നാല് പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര നീക്കം, കാരണം ഇതാണ്
ഇന്നലെ ഈ ബാങ്കുകളുടെ ഓഹരി വിലകള്‍ നാല് ശതമാനം വരെ ഉയര്‍ന്നിരുന്നു
പൊതുമേഖലയിലുള്ള നാല് ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ഓഹരി വിപണി നിയന്ത്രകരായ സെബിയുടെ നിബന്ധന പാലിക്കാനാണ് നീക്കം.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂക്കോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയുടെ ഓഹരികള്‍ വിറ്റഴിക്കാനായി വരും മാസങ്ങളില്‍ ധനമന്ത്രാലയം കാബിനറ്റ് അനുമതി തേടുമെന്നാണ് അറിയുന്നത്.
സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 93 ശതമാനം ഓഹരി പങ്കാളിത്തമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 96.4 ശതമാനവും യൂക്കോ ബാങ്കില്‍ 95.4 ശതമാനവും പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍ 98.3 ശതമാനവും പങ്കാളിത്തമുണ്ട്.
നിബന്ധന പാലിക്കാൻ
ഓപ്പണ്‍ മാര്‍ക്കറ്റിലൂടെ ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴിയായിരിക്കും ഓഹരി വിറ്റഴിക്കലെന്നാണ് സൂചന. ലിസ്റ്റഡ് കമ്പനികളില്‍ 25 ശതമാനം പങ്കാളിത്തം പൊതു നിക്ഷേപകര്‍ക്കുണ്ടായിരിക്കണമെന്നാണ് സെബിയുടെ നിബന്ധന. എന്നാല്‍ 2026 ഓഗസ്റ്റ് വരെ ഈ നിബന്ധന പാലിക്കുന്നതില്‍ നിന്ന് പൊതുമേഖല സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. 2026 ഓഗസ്റ്റിനു മുമ്പായി ഈ ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കുമോ അതോ കേന്ദ്രം കാലാവധി നീട്ടിചോദിക്കുമോ എന്നതില്‍ വ്യക്തതയായിട്ടില്ല.
വിപണിയുടെ സ്ഥിതിയ്ക്കനുസരിച്ചായിരിക്കും എപ്പോഴത്തേക്ക് ഓഹരി വില്‍പ്പന നടത്തണമെന്നും എത്രമാത്രം ഓഹരികള്‍ വിറ്റഴിക്കണമെന്നും നിശ്ചയിക്കുക. ഇതേ കുറിച്ച് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.
നേരത്തെ ചില പൊതുമേഖല ബാങ്കുകള്‍ ക്യു.ഐ.പി (qualified institutional placements /QIP) വഴി മൂലധന സമാഹരണം നടത്തി സര്‍ക്കാരിന്റെ പങ്കാളിത്തം കുറച്ചിരുന്നു. സെപ്റ്റംബറില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് 500 കോടി രൂപയാണ് ക്യു.ഐ.പി വഴി സമാഹരിച്ചത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒക്‌ടോബറില്‍ 350 കോടി രൂപയും സമാഹരിച്ചു.
ഇന്നലെ ഓഹരി വില്‍പ്പന വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂക്കോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് എന്നിവയുടെ ഓഹരികള്‍ നാല് ശതമാനം വരെ ഉയര്‍ന്നിരുന്നു.
ഒ.എഫ്.എസ് വഴി ഓഹരി വിറ്റഴിക്കുന്നത് ഈ ഓഹരികളില്‍ ലിക്വിഡിറ്റി കൂട്ടുനിടയാക്കുമെന്നും ഓഹരികള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നുമാണ് ബ്രോക്കറേജുകള്‍ അഭിപ്രായപ്പെടുന്നത്.