റിസര്‍വ് ബാങ്കിന്റെ ധനനയ പ്രഖ്യാപനം 6 ന്; പലിശ കുറയില്ലെന്നു സൂചന

Update: 2020-02-04 05:34 GMT

കേന്ദ്ര ബജറ്റിന്മേലുള്ള വിലയിരുത്തലുകള്‍ക്കിടെ ഏവരുടെയും ശ്രദ്ധ ഇനി റിസര്‍വ് ബാങ്കിന്റെ ധനനയ അവലോകനത്തിലേക്ക്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിര്‍ണയ സമിതിയുടെ (എം.പി.സി) ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന യോഗത്തിന് ഇന്ന് തുടക്കമാകും. ആറിനാണ് ധനനയ പ്രഖ്യാപനം.

ജി.ഡി.പി വളര്‍ച്ച നടപ്പുവര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തിലെ അഞ്ചു ശതമാനത്തില്‍ നിന്ന് ജൂലായ്-സെപ്റ്റംബറില്‍ ആറര വര്‍ഷത്തെ താഴ്ചയായ 4.50 ശതമാനത്തിലേക്ക് ഇടിഞ്ഞതിനാല്‍ പലിശ കുറയ്ക്കുമെന്ന് പൊതുവേ പ്രതീക്ഷിച്ചെങ്കിലും ഡിസംബറില്‍ എം.പി.സി അതിനു സന്നദ്ധമായില്ല. നാണയപ്പെരുപ്പം കൂടിത്തുടങ്ങിയത് ചൂണ്ടിക്കാട്ടിയാണ് അന്ന് മുഖ്യ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിറുത്തിയത്. സെപ്റ്റംബറിലെ 3.99 ശതമാനത്തില്‍ നിന്ന് ഒക്ടോബറില്‍ 4.62 ശതമാനത്തിലേക്ക് റീട്ടെയില്‍ നാണയപ്പെരുപ്പം ഉയര്‍ന്നതാണ് പലിശ കുറയ്ക്കാതിരിക്കാന്‍ കാരണം.

ഡിസംബറില്‍ നാണയപ്പെരുപ്പം അഞ്ചരവര്‍ഷത്തെ ഉയരമായ 7.35 ശതമാനത്തിയതുകൊണ്ട്, ഇക്കുറിയും പലിശ കുറയ്ക്കാന്‍ സാദ്ധ്യത കുറവാണെന്നാണ് പൊതുവേയുള്ള നിരീക്ഷണം. നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെയാണെങ്കിലേ പലിശ കുറയ്ക്കാന്‍ എം.പി.സി തയ്യാറാകൂ.എല്ലാ യോഗത്തിലും പലിശ കുറയ്ക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

2019ല്‍ മാത്രം റിപ്പോ നിരക്ക് 1.35 ശതമാനം കുറച്ചിട്ടുണ്ട്. ഈ കുറവ് പ്രയോജനപ്പെടുത്താനാണ് നോക്കേണ്ടതെന്നും സമ്പദ്വളര്‍ച്ച ഉഷാറാകാന്‍ കൂടുതല്‍ നടപടികള്‍ സര്‍ക്കാരാണ് എടുക്കേണ്ടതെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഇത്തവണത്തെ ബജറ്റ് സമ്പദ്വളര്‍ച്ചയ്ക്ക് ഉണര്‍വേകുന്നതാണെന്ന് ധനമന്ത്രി അവകാശപ്പെടുന്നതിനിടെ റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കാനുള്ള സാദ്ധ്യത വിരളം.

ഇക്കുറി ബജറ്റില്‍ കുറഞ്ഞ നിരക്കുള്ള ആദായ നികുതി സ്‌ളാബ് പ്രഖ്യാപിച്ചത്, വിപണിയിലേക്കുള്ള പണമൊഴുക്ക് കൂട്ടുമെന്ന പ്രതീക്ഷ വളര്‍ത്തുന്നുണ്ട്. ഇത് നാണയപ്പെരുപ്പം കൂടുതല്‍ ഉയരാനിടയാക്കും. ഇതു മൂലവും റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കാന്‍ സാദ്ധ്യത അകലെയാണ്.

ഡിസംബറിലെ യോഗത്തില്‍, ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ പ്രതീക്ഷ റിസര്‍വ് ബാങ്ക് വെട്ടിക്കുറച്ചത് കേന്ദ്രസര്‍ക്കാരിനു സുഖമുണ്ടാക്കിയ തീരുമാനമായിരുന്നില്ല. 2019-20ല്‍ ഇന്ത്യ 7.4 ശതമാനം വളരുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ പറഞ്ഞ റിസര്‍വ് ബാങ്ക്, ഡിസംബറില്‍ അത് 5 ശതമാനത്തിലേക്ക് വെട്ടിത്താഴ്ത്തി. ഇത്തവണ റിസര്‍വ് ബാങ്ക് എന്തുപറയുമെന്ന ചോദ്യം വ്യാപകമാണ്.

ഇപ്പോള്‍ റിപ്പോ നിരക്ക് 5.15 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 4.90 ശതമാനവുമാണ്. സി.ആര്‍.ആര്‍ : 4.00 %, എം.എസ്.എഫ് :5.40%, എസ്.എല്‍.ആര്‍ : 18.50%.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News