മണിക്കൂറില്‍ 1,000 കിലോമീറ്റര്‍ വേഗം, 5 ജി നെറ്റ്‌വര്‍ക്ക്, വിമാനങ്ങളെ തോല്‍പ്പിക്കാന്‍ ഈ ചൈനീസ്‌ ട്രെയിന്‍

'സൂപ്പര്‍ ബിഗ് ഡീല്‍' എന്ന്‌ ഇലോണ്‍ മസ്‌ക്

Update:2024-12-03 16:17 IST

Image by Canva

വേഗതയില്‍ വിമാനങ്ങളെയും തോല്‍പ്പിക്കുന്ന പുതു തലമുറ ട്രെയിനുകള്‍ അവതരിപ്പിക്കാനുള്ള പരീക്ഷണത്തിലാണ് ചൈന. മണിക്കൂറില്‍ പരമാവധി 1,000 കിലോമീറ്റര്‍ വേഗത്തിലുള്ള ട്രെയിനാണ് ചൈന ഉദ്ദേശിക്കുന്നതെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ( SCMP) റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ കൗതുകമെന്തെന്നുവച്ചാല്‍ വാക്വം ട്യൂബുകളില്‍ ട്രെയിനുകളെ ചലിപ്പിക്കാന്‍ മാഗ്‌നെറ്റിക് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.

ഇലോണ്‍ മസ്‌കിന്റെ ഹൈപ്പര്‍ലൂപ്പ് ആശയത്തിന് സമാനമാണിത്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ദി ബോറിംഗ് കമ്പനി (The Boring Company) ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് സ്വയം ചലിക്കാനാകുന്ന ഇലക്ട്രിക് പോഡുകള്‍ക്ക് 1,000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകുന്ന ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഉണ്ടാക്കുന്നതിലാണ്.
മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ (maglev) എന്ന സാങ്കേതിക വിദ്യയാണ് ചൈന പുതിയ ട്രെയിനില്‍ ഉപയോഗിക്കുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ രണ്ട് കിലോമീറ്റര്‍ ദൂരമുള്ള വാക്വം ട്യൂബില്‍ രണ്ട് മാഗ്‌ലെവ് പ്രോട്ടോടൈപ്പ് ചൈന പരീക്ഷിച്ചിരുന്നു.
നേരിട്ടുള്ള ഇടപെടലില്ലാതെ തന്നെ വാഹനങ്ങളെയോ വസ്തുക്കളെയോ നിര്‍ത്താനോ മുന്നോട്ട് നയിക്കാനോ കാന്തിക ശക്തിയെ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് മാഗ്‌ലെവ്. ഇത് ഘര്‍ഷണം ഇല്ലാതാക്കികൊണ്ട് സുഗമമവും കാര്യക്ഷമവും ഉയര്‍ന്ന വേഗതയുള്ളതുമായ ഗതാഗതം സാധ്യമാക്കുന്നു.
വാഹനത്തിനും ട്രാക്ക് അല്ലെങ്കില്‍ 
ഗൈഡ് വേ
യ്ക്കും ഇടയില്‍ ഒരു വൈദ്യുതകാന്തിക മണ്ഡലം സൃഷ്ടിച്ചാണ് മാഗ്‌ലെവ് പ്രവര്‍ത്തിക്കുന്നത്. ഈ വൈദ്യുത കാന്തിക മണ്ഡലം മുകളിലേക്ക് ഒരു ബലം സൃഷ്ടിക്കുകയും അത് വഴി വാഹനത്തെ ട്രാക്കില്‍ നിന്ന് ഉയര്‍ത്തുകയും ചെയ്യുന്നു. ഒപ്പം മുന്നോട്ട് ഒരു കുതിപ്പും നല്‍കുന്നു.
ഈ ട്രെയിനുകളില്‍ 5 നെറ്റ്‌വര്‍ക്ക് സജ്ജമാക്കാനും ചൈനയ്ക്ക് പദ്ധതിയുണ്ട്. യാത്രയ്ക്കിടെ അള്‍ട്രാ എച്ച്.ഡി വീഡിയോകള്‍ കാണാനും ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാനും ഉപയോക്താക്കള്‍ക്ക് സാധിക്കും.

സൂപ്പര്‍ ബിഗ് ഡീലെന്ന് മസ്‌ക്

ഇതിനിടെ ചൈനയുടെ മാഗ്‌ലെവ് ട്രെയിനുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ മസ്‌കിന്റെ ശ്രദ്ധയിലും എത്തി. ബോക്‌സ് എന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ സി.ഇ.ഒ ആരോണ്‍ ലെവി എക്‌സില്‍ പങ്കുവച്ച റിപ്പോര്‍ട്ടിന് 'സൂപ്പര്‍ ബിഗ് ഡീല്‍' എന്നാണ് മസ്‌ക് കമന്റ് നല്‍കിയത്.

നിലവില്‍ ചൈനയിലോടുന്ന ട്രെയിനുകളുടെ ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 350 കിലോമീറ്റര്‍ ആണ്. 5ജി കണക്ഷനും ട്രെയിനുകളിലുണ്ട്. ഹൈ ഫ്രീക്വന്‍സി സിഗ്നലുകളെ അസ്ഥിരപ്പെടുത്തുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ചൈനയിലെ എന്‍ജിനിയീര്‍മാര്‍.
Tags:    

Similar News