇ.ഒ ആകുന്നത്.
റിസര്‍വ് ബാങ്കിന്റെ ചട്ടപ്രകാരം തുടര്‍ച്ചയായി 15 വര്‍ഷമേ പദവി വഹിക്കാനാകൂ. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന് ഒരുവര്‍ഷം കൂടി കാലാവധി നീട്ടിനല്‍കണമെന്ന് റിസര്‍വ് ബാങ്കിനോട് ഫെഡറല്‍ ബാങ്ക് അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍, കുറഞ്ഞത് രണ്ട് പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള യോഗ്യരായവരുടെ പാനല്‍ സമര്‍പ്പിക്കാനാണ് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് കെ.വി.എസ്. മണിയന്റെ പേര് കൂടി ഉള്‍പ്പെടുത്തി, മൊത്തം മൂന്ന് പേരുടെ ചുരുക്കപ്പട്ടിക റിസര്‍വ് ബാങ്കിന് ഫെഡറല്‍ ബാങ്ക് സമര്‍പ്പിച്ചത്.
ഫെഡറല്‍ ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരായ ശാലിനി വാര്യര്‍, ഹര്‍ഷ് ദുഗ്ഗര്‍ എന്നിവരായിരുന്നു ചുരുക്കപ്പട്ടികയിലെ മറ്റ് രണ്ടുപേര്‍ എന്നാണ് സൂചനകള്‍. ഇക്കാര്യത്തില്‍ ഫെഡറല്‍ ബാങ്ക് ഇനിയും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
തലപ്പത്തേക്ക് കെ.വി.എസ്?
ശ്യാം ശ്രീനിവാസന്റെ പിന്‍ഗാമിയായി കെ.വി.എസ്. മണിയന്‍ ഫെഡറല്‍ ബാങ്കിന്റെ തലപ്പത്തെത്താനാണ് സാധ്യതകളേറെ. ഫെഡറല്‍ ബാങ്കിന്റെ ഓഫര്‍ അദ്ദേഹം സ്വീകരിക്കുമോ എന്ന് മേയ് 21നകം അറിയാനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കൊട്ടക് ബാങ്കും കെ.വി.എസ് മണിയനും
കൊട്ടക് ബാങ്കിന്റെ എം.ഡി ആന്‍ഡ് സി.ഇ.ഒ പദവിവിയില്‍ നിന്ന് രാജിവച്ച ഉദയ് കൊട്ടക്കിന്റെ പകരക്കാരനെ കണ്ടെത്താന്‍ ബാങ്ക് റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ച പട്ടികയില്‍ കെ.വി.എസ്. മണിയനുമുണ്ടായിരുന്നു. എന്നാല്‍, ബാങ്കിന് പുറത്തുനിന്നുള്ള അശോക് വാസ്വനിയെയാണ് റിസര്‍വ് ബാങ്ക് തിരഞ്ഞെടുത്തത്.
കഴിഞ്ഞ ഫെബ്രുവരി 20നാണ് കെ.വി.എസ്. മണിയന് ജോയിന്റ് മാനേജിംഗ് ഡയറക്ടറായി കൊട്ടക് ബാങ്ക് സ്ഥാനക്കയറ്റം നല്‍കിയത്. കൊട്ടക് ബാങ്കില്‍ നിന്ന് അദ്ദേഹം രാജിവയ്ക്കുന്നത് ഒഴിവാക്കാനായിരുന്നു ഇതെന്ന് അന്നേ സൂചനകളുണ്ടായിരുന്നു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-വാരാണസി, മുംബൈയിലെ ബജാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷമാണ് കെ.വി.എസ്. മണിയന്‍ ബാങ്കിംഗ് രംഗത്തേക്ക് ചുവടുവച്ചത്.
Tags:    

Similar News