യുഎഇ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്: പുതിയ പോളിസികളുമായി കമ്പനികള്‍; പ്രീമിയം കൂടും
അവയവ മാറ്റത്തിനും ഡയാലിസിസിനും കവറേജ്;
യുഎഇയില്‍ എല്ലാവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയതോടെ ഇന്‍ഷുറന്‍സ് വിപണി സജീവമായി. പുതിയ നിയമം തുറക്കുന്ന അവസരങ്ങള്‍ മുതലെടുക്കാന്‍ പുത്തന്‍ പോളിസി മോഡലുകളുമായി രംഗത്തെത്തുകയാണ് കമ്പനികള്‍. കൂടുതല്‍ സേവനങ്ങള്‍ നല്‍കി പോളിസി വില്‍പ്പന കൂട്ടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതേസമയം, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കാനും ഈ മല്‍സരം ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനുവരി ഒന്ന് മുതലാണ് ആരോഗ്യ ഇന്‍ഷുറന്‍സ് യുഎഇയിലെ എല്ലാ എമിറേറ്റുകളിലും നിര്‍ബന്ധമാക്കിയത്. വീട്ടുജോലിക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്കും യുഎഇയിലുള്ള ആശ്രിതര്‍ക്കും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്.
കൂടുതല്‍ കവറേജ്
നിലവിലുള്ള അടിസ്ഥാന പോളിസികളുമായി ചില കമ്പനികൾ മുന്നോട്ടു പോകുന്നുണ്ടെങ്കിലും കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി പോളിസികള്‍ക്ക് പുതിയ മുഖം നല്‍കാനാണ് കൂടുതൽ കമ്പനികളും ശ്രമിക്കുന്നത്. ഡെന്റല്‍, സൈക്കാട്രി, അവയവ മാറ്റം, ഡയാലിസിസ് തുടങ്ങിയവക്ക് കൂടി കവറേജ് നല്‍കുന്ന രീതിയിലാണ് പോളിസികള്‍ അവതരിപ്പിക്കുന്നത്. കൂടുതല്‍ സമഗ്രമായ പോളിസികള്‍ക്കാണ് കമ്പനികള്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് പോളിസി ബസാര്‍ ഡോട് കോം ബിസിനസ് ഹെഡ് തോഷിത ചൗഹാന്‍ പറയുന്നു.
അവയവ മാറ്റത്തിന് ഒരു ലക്ഷം ദിര്‍ഹം, ഡയാലിസിസിന് 60,000 ദിര്‍ഹം, മരുന്നുകൾക്ക് 2,500 ദിര്‍ഹം, മനോരോഗ ചികില്‍സക്ക് 800 ദിര്‍ഹം, ദന്ത ചികില്‍സക്ക് 500 ദിര്‍ഹം എന്നിങ്ങനെയാണ് കമ്പനികള്‍ പുതിയ പോളിസികളില്‍ കവറേജ് ഉള്‍പ്പെടുത്തുന്നത്.
പ്രീമിയം 20 ശതമാനം വരെ കൂടും
നിലവിലുള്ളതിനേക്കാള്‍ പ്രീമിയം തുക 20 ശതമാനം വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്‍ഷുറന്‍സ് മാര്‍ക്കറ്റ് ഡോട്ട് എഇയുടെ സി.ഇ.ഒ അവിനാഷ് ബാബര്‍ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ ക്ലെയിം റേറ്റ്, പുതിയ സേവനങ്ങളുടെ ഉള്‍പ്പെടുത്തലുകള്‍ എന്നിവക്കനുസരിച്ച് 15 മുതല്‍ 20 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്ന് അവിനാഷ് പറഞ്ഞു. അടിസ്ഥാന പോളിസികള്‍ക്കൊപ്പം അധിക കവറേജ് ഉള്‍പ്പെടുത്തിയുള്ള പോളിസികളാണ് കമ്പനികള്‍ കൂടുതലായി അവതരിപ്പിക്കുന്നത്. നിലവില്‍ അടിസ്ഥാന പോളിസികളുടെ കുറഞ്ഞ പ്രീമിയം തുക 320 ദിര്‍ഹമാണ്. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെയും വീട്ടുജോലിക്കാരുടെയും ഇന്‍ഷുറന്‍സ് പോളിസികള്‍ സ്‌പോണ്‍സര്‍മാര്‍ എടുക്കണമെന്നാണ് നിയമം. അതേസമയം, സ്വന്തം ബിസിനസുകള്‍ നടത്തുന്ന പ്രവാസികള്‍ ചിലവുകള്‍ സ്വയം വഹിക്കേണ്ടി വരും. വിസ പുതുക്കുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.