ചരക്കുനീക്കത്തില്‍ 'ലക്ഷ്യം' ഭേദിച്ച് കൊച്ചി തുറമുഖം; റെക്കോഡ് തകര്‍ത്ത് വല്ലാര്‍പാടം ടെര്‍മിനലും
ബി.പി.സി.എൽ തുണച്ചു; വല്ലാര്‍പാടത്തെ ചരക്കുനീക്കം എക്കാലത്തെയും ഉയരത്തില്‍
ചരക്കുനീക്കത്തില്‍ പ്രതീക്ഷകളെ കടത്തിവെട്ടി കൊച്ചി തുറമുഖത്തിന്റെ നേട്ടം. മാര്‍ച്ച് 31ന് സമാപിച്ച 2023-24 സാമ്പത്തിക വര്‍ഷം മൊത്തം 36.32 മില്യണ്‍ മെട്രിക് ടണ്‍ ചരക്കുകളാണ് കൊച്ചി തുറമുഖം കൈകാര്യം ചെയ്തതെന്ന് കൊച്ചി തുറമുഖ അതോറിറ്റി ട്രാഫിക് വിഭാഗം അധികൃതര്‍ 'ധനംഓണ്‍ലൈനി'നോട് പറഞ്ഞു.
2022-23ലെ 35.26 മില്യണ്‍ മെട്രിക് ടണ്ണിനേക്കാള്‍ 3.01 ശതമാനം അധികമാണിത്. മൊത്തം കണ്ടെയ്‌നര്‍ നീക്കം 2022-23ലെ 6.95 ലക്ഷം ടി.ഇ.യുവിനെ (ട്വന്റി ഫുട്-ഇക്വിലന്റ് യൂണിറ്റ്/TEUs) അപേക്ഷിച്ച് 8.49 ശതമാനം വര്‍ദ്ധനയോടെ 7.54 ലക്ഷം ടി.ഇ.യുവിലുമെത്തി. ഇത് സര്‍വകാല റെക്കോഡാണ്. മൊത്തം ചരക്കുനീക്കം 36 മില്യണ്‍ മെട്രിക് ടണ്ണും കണ്ടെയ്‌നറുകള്‍ 7 ലക്ഷം ടി.ഇ.യുവും ഭേദിക്കുകയെന്ന ലക്ഷ്യവും വിജയകരമായി ഭേദിക്കാന്‍ കൊച്ചി തുറമുഖത്തിന് കഴിഞ്ഞു.
കൊച്ചി റിഫൈനറിയുടെ കരുത്തില്‍
കഴിഞ്ഞവര്‍ഷം പെട്രോളിയം ഉത്പന്നങ്ങള്‍, ക്രൂഡോയില്‍, എല്‍.എന്‍.ജി (POL volume) എന്നിവയുടെ നീക്കം 8.39 ശതമാനം ഉയര്‍ന്ന് 23.05 മില്യണ്‍ മെട്രിക് ടണ്ണായി. ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയുടെ ക്രൂഡോയില്‍ നീക്കത്തിലെ വര്‍ദ്ധനയാണ് ഇതിന് കരുത്തായത്. 2023-24ല്‍ 17.20 മില്യണ്‍ മെട്രിക് ടണ്‍ ക്രൂഡോയിലാണ് ബി.പി.സി.എല്‍ കൊച്ചി റിഫൈനറിക്കുവേണ്ടി കൊച്ചി തുറമുഖം കൈകാര്യം ചെയ്തത്. ഇത് എക്കാലത്തെയും ഉയര്‍ന്ന നേട്ടമാണെന്ന് ട്രാഫിക് വിഭാഗം അധികൃതര്‍ വ്യക്തമാക്കി.
റെക്കോഡ് തിരുത്തി മുന്നോട്ട്
2021-22നെ അപേക്ഷിച്ച് 2022-23ല്‍ മൊത്തം കണ്ടെയ്‌നര്‍ നീക്കത്തില്‍ കൊച്ചി തുറമുഖം 5.5 ശതമാനം നഷ്ടം നേരിട്ടിരുന്നു. എന്നാല്‍, ഈ പ്രതിസന്ധികളെ നിഷ്പ്രഭമാക്കുന്ന നേട്ടമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കൈവരിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
കൊച്ചി തുറമുഖത്തിന് കീഴിലെ കണ്ടെയ്‌നര്‍ ടെര്‍മിനലും ഡി.പി. വേള്‍ഡ് നിയന്ത്രിക്കുന്നതുമായ വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ (ICTT) കഴിഞ്ഞ ഏതാനും മാസങ്ങളായി റെക്കോഡുകള്‍ തിരുത്തിയുള്ള കുതിപ്പാണ് രേഖപ്പെടുത്തുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രം 75,141 ടി.ഇ.യു കണ്ടെയ്‌നറുകള്‍ വല്ലാര്‍പാടം ടെര്‍മിനല്‍ കൈകാര്യം ചെയ്തിരുന്നു. 2021 ജനുവരിയിലെ 71,543 ടി.ഇ.യു കണ്ടെയ്‌നറുകള്‍ എന്ന റെക്കോഡ് അതോടെ പഴങ്കഥയായി.
എന്നാല്‍, കഴിഞ്ഞമാസം ഈ റെക്കോഡും ഭേദിക്കപ്പെട്ടു. മാര്‍ച്ചില്‍ വല്ലാര്‍പാടം വഴി കടന്നുപോയ കണ്ടെയ്‌നറുകള്‍ 75,370 ടി.ഇ.യുവാണ്.
നേട്ടങ്ങള്‍ക്ക് പിന്നില്‍
കൂടുതല്‍ സര്‍വീസുകളെ കൊച്ചിയിലേക്ക് ആകര്‍ഷിക്കാനെടുത്ത നടപടികളാണ് തുറമുറഖത്തെ നേട്ടത്തിലേക്ക് നയിച്ചത്. ഗള്‍ഫ്, കിഴക്കനേഷ്യ, യൂറോപ്പ്, മെഡിറ്ററേനിയന്‍ മേഖലകളെ ബന്ധിപ്പിക്കുന്ന മെയിന്‍ലൈന്‍ സര്‍വീസുകള്‍ ആരംഭിക്കാനായത് ഡി.പി. വേള്‍ഡിന് മാനേജ്‌മെന്റ് ചുമതലയുള്ള വല്ലാര്‍പാടം ടെര്‍മിനലിന് മികച്ച കരുത്തായി. കൊച്ചി തുറമുഖം വഴിയുള്ള ചരക്കുനീക്കത്തിന്റെ 65 ശതമാനത്തോളം വിദേശ ഇടപാടുകളാണ്.