മാറുന്ന സാമ്പത്തിക ലോകത്ത് ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍; ഫെഡറല്‍ ബാങ്ക് എം.ഡിയുടെ നിരീക്ഷണങ്ങള്‍

ഡിജിറ്റല്‍ കുറ്റകൃത്യങ്ങളെ ഗൗരവമായി എടുക്കണം; സോഷ്യല്‍ മീഡിയയെ അവഗണിക്കരുത്

Update:2024-11-20 16:35 IST

സാമ്പത്തിക സേവന രംഗം അതിവേഗത്തില്‍ മാറുകയാണെന്നും ഈ മാറ്റങ്ങളെ തിരിച്ചറിയാതെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നോട്ടു പോകാനാകില്ലെന്നും ഫെഡറല്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ.വി.എസ് മണിയന്‍. സാങ്കേതിക വിദ്യ അതിവേഗം വളരുമ്പോള്‍, ആഗോള സാമ്പത്തിക ഇടപാടുകള്‍ പരസ്പരം ബന്ധിപ്പിക്കപ്പെടുന്നതായും ഇത് അവസരങ്ങള്‍ക്കൊപ്പം പുതിയ അപകട സാധ്യതകളും  വര്‍ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ധനം ബിസിനസ് മീഡിയയുടെ ബി.എഫ് എസ്.ഐ സമ്മിറ്റില്‍ അദ്ദേഹം പങ്കുവെച്ചത്, മാറുന്ന സാമ്പത്തിക ലോകത്തെ പുതിയ പ്രവണതകളെ കുറിച്ചാണ്. സാമ്പത്തിക ആവാസ വ്യവസ്ഥയുടെ സ്വഭാവം, സാധ്യതകള്‍, വെല്ലുവിളികള്‍ എന്നിവ സംബന്ധിച്ച 10 കാര്യങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

സമ്പാദ്യത്തിന്റെ സാമ്പത്തികവല്‍ക്കരണം

ഇന്ത്യയില്‍ മൂച്ച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണം നാല് മുതല്‍ അഞ്ച് കോടി വരെ വര്‍ഷത്തില്‍ ഉയരുന്നു. ഓരോ മാസവും പത്ത് ലക്ഷം പേര്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ ചേരുന്നു. 21,000 കോടി രൂപ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപമായി എത്തിയെന്നാണ് പുതിയ കണക്ക്. ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 130 മില്യണില്‍ നിന്ന് 174 മില്യണായി ഉയര്‍ന്നു. പ്രതിമാസം 30 ലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകള്‍ തുറക്കുന്നു. പരമ്പരാഗത നിക്ഷേപങ്ങളായ സ്വര്‍ണം, വസ്തു എന്നിവയില്‍ നിന്നുള്ള മാറ്റം ഇപ്പോള്‍ വളരെ വ്യക്തമാണ്. കോവിഡിന് ശേഷം സാമ്പത്തിക മേഖലയിലെ ഡിജിറ്റല്‍ വളര്‍ച്ച ഇതിന് കാരണമായിട്ടുണ്ട്. വരുമാനത്തിന്റെ വളര്‍ച്ച, സാമ്പത്തികമായ ചേര്‍ത്തു  നിര്‍ത്തല്‍, കൂടുന്ന ആയുര്‍ദൈര്‍ഘ്യം, പണപ്പരുപ്പത്തിന് അനുസരിച്ച് വരുമാനം വര്‍ധിക്കേണ്ട ആവശ്യകത തുടങ്ങിവയും സമ്പാദ്യം കൂടാന്‍ കാരണമായ ഘടകങ്ങളാണ്. സമ്പാദ്യത്തിനുള്ള വഴികള്‍, മൂച്വല്‍ ഫണ്ടുകള്‍ക്ക് അപ്പുറത്തേക്ക് വളരുകയാണ്. ബോണ്ടുകള്‍,  ക്രെഡിറ്റ് ഫണ്ട്, ഹൈബ്രിഡ് ഫണ്ട്, നാഷണൽ പെൻഷൻ ഫണ്ട്  പോലുള്ള നിരവധി മാര്‍ഗങ്ങളുണ്ട്.

സാങ്കേതിക വിദ്യയുടെ വളര്‍ച്ച

ഫെഡറല്‍ ബാങ്ക് ഇടപാടുകാരില്‍ 92 ശതമാനവും ഇന്ന് ഡിജിറ്റല്‍ പേയ്‌മെന്റാണ് നടത്തുന്നത്. ഡിജിറ്റല്‍ ഇടപാടുകളില്‍ വര്‍ഷം തോറും 45 ശതമാനമാണ് വളര്‍ച്ച. ഓരോ രണ്ട് വര്‍ഷവും ഇരട്ടിയായാണ് ഇത് വര്‍ധിക്കുന്നത്. സാങ്കേതിക വിദ്യയിലെ മാറ്റങ്ങളില്‍ നിന്ന് ബാങ്കുകള്‍ക്ക് മാറി നില്‍ക്കാനാകില്ല. യു.പി.ഐ  പോലുള്ള പെയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളുടെ കണ്ടുപിടിത്തം സൗകര്യങ്ങളുടെയും കാര്യക്ഷമതയുടെയും കാര്യത്തില്‍ വിപ്ലവമാണ് ഉണ്ടാക്കുന്നത്. പുതുതായി വളരുന്ന ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി വലിയ മാറ്റങ്ങളാണ് കൊണ്ടു വരാനിരിക്കുന്നത്. ഡിജിറ്റല്‍ കറന്‍സി കൊണ്ടു വരാന്‍ റിസര്‍വ് ബാങ്ക് അലോചിക്കുന്നുണ്ട്. യു.പി.ഐയുടെ രൂപത്തിലുള്ള ഡിജിറ്റല്‍ കറന്‍സിക്ക് അതിനേക്കാള്‍ വളരാനുള്ള ശേഷിയുണ്ട്. സ്മാര്‍ട്ട് കോണ്‍ട്രാക്ടുകള്‍, ഇടപാടുകളുടെ വികേന്ദ്രീകരണം തുടങ്ങി സാമ്പത്തിക മേഖലയെ ഉടച്ചു വാര്‍ക്കാന്‍ കഴിവുള്ളതാകും അത്. ഹോങ്കോങ്, തായ്‌ലാന്റ്, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് എം ബ്രിഡ്ജ് എന്നൊരു കറന്‍സിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് മൂന്നു രാജ്യങ്ങള്‍ക്കുമിടയില്‍ ടൂറിസ്റ്റുകള്‍ക്ക് പണമിടപാടുകള്‍ നടത്താന്‍ കഴിയും. കറൻസിയാക്കി മാറ്റാനും കഴിയും. ഇതുവഴിയുള്ള ഇടപാടുകള്‍ സര്‍ക്കാരുകള്‍ക്ക് വേഗത്തില്‍ നിരീക്ഷിക്കാനും കഴിയും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും കള്ളപണമിടപാടുകള്‍ക്ക് വേണ്ടിയും കറന്‍സികള്‍ ഉപയോഗിക്കുന്നത് തടയാന്‍ ഇത് സഹായിക്കും. ഇന്ത്യയിലും ഡിജിറ്റല്‍ കറന്‍സികള്‍ക്ക് വലിയ സാധ്യതയാണുള്ളത്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് ജീവനക്കാരുടെ കാര്യക്ഷമതയും ഇടപാടുകളുടെ നവീകരണവും മെച്ചപ്പെടുത്താനും കഴിയുന്നു.

ചിലവ് കുറഞ്ഞ മാതൃകകള്‍

ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നതും കൂടുതല്‍ ജനാധിപത്യ പരവും ചിലവ് കുറഞ്ഞതുമായ പേയ്‌മെന്റ് മോഡലുകള്‍ ഇന്ത്യയില്‍ വലിയ മാറ്റങ്ങളാണ് വരുത്തുന്നത്. ഈ മോഡലുകള്‍ ബാങ്കുകളുടെ ലാഭം കുറച്ചിട്ടുണ്ടെങ്കിലും ഇടപാടുകാരുടെ സൗകര്യങ്ങള്‍ വര്‍ധിക്കുന്നുണ്ട്. യു.പി.ഐ പോലുള്ള മാതൃകകള്‍ ഇന്ത്യക്ക് ആഗോള തലത്തില്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്നുണ്ട്. ബാങ്കിംഗ് സേവനങ്ങളെ ചിലവ് കുറഞ്ഞതും മെച്ചപ്പെട്ടതുമാക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.

അപകട സാധ്യതകള്‍

അതിവേഗം വളരുന്ന ടെക്‌നോളജി അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ക്കിടയില്‍ അസമത്വം വളര്‍ത്തുന്നു. ഡിജിറ്റല്‍ അവബോധത്തിന്റെ തോത് ജനങ്ങള്‍ക്കിടിയില്‍ വളരെയധികം വ്യത്യാസപ്പെട്ടാണ് വരുന്നത്. സാങ്കേതിക വിദ്യ തന്നെ അപകടകരമായ മുഖം കാണിക്കുന്നു. സങ്കീര്‍ണതകളും റിസ്‌കുകളും വര്‍ധിക്കുന്നു. ഇന്ത്യയില്‍ മൊത്തം സാമ്പത്തിക തട്ടിപ്പുകളില്‍ ഡിജിറ്റല്‍ തട്ടിപ്പുകള്‍ 2023 ല്‍ 1.1 ശതമാനമായിരുന്നു. 2024 ല്‍ അത് 10.4 ശതമാനമായിരിക്കുന്നു. ആഗോള തലത്തില്‍ 10.5 ട്രില്യന്‍ ഡോളറിന്റെ സൈബര്‍ കുറ്റങ്ങളാണ് നടക്കുന്നത്. ഇത് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ രണ്ട് മടങ്ങാണ്. വ്യാജ ഇമെയിലുകള്‍, എസ്.എം.എസുകള്‍, ഡിജിറ്റല്‍ അറസ്റ്റ് തുടങ്ങി പല രൂപത്തിലാണ് സൈബര്‍ കുറ്റങ്ങൾ  വര്‍ധിക്കുന്നത്. ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതും വര്‍ധിച്ചു. ഇത്തരം റിസ്‌കുകളെ കൂടി പരിഗണിച്ച് വേണം ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍.

വളരുന്ന ഉപഭോഗം

പണം ചെലവാക്കുമ്പോള്‍ ഒരാള്‍ക്കുണ്ടാകുന്ന വിഷമം സാമ്പത്തിക ശാസ്ത്രത്തില്‍ പ്രധാനമാണ്. പണം ചെലവാക്കാന്‍ മടി കാണിക്കുന്നതും ചിലവിടുന്ന പണത്തിനുള്ള മൂല്യം തിരിച്ചു കിട്ടുന്നുണ്ടോ എന്ന് നോക്കുന്നതും ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഡിജിറ്റല്‍ പെയ്‌മെന്റിന്റെ കാര്യത്തില്‍ ചെലവാക്കാനുള്ള വിഷമം കുറവാണ് എന്നാണ് കാണുന്നത്. 40 ശതമാനം പേരും ആസൂത്രണമില്ലാതെയാണ് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്തുന്നതെന്നാണ് ഡിലോയ്റ്റിന്റെ (Deloitte Centre for Innovation and Technology ) പഠനത്തില്‍ കണ്ടെത്തിയത്. ഉയരുന്ന ജീവിത നിലവാരം, നഗരവല്‍ക്കരണം, ആഗ്രഹങ്ങള്‍ എന്നിവ കടം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ബി.എന്‍.പി.എല്‍ (buy now, pay later) , ക്രെഡിറ്റ് കാര്‍ഡ്, സാലറി ലോണ്‍, പേഴ്‌സണല്‍ ലോണ്‍ എന്നിവയില്‍ വലിയ വളര്‍ച്ച  ഉണ്ടാകുന്നു. വായ്പയെടുക്കുന്നതിനോട് മടിയില്ലാത്ത മനോഭാവം ജനങ്ങള്‍ക്കിടയില്‍ വര്‍ധിക്കുന്നു. സമൂഹത്തിന്റെ  താഴെ കിടക്കിടയിൽ ഉള്ളവരും മൈക്രോ ഫിനാന്‍സ് ലോണുകള്‍ എടുക്കാന്‍ മടി കാണിക്കുന്നില്ല. ഇത്തരത്തില്‍ ഉപഭോഗ വായ്പകളിൽ ഉണ്ടാകുന്ന വര്‍ധനക്കനുസരിച്ചാണ് ബാങ്കുകള്‍ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്.

സോഷ്യല്‍ മീഡിയയുടെ സ്വാധീനം

സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം തിരിച്ചറിയാതെ മുന്നോട്ടു പോകാന്‍ ഇന്ന് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കഴിയില്ല. ജനങ്ങളുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കാന്‍ അതിന് കഴിയുന്നു. ബാങ്കുകളുടെ നയരൂപീകരത്തെ തന്നെ അത് ബാധിക്കുന്നു. അമേരിക്കയില്‍ കമ്പനി ഓഹരി വിലകള്‍ കുത്തനെ കൂട്ടാന്‍ വരെ സോഷ്യല്‍മീഡിയ കാരണമായി. സാമ്പത്തിക മേഖലയില്‍ സോഷ്യല്‍മീഡിയക്ക് വരുത്താന്‍ കഴിയുന്ന മാറ്റങ്ങൾ  ധനകാര്യ സ്ഥാപനങ്ങള്‍ ഗൗരവമായെടുക്കണം.

ഡാറ്റകളുടെ സംരക്ഷണം

ഓരോ വ്യക്തിയും അവരുടെ വ്യക്തിപരമായ വിവരങ്ങള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഈ ഡാറ്റകളുടെ ദുരുപയോഗം കൂടിയാല്‍  അപകടകരമായ അവസ്ഥയുണ്ടാക്കും. സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദപ്പെട്ട  ഡാറ്റാ സംരക്ഷണ സംവിധാനങ്ങള്‍ ഉണ്ടാകണം. ഇതു സംബന്ധിച്ച ഡി.പി.ഡി.പി നിയമം (Digital Personal Data Protection Act )  ഉള്‍പ്പെടുള്ള സര്‍ക്കാര്‍ ചട്ടങ്ങള്‍ വരാനിരിക്കുന്നുണ്ട്.

പരസ്പര ബന്ധിത ലോകം

1972 ല്‍ ഗണിത ശാത്രജ്ഞനായ എഡ്വേര്‍ഡ് ലോറന്‍സ് ബട്ടര്‍ഫ്‌ളൈ ഇഫക്ട് എന്ന സിദ്ധാന്തം കൊണ്ടു വന്നു. ബ്രസീലിലെ ഒരു പൂമ്പാറ്റയുടെ ചിറകുകള്‍ക്ക് ടെക്‌സാസില്‍ കൊടുങ്കാറ്റുണ്ടാക്കാന്‍ കഴിയമെന്നാണ്  ഈ സിദ്ധാന്തം സ്ഥാപിക്കുന്നത്. ലോകം അതിവേഗം പരസ്പരം ബന്ധിപ്പിക്കപ്പെടുകയാണ്. ഒരു രാജ്യത്തുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ച അതിവേഗം മറ്റു രാജ്യങ്ങളെയും ബാധിക്കാം. 2008 ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചത് അമേരിക്കയിലാണെങ്കിലും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക നിലയെ അത് ബാധിച്ചു. ആഗോള വ്യാപാരത്തില്‍ 12.9 ശതമാനം ഇടിവാണ് ഒരു വര്‍ഷത്തിനിടെ ഉണ്ടായത്. രാജ്യങ്ങള്‍ തമ്മിലുള്ള ഡിജിറ്റല്‍ കണക്ടിവിറ്റി കൂടുന്നതിനനുസരിച്ച് സാമ്പത്തിക മേഖലയില്‍ ആഗോള അപകട സാധ്യതകളും വര്‍ധിക്കുന്നു. ഇത് പുതിയ ബിസിനസ് മോഡലുകള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുക. ആഗോള തലത്തിലെ സാമ്പത്തിക മാറ്റങ്ങളെ കുറിച്ചുള്ള നിരീക്ഷണം ബലപ്പെടുത്തേണ്ടതുണ്ട്.

ശക്തരാകുന്ന ഇടപാടുകാര്‍

ഒരു ഇടപാടുകാരന് പരാതിയുണ്ടെങ്കില്‍  അത് ബ്രാഞ്ചുകളില്‍ നല്‍കുകയാണ് പതിവ്. അതിന്റെ നടപടി ക്രമങ്ങള്‍ക്ക് ഒരു മാസം സമയമെടക്കും. ഇപ്പോള്‍ പരാതികളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഇടപാടുകാര്‍ ബാങ്കിന്റെ സി.ഇ.ഒയെയോ റിസര്‍വ് ബാങ്ക് ഗവര്‍ണറെയോ വരെ മണിക്കൂറുകള്‍ക്കകം വിളിക്കും. ഉപഭോക്താക്കൾ  ഇന്ന് കൂടുതല്‍ ശക്തരാണ്. സാമ്പത്തിക സേവനങ്ങളില്‍ അവര്‍ക്ക് വിവിധ മാര്‍ഗങ്ങളും മെച്ചപ്പെട്ട ഒപ്ഷനുകളും ഉണ്ട്. കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ സ്ഥാപനങ്ങളുടെ പങ്ക് കുറഞ്ഞു വരികയാണ്. ഇടപാടുകാരോട് കൂടുതല്‍ സൗഹാര്‍ദപരമായും അനുകമ്പയോടെയും പെരുമാറേണ്ടതുണ്ട്. 

കാലാവസ്ഥാ മാറ്റങ്ങള്‍

വായ്പകള്‍ നല്‍കുമ്പോള്‍ കാലാവസ്ഥയിലെ മാറ്റങ്ങള്‍ വരെ ബാങ്കുകള്‍ പരിഗണിക്കേണ്ടി വരും. ഹ്രസ്വകാല- ദീര്‍ഘകാല വായ്പകള്‍ നല്‍കുമ്പോള്‍ കാലാവസ്ഥയെ കുറിച്ച് പഠിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. ഇത് പരിഗണിക്കാതെയുള്ള വായ്പ നല്‍കല്‍ സ്ഥാപനത്തിന് റിസ്‌കുകള്‍ വര്‍ധിപ്പിക്കും.

Tags:    

Similar News