അക്കൗണ്ട് ഉടമകളുടെ ആവശ്യങ്ങൾ അറിയാൻ ബാങ്കുകൾക്ക് എ ഐ സഹായമോ?
സാമ്പത്തിക തട്ടിപ്പുകൾ തടയാൻ സംവിധാനം വേണം
അക്കൗണ്ട് ഉടമകളുടെ ആവശ്യങ്ങൾ എന്താണെന്ന് അറിഞ്ഞ് സേവനങ്ങൾ ലഭ്യമാക്കാൻ നിർമ്മിത ബുദ്ധി ബാങ്കുകളെ സഹായിക്കുമോ? കൃത്യമായ ഡാറ്റകൾ കൈവശമുണ്ടെങ്കിൽ ബാങ്കുകൾക്ക് ഇത്തരത്തിലുള്ള സർവീസുകൾ ആരംഭിക്കാൻ കഴിയുമെന്ന് ഐ.ഡി.എഫ് സി ഫസ്റ്റ് ബാങ്ക് ഇൻഡിപെൻഡന്റ് ഡയറക്ടർ ഗണേഷ് കുമാർ പറയുന്നു. ധനം ബിസിനസ് മീഡിയ കൊച്ചി ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ബിഎസ്എഫ്ഐ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ബാങ്ക് അക്കൗണ്ട് ഉടമകളുടെ എണ്ണം കൂടുതൽ ആണെങ്കിലും സാമ്പത്തിക സേവനങ്ങൾ വളരെ കുറച്ച് പേരിലേക്ക് മാത്രമാണ് എത്തുന്നത്. സർക്കാർ പദ്ധതികൾക്ക് വേണ്ടി എടുക്കുന്ന അക്കൗണ്ടുകളിൽ പണം പിൻവലിക്കൽ മാത്രമാണ് നടക്കുന്നത്. ലോണുകൾ അടക്കമുള്ള ബാങ്കിംഗ് സേവനങ്ങൾ ഈ അക്കൗണ്ട് ഉടമകൾക്ക് ഉപകാരപ്പെടണമെങ്കിൽ നിർമ്മിത ബുദ്ധി പോലുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണം. ഒരു കർഷകനു കൃഷി നാശം സംഭവിച്ചാൽ അക്കാര്യം ബാങ്കിന് അറിയാൻ സംവിധാനം ഉണ്ടാകണം. അയാൾക്ക് ഏത് തരം വായ്പ വേണമെന്ന് അറിയാൻ കഴിയണം. കൃഷിയിൽ അയാളുടെ പരിമിതി എന്താണെന്നും സാധ്യതകൾ എന്താണെന്നും പഠിക്കാൻ ബാങ്കിന് നിർമിത ബുദ്ധി സഹായമാകണമെന്നും ഗണേഷ് കുമാർ പറഞ്ഞു.
തട്ടിപ്പുകൾ തടയാൻ സംവിധാനം വേണം
ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണം തട്ടാൻ സൈബർ ഇടങ്ങളിൽ നിർമ്മിത ബുദ്ധി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിൽ, അത് തടയാൻ ബാങ്കുകൾ നിർമ്മിത ബുദ്ധിയുടെ സഹായം തേടുന്നില്ല എന്നതാണ് ഇന്ത്യയിലെ അവസ്ഥ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക തട്ടിപ്പുകൾ തടയുന്നത് ബാങ്കുകളുടെ മാത്രം ഉത്തരവാദിത്വമായി അക്കൗണ്ട് ഉടമകൾ കാണരുത്. സ്വന്തം സാമ്പത്തിക വിവരങ്ങൾ സംരക്ഷിക്കാൻ എഐ ഉപയോഗപ്പെടുത്താൻ ഇടപാടുകാർക്ക് കഴിയണം. യു.പി.ഐ ഇടപാടുകളുടെ എണ്ണം വർദ്ധിച്ചതിനാൽ വ്യക്തിപരമായ ഡാറ്റകൾ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. സംരക്ഷിക്കുന്നതിന് ഓരോരുത്തരും നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ തേടണമെന്നും അദ്ദേഹം പറഞ്ഞു.
പൊതു നമ്പർ യാഥാർത്ഥ്യമായില്ല
ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിന് ബാങ്കിംഗ് മേഖലയിൽ രാജ്യത്ത് ഒട്ടാകെ പൊതുവായ ഒരു ഫോൺ നമ്പർ ഏർപ്പെടുത്തണമെന്ന നിർദ്ദേശം ഇതുവരെ നടപ്പായിട്ടില്ലെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. എല്ലാ ബാങ്കുകളും അവരുടെ ഇടപാടുകാരെ വിളിക്കുന്നത് പൊതുവായ ഒരു നമ്പറിൽ നിന്ന് ആകണമെന്ന നിർദ്ദേശമാണ് വർഷങ്ങൾക്കു മുമ്പ് ഉയർന്നുവന്നത്. നിലവിൽ പല നമ്പറുകളിൽ നിന്ന് അക്കൗണ്ട് ഉടമകൾക്ക് സന്ദേശം ലഭിക്കുന്നത് ആശയ കുഴപ്പത്തിന് കാരണമാകുന്നുണ്ട്. തട്ടിപ്പുകാർക്ക് ഇത് ഏറെ സഹായവും ആണ്. പൊതു നമ്പർ എന്ന ആശയം യാഥാർത്ഥ്യമായിരുന്നെങ്കിൽ തട്ടിപ്പിനെ ഒരു പരിധിവരെ തടയാൻ കഴിയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നിർമ്മിത ബുദ്ധിയുടെ വെല്ലുവിളികൾ
ബാങ്കിംഗ് മേഖലയിൽ നിർമ്മിത ബുദ്ധിക്ക് ഏറെ സംഭാവനകൾ നൽകാൻ കഴിയും. എന്നാൽ ഇത് ബാങ്കുകളുടെ പ്രവർത്തനത്തിന് വലിയ വെല്ലുവിളികളും ഉയർത്തും. തെറ്റായ വിവരങ്ങൾ പലപ്പോഴും എ ഐ ടൂളുകളിൽ നിന്ന് നിന്ന് ലഭിക്കാറുണ്ട്. അദ്ദേഹം പറഞ്ഞു. ശരിയായ രീതിയിൽ കസ്റ്റമറുടെ ഡാറ്റകൾ സംഭരിക്കാനായാൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് കൂടുതൽ ഫിനാൻഷ്യൽ സേവനങ്ങൾ നൽകാൻ ബാങ്കുകൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.