വളരെ ചെറുപ്പത്തില്‍ തന്നെ മാനേജര്‍ മാനേജര്‍ തസ്തികയില്‍ എത്തിയതാണ് വിവേക്. യാത്രകളും കുടുംബവുമൊന്നിച്ചുള്ള നിമിഷങ്ങളും ആഗ്രഹിക്കുന്ന വിവേക് ജോലി വിടുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ്. ജോലിക്ക് കയറിയപ്പോള്‍ തന്നെ വീട് വയ്ക്കാനും കാറു വാങ്ങാനുമൊക്കെ കുറഞ്ഞ പലിശയില്‍ വായ്പകള്‍ ബാങ്ക് നല്‍കിയിരുന്നു. ഉയര്‍ന്ന ശമ്പളം ഉള്ളതുകൊണ്ട് തന്നെ വലിയ ബാധ്യതകളാണ് ഏറ്റെടുത്തിരിക്കുന്നത്. ബാങ്കില്‍ തുടര്‍ന്നില്ലെങ്കില്‍ ഇത്രയും തുക തിരിച്ചടയ്ക്കുക വലിയ പ്രയാസമാകും. വിദേശത്ത് മികച്ച ഓഫര്‍ ലഭിച്ചാല്‍ കുടംബവുമൊത്തെ അങ്ങോട്ട് കുടിയേറാനാണ് പദ്ധതി.
സ്വകാര്യ-പൊതുമേഖല ബാങ്കുകളിലെ മിക്ക ജിവനക്കാര്‍ക്കും പറയാനുള്ളത് മടുപ്പിന്റെ കഥകളാണ്. ബാങ്ക് ജോലിയുടെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ആത്മഹത്യ ചെയത ജീവനക്കാരുടെ എണ്ണം 500 കടന്നതായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അടുത്തിടെ പുറത്തുവിട്ട ഒരു പ്രസ്താവനയില്‍ സൂചിപ്പിച്ചിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മരണപ്പെട്ടവര്‍ വേറെയും. ആയിരക്കണക്കിന് ജീവനക്കാരാണ് ഗുരുതര രോഗങ്ങള്‍ക്ക് അടിമപ്പെട്ട് ചികിത്സയിലുള്ളവര്‍. ലാഭം മാത്രം ലക്ഷ്യം വയ്ക്കുന്ന പുത്തന്‍ ബാങ്കിംഗ് നയത്തിന്റെ ഇരകളാണ് ഇവരെന്ന് യൂണിയനുകള്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ രാജ്യത്ത് ഏറ്റവും ആകര്‍ഷകമായ തൊഴില്‍ മേഖലകളിലൊന്നായിരുന്നു ബാങ്കിംഗ്. ഐ.എ.എസ് കഴിഞ്ഞാല്‍ ഏറ്റവും അഭിമാനകരമായ തൊഴില്‍ എന്ന നിലയിലാണ് ബാങ്ക് ജോലിയെ കണ്ടിരുന്നത്. അത്ര തന്നെ കഴിവും ഈ ജോലി കിട്ടാന്‍ വേണ്ടിയിരുന്നു. അതുകൊണ്ടു തന്നെ പ്ലസ്ടു മുതലേ ബാങ്ക് കോച്ചിംഗിനു കൂടി പോകുന്നതായിരുന്നു ട്രെന്‍ഡ്. ഇപ്പോള്‍ ആ ട്രെന്‍ഡ് മാറുകയാണ്. കൊഴിഞ്ഞുപോക്ക് ഏറ്റവും കൂടുതലുള്ള ഒരു മേഖലയായി ഈ രംഗം മാറുകയാണ്. പ്രത്യേകിച്ചും സ്വകാര്യ ബാങ്കുകളിലും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളിലും. അടുത്തിടെ ആര്‍.ബി.ഐ പുറത്തു വിട്ട റിപ്പോര്‍ട്ടും ഇതിനെ സാധൂകരിക്കുന്നതാണ്.
സ്വകാര്യ ബാങ്കുകളിലെ ആട്രിഷന്‍ റേറ്റ് (കൊഴിഞ്ഞ് പോക്ക് നിരക്ക്) 25 ശതമാനമാണ് എന്നാണ് ആര്‍.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. മൊത്തം ജീവനക്കാരില്‍ എത്ര ശതമാനം പേര്‍ ജോലി വിട്ടു പോകുന്നു എന്നതാണ് ആട്രിഷന്‍ നിരക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് സ്വകാര്യ ബാങ്കുകളിലെയും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളിലെയും മാത്രം സ്ഥിതി വിശേഷമല്ല. പൊതുമേഖല ബാങ്കുകളിലും കൊഴിഞ്ഞു പോക്ക് മുന്‍പെന്നത്തേക്കാളും വളരെ കൂടുതലാണ്. ബാങ്കിംഗ് മേഖല മൊത്തത്തില്‍ ആകര്‍ഷകമല്ലാതായത് എന്തുകൊണ്ട് എന്നു ചോദിച്ചാല്‍ ഒരു പാടുകാരണങ്ങള്‍ പറയാനുണ്ട്.
♦ അമിത ജോലി ഭാരം
♦ അപ്രായോഗികമായ ടാര്‍ഗറ്റ്
♦ തേഡ് പാര്‍ട്ടി പ്രോഡക്ട് വില്‍പ്പന
♦ അടിക്കടിയുള്ള ട്രാന്‍സ്ഫര്‍
♦ അച്ചടക്ക-ശിക്ഷാ നടപടികള്‍
♦ ജോലി-ജീവിത സന്തുലനമില്ലായ്മ
മുമ്പ് ബാങ്ക് ജോലിയുമായി ബന്ധപ്പെട്ട് ഒരിക്കലും കേട്ടിട്ടില്ലാത്ത നിരവധി കാരണങ്ങള്‍ ഈ മേഖലയില്‍ ഉള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
പത്തുവര്‍ഷം കൊണ്ട് വല്ലാതെ മാറി
രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ഓഫീസിലിരുന്നു ജോലി ചെയ്യാം എന്നതായിരുന്നു ബാങ്ക് ജോലിയുടെ മുഖ്യ ആകര്‍ഷണം. എന്നാല്‍ പരമ്പരാഗത ബാങ്കിംഗ് രീതികളില്‍ നിന്നും ഇപ്പോഴത്തെ ബാങ്കുകള്‍ വളരെയേറെ മാറി.
പഠനം കഴിഞ്ഞ് ഉടന്‍ ജോലിക്ക് കയറണമെന്ന ആഗ്രഹത്തിലാണ് ലക്ഷ്മി (യഥാര്‍ത്ഥ പേരല്ല) ഒരു പൊതുമേഖല ബാങ്കില്‍ ജോലിക്ക് കയറിയത്. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ജോലി രാജി വച്ച് കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ ജോലിയിലേക്ക് മാറി. മാറാനുണ്ടായ സാഹചര്യത്തെ കുറിച്ച് ലക്ഷ്മി പറയുന്നത് ഇങ്ങനെയാണ്.
'' പല ദിവസങ്ങളിലും രാവിലെ നേരത്തെ ജോലിക്ക് കയറേണ്ടി വരും. എന്നാല്‍ വൈകിട്ട് ഓഫീസ് സമയം കഴിഞ്ഞാലും ഇറങ്ങാനാകില്ല. ഇന്‍സ്‌പെക്ഷന്‍ പോലുള്ള കാര്യങ്ങളുണ്ടാകുന്ന സമയത്ത് 12 മണിക്കൂറിലേറെയാണ് ഞാന്‍ ജോലി ചെയ്തത്. അതും അടുപ്പിച്ച് കുറെ നാളുകള്‍. ശനിയും ഞായറും വരെ ജോലിക്ക് പോയ ദിവസങ്ങളും ഉണ്ട്. ജീവനക്കാരുടെ എണ്ണം വളരെ കുറവായതുകൊണ്ട് ലീവ് എടുക്കാന്‍ പോലും പറ്റില്ല. ഇനി നമ്മള്‍ ലീവെടുത്താല്‍ ആ ജോലി ഭാരം കൂടി മറ്റുള്ളവരുടെ തലയിലാകുന്ന അവസ്ഥയുണ്ട്. ഇതു മൂലം പലപ്പോഴും അത്യാവശ്യങ്ങള്‍ക്ക് പോലും ലീവ് എടുക്കാതെയായി. ഇത് സോഷ്യല്‍ ലൈഫിനെയും പേഴ്‌സണല്‍ ലൈഫിനേയും വളരെയധികം ബാധിച്ചു. പലപ്പോഴും വീട്ടില്‍ നിന്ന് പോയി വരാവുന്ന അകലത്തിലായിരിക്കില്ല പോസ്റ്റിംഗ് ലഭിക്കുന്നത്. ഇനി പോയി വരാവുന്ന ദൂരമാണെങ്കില്‍ പോലും ഏഴ് മണിക്കും പത്തും മണിക്കുമൊക്കെയായിരിക്കും ഓഫീസില്‍ നിന്ന് ഇറങ്ങുന്നത്. ആ സമയത്ത് യാത്ര ബുദ്ധിമുട്ടായതിനാല്‍ ഹോസ്റ്റലിലായിരുന്നു താമസവും. വരയ്ക്കാന്‍ വലിയ താത്പര്യമുണ്ടായിരുന്ന ആളാണ് ഞാന്‍. സ്വന്തം ഇഷ്ടങ്ങള്‍ക്ക് പോലും അല്‍പസമയം കിട്ടാതെ വന്നതോടെയാണ് ജോലി മാറണമെന്ന തീരുമാനത്തിലെത്തിയത്. ''
സ്വകാര്യ ബാങ്കുകളുടെയും പിന്നെ ഫിന്‍ടെക്കുകളുടെയും വരവോടെ വളരെ മത്സരാത്മകമായി ഈ മേഖല. രാത്രി പത്തു മണിയായാലും
വീട്ടിലെത്താനാകാത്ത അവസ്ഥയിലാണ് ബാങ്ക് ജീവനക്കാരില്‍ വലിയൊരു പങ്കും. ഓഫീസ് ജോലികഴിഞ്ഞാലും ഇടപാടുകാരെ കണ്ടെത്താനും തേഡ് പാര്‍ട്ടി ഉത്പന്നങ്ങള്‍ വില്‍ക്കാനും കസ്റ്റമര്‍ പരാതികള്‍ പരിഹരിക്കാനുമൊക്കെ മുഴുവന്‍ സമയവും മാറ്റി വയ്‌ക്കേണ്ടി വരുന്നു. ബാക്ക് ഓഫീസ് മാത്രമായി ഒരു ബാങ്കിലും ജോലി ലഭിക്കില്ല. മാര്‍ക്കറ്റിംഗ് പോലുള്ളവയും ചെയ്യേണ്ടി വരും. മികച്ച ശമ്പളവും ഇന്‍സെന്റീവുമൊക്കെ ലഭിക്കുമെങ്കിലും എല്ലാവര്‍ക്കും ഒത്തു പോകാനാകില്ല.
ആളുകളുമായി ധാരാളമായി ഇടപഴകി ശീലമുള്ള പുതു തലമുറയിലെ കുട്ടികള്‍ക്ക് ഇതില്‍ വിജയിക്കാനാകുന്നുണ്ടെങ്കിലും എല്ലാവര്‍ക്കും ഒരു പോലെ അനുയോജ്യമാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഒരിക്കലും തീര്‍ക്കാനാവാത്ത ജോലിയും, നിമിഷങ്ങളില്‍ മാറി മറിയുന്ന ടാര്‍ഗറ്റുകളും നിരന്തരമായ ടെലിഫോണ്‍ വിളികളും ടാര്‍ഗറ്റുകള്‍ നേടാത്തതിന് റിവ്യു മീറ്റിംഗുകളില്‍ കേള്‍ക്കേണ്ട അവഹേളനങ്ങളുമൊക്കെ ജീവനക്കാരെ മാനസിക സമ്മര്‍ദ്ദത്തിലേക്ക് തള്ളിയിടുന്നു.''ബാങ്കിംഗ് മേഖലയില്‍ ധാരാളം അവസരങ്ങളുണ്ടെങ്കിലും ബാങ്കുകള്‍ കൂടുതല്‍ വാണിജ്യ വത്കരിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. മത്സരം വളരെയധികം കൂടി. പൊതുമേഖല ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും ജോലി ടാര്‍ഗറ്റ് അധിഷ്ഠിതമായി. ഇത് ജീവനക്കാരില്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിനിടയാക്കും ആരോഗ്യത്തെ പോലും ബാധിക്കുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്തു. പലരെയും ജോലിയില്‍ നിന്ന് പിന്മാറാന്‍ ഇത് പ്രേരിപ്പിച്ചു. ഇതേ കുറിച്ച് മനസിലാക്കിയതുകൊണ്ടാകാം പുതിയ കുട്ടികള്‍ ഈ രംഗത്തേക്ക് അധികം താത്പര്യം ഇപ്പോള്‍ കാണിക്കുന്നില്ല. കുറച്ച് വര്‍ഷം മുന്‍പ് വരെ ബാങ്ക് കോച്ചിംഗിനെ കുറിച്ച് അന്വേഷിച്ച് ധാരാളം പേര്‍ എത്തിയിരുന്നെങ്കിലും ഇപ്പോള്‍ അത് ഗണ്യമായി കുറഞ്ഞു.''- ദീര്‍ഘകാലമായി കരിയര്‍ കണ്‍സള്‍ട്ടന്റിംഗ് രംഗത്ത് സജീവമായ ജലീഷ് പീറ്റര്‍ പറയുന്നു.
മാറുന്ന ഉപഭോക്തൃ മനസ്
കസ്റ്റമറുടെ സമീപനവും ആകെ മാറി. ഇന്നിപ്പോള്‍ എല്ലാം വിരല്‍ തുമ്പിലാണ്. എല്ലാം നിമിഷങ്ങള്‍ക്കകം നടക്കുന്ന ഒരു കാലമാണിത്. അതുകൊണ്ട് ബാങ്കിനകത്തേക്ക് കയറി വരുന്ന ഇടപാടുകാരും ആഗ്രഹിക്കുന്നത് ആ വേഗതയാണ്. മുമ്പിലെത്തുന്ന കസ്റ്റമറെ വേഗത്തില്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ അതിന്റെ സമ്മര്‍ദ്ദവും ജീവനക്കാരനെ ബാധിക്കും.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കനറ ബാങ്കിലെ ഒരു ഇടപാടുകാരന്‍ വായ്പ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വനിതാ മാനേജരെ കൈയേറ്റം ചെയ്തത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി (ടി.ഡി.എസ്) പിടിച്ചതിന്റെ പേരില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജരും ഇടപാടുകാരനും തമ്മിലുള്ള കൈയ്യാങ്കളി വീഡിയോയും അടുത്തിടെ വന്നു. ഇടപാടുകാരുടെ ഭാഗത്തു നിന്നുള്ള ഇത്തരം പ്രകോപനങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ദിനപ്രതിയെന്നോണം പല ശാഖകളിലും ഇത് സംഭവിക്കുന്നു. പൊതുമേഖല ബാങ്കുകളിലൊക്കെ പലപ്പോഴും ഒരു ദിവസം കൈകാര്യം ചെയ്യേണ്ടി വരുന്ന ഇടപാടുകാരുടെ എണ്ണം പ്രതീക്ഷിക്കാവുന്നതിലുമപ്പുറമാണ്. പേഴ്സണലൈസ്ഡ് സേവനം ആര്‍ക്കും നല്‍കാനാകില്ല എന്നതു പലരും മനസിലാക്കുന്നില്ല.
ടെക്നോളജിയുടെ വരവ് മനുഷ്യരുടെ പ്രാധാന്യം കുറയ്ക്കുന്നുണ്ട്. ഭാവിയില്‍ പല ബാങ്കിംഗ് ജോലികള്‍ക്കും മനുഷ്യരുടെ ആവശ്യമുണ്ടാകില്ലെന്ന തിരിച്ചറിവില്‍ പല ബാങ്കുകളും ജീവനക്കാരെ കുറയ്ക്കുകയാണ്. വായ്പകള്‍ അനുവദിക്കുന്നതില്‍ മാത്രമാണ് ഇപ്പോള്‍ ആളുകളുടെ അഭിപ്രായത്തിന് വിലയുള്ളത്. എന്നാല്‍ ക്രമേണ അതുംപൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യപ്പെടും. ലാന്‍ഡ് റെക്കോഡ്സ് എല്ലാം ഇപ്പോള്‍ ഡിജിറ്റല്‍ ആകുകയാണ്. ഇനി അത് വേരിഫൈ ചെയ്യാന്‍ മനുഷ്യരുടെ ആവശ്യമില്ല. സെര്‍വറുകള്‍ തന്നെ അത് നിര്‍വഹിക്കും. കോളാറ്ററല്‍ ലോണ്‍ കിട്ടുന്നത് ഇപ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ വളരെയധികം വേഗതയിലും അധികം മനുഷ്യ ഇടപെടലുകളില്ലാതെയും സംഭവിക്കും.
ഇന്ത്യ 2040 ഓടുകൂടി വികസിത രാജ്യമാകണമെന്ന ലക്ഷ്യത്തിലാണ് ഇന്ത്യ. വികസ്വര രാജ്യത്തില്‍ നിന്ന് വികസിത രാജ്യത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റം ചുമലിലേന്തേണ്ടി വരുന്ന തലമുറയാണ് ഇപ്പോഴത്തേത്. അതിന്റെ ഭാഗമായി തങ്ങളെ തന്നെ കാണാന്‍ യുവ തലമുറയിലെ ചുരുക്കം ചിലര്‍ക്കെങ്കിലും കാണാന്‍ സാധിക്കുന്നുവെന്നതാണ് ഏക ആശ്വാസം.
തിരിച്ചടിയായി കുടിയേറ്റവും അനാരോഗ്യകരമായ മത്സരവും
ബാങ്കിംഗിന്റെ രീതി ആകെ മാറാന്‍ ഒരു പ്രധാന കാരണം ഗള്‍ഫ് പണത്തിന്റെ വരവ് കുറഞ്ഞതാണ്. മുന്‍പ് ബാങ്കുകള്‍ കൂടുതലായി ആശ്രയിച്ചിരുന്നത് പ്രവാസി മലയാളികളുടെ ഫണ്ടുകളെയായിരുന്നു. ജി.സി.സി.യെ ജീവിതമാര്‍ഗമായി കണ്ടിരുന്ന കാലം മാറി മറ്റു രാജ്യങ്ങളിലേക്ക് മലയാളികള്‍ കുടിയേറിത്തുടങ്ങിയതോടെ കേരളത്തിലേക്കുള്ള പണം വരവ് ഗണ്യമായി കുറഞ്ഞു. പലരും അവര്‍ ജീവിക്കുന്ന രാജ്യങ്ങളില്‍ തന്നെ നിക്ഷേപിച്ചു തുടങ്ങി. ബാങ്കുകളുടെ തലപ്പത്തുള്ളവര്‍ക്ക് ഇതേക്കുറിച്ച് നല്ല ഗ്രാഹ്യമുണ്ടെങ്കിലും ബിസിനസ് പിടിക്കാന്‍ ജീവനക്കാരില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുന്നു.
ബാങ്കുകള്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരവും ശക്തമാണ്. സേവിംഗ്‌സ് നിക്ഷേപങ്ങള്‍ക്ക് ചില ബാങ്കുകള്‍ 7.7 ശതമാനം മുതല്‍ 8 ശതമാനം വരെയൊക്കെ പലിശയാണ് നല്‍കുന്നത്. ഫിന്‍ടെക് ബാങ്കുകളും മറ്റും ഉയര്‍ന്ന പലിശ നല്‍കുമ്പോള്‍ മറ്റ് ബാങ്കുകള്‍ക്ക് മത്സരിക്കാനാകാതെ വരുന്നു. ഇത് ജീവനക്കാരില്‍ വലിയ പ്രഷര്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷെ ഇത്രയും സമ്മര്‍ദ്ദം നല്‍കിയിട്ടും ജീവനക്കാര്‍ക്ക് കച്ചവടം കൊണ്ടു വരാനും സാധിക്കുന്നില്ല.
ഇതിനു പുറമെയാണ് വര്‍ക്ക് ലോഡ്. കസ്റ്റമേഴ്‌സിന്റെ പരാതികള്‍, കെ.വൈ.സി അപ്‌ഡേഷന്‍ തുടങ്ങിയകാര്യങ്ങളൊക്കെ തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കുന്നതിനാല്‍ ഒരിക്കലും ജോലി തീരാത്ത അവസ്ഥയാണ്.
മാനേജീരിയല്‍ റോളുകള്‍ വേണ്ട
ഉദ്യോഗക്കയറ്റം കിട്ടിയാല്‍ വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണം കൂടുതലുള്ള മേഖലയാണ് ഇന്ന് ബാങ്കിംഗ്. കാരണം ഉത്തരവാദിത്തങ്ങള്‍ കൂടുതോറും സമ്മര്‍ദ്ദവും ഏറുമെന്നതിനാല്‍ ഓഫീസര്‍ തസ്തികയിലേക്ക് മാറാന്‍ മാറാന്‍ താത്പര്യം കാണിക്കുന്നില്ല.
സെയില്‍സിലും മറ്റു ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളം വളരെ കുറവാണ്. അവരുടെ മേല്‍ കൂടുതല്‍ ടാര്‍ഗറ്റും മറ്റും അടിച്ചേല്‍പ്പിക്കേണ്ടി വരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടിലാകുന്നത് ബ്രാഞ്ച് മേധാവികള്‍ക്കും മറ്റുമാണ്. സെയില്‍ ജീവനക്കാര്‍ അമിതഭാരം മൂലം ജോലി ഉപേക്ഷിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതും പുതിയ ആളുകളെ കണ്ടെത്തേണ്ടതും അവരുടെ ബാധ്യതയായി മാറും. പലരും പ്രമോഷന്‍ കിട്ടിയാലും നിലവില്‍ തുടരുന്ന പദവിയില്‍ തുടരുന്നതാണ് ഇപ്പോള്‍ കണ്ടു വരുന്നതെന്നും ഈ മേഖലയില്‍ 20 വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ഒരാള്‍ പറയുന്നു.
ബാങ്കിംഗ് മേഖലയേക്കാള്‍ മികച്ച അവസരങ്ങള്‍ പുറത്തുണ്ടെന്നതും ഒരു കാരണമാണ്. റിസ്‌കും അതിനനുസരിച്ച് കൂടുതലാണ്. എന്നാല്‍ ഏറ്റവും അധികം സാധ്യതകളുള്ള ഒരു മേഖലയാണിതെന്നും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രമോഷന്‍ സാധ്യതകളാണ് ഇതില്‍ ഒന്ന്. മുന്‍പ് ക്ലര്‍ക്ക് ജോലിയില്‍ നിന്ന് ഓഫീസര്‍ ഗ്രേഡിലേക്ക് മാറണമെങ്കില്‍ 15 വര്‍ഷം വരെയൊക്കെ വേണ്ടിയിരുന്നു. ഇപ്പോള്‍ രണ്ട് രണ്ടര വര്‍ഷം മതിയാകും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മാനേജര്‍ പോസ്റ്റിലുമെത്താം. മികച്ച ശമ്പള സ്‌കെയിലും ഉണ്ട്. എന്‍ട്രി ലെവല്‍ ഓഫീസര്‍ റാങ്കില്‍ 15 ലക്ഷം വരെ
സി.ടി.സി ലഭിക്കുന്നുണ്ട്. എന്നാല്‍ വര്‍ക്കിന്റെ സ്വഭാവം വളരെ മാറി. മാര്‍ക്കറ്റിംഗ് ജോലിയാണ് കൂടുതലും ചെയ്യേണ്ടി വരുന്നത്. കംപ്യൂട്ടര്‍ അധിഷ്ഠിതമാണ് പ്രവര്‍ത്തനമെങ്കിലും ബിസിനസിന്റെ വോളിയം വളരെയധികം കൂടി. അതുമൂലം രാവിലെ ഒമ്പതു മണിമുതല്‍ രാത്രി 10 മണി വരെ നിന്നാലും ജോലി തീരാത്ത അവസ്ഥയാണ്. അഞ്ച് വര്‍ഷത്തെ ഒരു കാലയളവെടുത്താല്‍ പല സ്ഥലങ്ങളിലും ബിസിനസ് അഞ്ചിരട്ടി വര്‍ധിച്ചെങ്കില്‍ ജീവനക്കാരുടെ എണ്ണം ഒരു മടങ്ങ് പോലും വര്‍ധിച്ചില്ല. അതുണ്ടാക്കുന്ന വര്‍ക്ക് ലോഡ് ചെറുതല്ല. ഉപയോക്താക്കളുടെ പ്രശ്‌നങ്ങള്‍ മുതല്‍ തട്ടിപ്പുകളും മാര്‍ക്കറ്റിംഗും വരെ കൈകാര്യം ചെയ്യണം. കൂടാതെ നിരന്തരം മീറ്റിംഗുകളിലും പങ്കെടുക്കണം. ആദ്യമൊക്കെ മൂന്ന് മാസത്തിലൊരിക്കല്‍ നടന്നിരുന്ന മീറ്റിംഗുകള്‍ കോവിഡിനു ശേഷം ഓണ്‍ലൈന്‍ വ്യാപാകമായതിടോ ഓരോ മണിക്കൂറിലും എന്ന നിലയിലായി. മൈക്രോ മാനേജിംഗ് വഴി ഓരോ ഡേറ്റയും ആവശ്യപ്പെടുന്നത് ജീവനക്കാര്‍ക്ക് ഒത്തു പോകാനാകുന്നില്ല.
പണിയെടുക്കാന്‍ ജീവനക്കാര്‍ ഇല്ലെങ്കിലും ഓരോ മണിക്കൂര്‍ ഇടവിട്ടുള്ള ഫോളോ അപ്പിന് കുറവില്ലെന്ന് ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 1,25,000 വര്‍ക്ക്‌മെന്‍ ജീവനക്കാരുടെ കുറവുണ്ടായെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഈ ഭാരമത്രയും നിലവിലുള്ള ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ചുമലിലാണ്.
ബാങ്ക് സംഘടനകള്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഇതുവരെ യും യാതൊരു കാര്യത്തിലും മാറ്റമുണ്ടായില്ല. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 21നും ഡിംബര്‍ 19നും അവകാശ ദിനാചരണങ്ങള്‍ നടന്നു. ജീവനക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ജനുവരി 21ന് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുക്കുകയുമാണ്.
വര്‍ക്ക് ലൈഫ് ബാലന്‍സ് സ്വപ്‌നം മാത്രം
രാജ്യവും ലോകവും വര്‍ക്ക് ലൈഫ് ബാലന്‍സിനെ കുറിച്ച് നിരന്തരം ചര്‍ച്ചചെയ്യുമ്പോള്‍ തീരെ വര്‍ക്ക് ലൈഫ് ബാലന്‍സില്ലാത്ത മേഖലയാണിതെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.
ഓഫീസില്‍ കയറാന്‍ കൃത്യമായ ടൈമുണ്ടെങ്കിലും ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിന് സമയം കണക്കിലെടുക്കിന്നില്ല. അതായത് രാവിലെ ഒമ്പത് മണിക്ക് കയറിയാലും വൈകിട്ട് അഞ്ചിനു മുമ്പ് ഇറങ്ങിയാല്‍ അത് നേരത്തെ ഇറങ്ങിയതായി കണക്കാക്കും. അതിനു പ്രത്യേക അനുമതിയെടുക്കുകയും വേണം. രണ്ട് തവണ അങ്ങനെ ഇറങ്ങിയാല്‍ പിന്നെ ലീവാകും. എന്നാല്‍ ഇറങ്ങുന്നത് രാത്രി ഒമ്പതുമണിക്ക് ശേഷമാണെങ്കിലും അത് അംഗീകരിക്കപ്പെടുന്നില്ല. പലപ്പോഴും പേഴ്‌സണല്‍ ആയി ഒരു ടൈം ഇല്ലാതെയാകുന്നു. അവധിയെടുത്താലും മീറ്റിംഗിലും മറ്റും കയറണം. വാട്‌സാപ്പ് മെസേജുകള്‍ക്ക് ഉത്തരം നല്‍കണം. യാഥാര്‍ത്ഥ്യത്തിനു നിരക്കാത്ത ടാര്‍ഗറ്റുകളാണ് നിശ്ചയിക്കുന്നത്. എസ്.ബി അക്കൗണ്ട് മുതല്‍ മറ്റ് സ്ഥാപനങ്ങളുടെ ഇന്‍ഷുറന്‍സും മ്യൂച്വല്‍ഫണ്ടും പി.എം.എസും ക്രെഡിറ്റ് കാര്‍ഡും വരെ ടാര്‍ഗറ്റില്‍പെടുന്നുവെന്ന് പ്രമുഖ പൊതു മേഖല ബാങ്കിലെ ജീവനക്കാരി പറയുന്നു.
ഇതിനൊക്കെ പ്രത്യേക വിഭാഗമുള്ള ബാങ്കുകളില്‍ ഇത് വലിയ പ്രശ്‌നമാകുന്നില്ല. എന്നാല്‍ ചില പൊതുമേഖല ബാങ്കുകളില്‍ നിലവിലുള്ള ജീവനക്കാര്‍ തന്നെയാണ് ഈ ചുമതലകളും ചെയ്യേണ്ടി വരുന്നത്. ഫീല്‍ഡില്‍ പോയി എസ്.ബി. അക്കൗണ്ട് പിടിച്ചാല്‍ മാത്രം പോര അത് തുറന്നു കൊടുക്കണ്ട ജോലികളും ഇവര്‍ തന്നെ നിര്‍വഹിക്കണം. ജീവനക്കാരുടെ എണ്ണം തീര കുറവുള്ള ബാങ്കുകളില്‍ പോലും മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യേണ്ടി വരുന്നു. മാത്രമല്ല ഇത്രയും തിരിക്കിട്ട് ജോലി ചെയ്യേണ്ടി വരുമ്പോള്‍ ചെറിയ തെറ്റുകള്‍ക്ക് പോലും
പെനാല്‍റ്റി നല്‍കുകയും ചെയ്യുന്നു. ഇത് ഉണ്ടാക്കുന്ന സമ്മര്‍ദ്ദം ചെറുതല്ലെന്ന് ഇവര്‍ പറയുന്നു. വീട്ടിലെത്തിയാല്‍ പോലും ചിന്ത ഇന്ന് ചെയ്ത വര്‍ക്കിലെന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നതിനെ കുറിച്ചായിരിക്കും. വര്‍ക്ക് തീരത്തതിനാല്‍ പലപ്പോഴും അവധി ദിവസങ്ങളില്‍ പോലും ബാങ്കിലെത്തേണ്ടി വരുന്നു. അതാത് ദിവസത്തെ പല വര്‍ക്കുകളും വീട്ടില്‍ കൊണ്ടു പോയി തീര്‍ക്കുന്നവരുമുണ്ട്. ഇതിനൊപ്പമാണ് ഇന്നത്തെ ടാര്‍ഗറ്റ് എത്തിക്കാനാകുമോ എന്ന ആശങ്കകള്‍. ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് പണിഷ്‌മെന്റായി ഇ.ഒ.ഡി (എന്‍ഡ് ഓഫ് ദി ഡേ ) ബ്ലോക്ക് ചെയ്ത് കളയുന്ന പതിവും ചില പൊതുമേഖലാ ബാങ്കുകള്‍ക്കുണ്ട. ഇതു മൂലം പലരും രാത്രി ഏറെ വൈകിയിലും ജോലി തുടരേണ്ടി വരുന്നു. കേന്ദ്ര ഓഫീസില്‍ നിന്ന് അത് എനേബിള്‍ ചെയ്യുന്നതു വരെ കാത്തിരിക്കണം.
ഡിജിറ്റല്‍ ട്രാന്‍സാക്ഷനിലേക്ക് ലോകം മാറിയതോടെ അക്കൗണ്ടില്‍ പണം സൂക്ഷിക്കുന്ന രീതി ഇപ്പോള്‍ ഇല്ല. പലരും സ്റ്റോക്ക് മാര്‍ക്കറ്റിലേക്കും മ്യൂച്വല്‍ഫണ്ടിലേക്കും മറ്റും നിക്ഷേപം മാറ്റും. ബാങ്കിനെ കൂടുതലായി ആശ്രയിക്കുന്ന വായ്പകള്‍ക്കായാണ്. ഇനി ലോണ്‍ ലഭ്യമാക്കിയ ആരെങ്കിലും മൂന്ന് മാസം തുടര്‍ച്ചയായി തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ അതിന്റെ പ്രശ്നങ്ങളും ജീവനക്കാര്‍ നേരിടേണ്ടി വരും. ഇന്‍ക്രിമെന്റ് തടയുകയും ശമ്പളത്തില്‍ നിന്ന് പിടിക്കുകയും ചെയ്യും. വായ്പയ്ക്ക് അനുസൃതമായ ഡെപ്പോസിറ്റ് നിലനിറുത്താന്‍ അത് ആകര്‍ഷിക്കേണ്ട ചുമതലയും ജീവനക്കാര്‍ക്കാണ്.
ജീവനക്കാരെ കൊണ്ട് ആദ്യം തന്നെ വായ്പകളെടുപ്പിക്കുന്ന രീതിയും ചില ബാങ്കുകളിലുണ്ട്. നല്ല ഡിസ്‌കൗണ്ട് നിരക്കില്‍ വായ്പ നല്‍കുന്നതു കൊണ്ട് പലരും വായ്പ എടുക്കാറുമുണ്ട്. വായ്പ ഒരു ബാധ്യതയായി നില്‍ക്കുന്നതുകൊണ്ട് ജോലി വേണ്ടെന്നു വയ്ക്കാന്‍ പോലും പലര്‍ക്കും സാധിക്കുന്നില്ല.
കൊഴിഞ്ഞ് പോക്ക് നിരക്ക് വര്‍ധിക്കുന്നത് ബാങ്കുകളുടെ പ്രവര്‍ത്തനത്തിനു ഭീഷണിയാകുമെന്ന മുന്നറിയിപ്പും ആര്‍.ബി.ഐ നല്‍കിയിരുന്നു. 2023-24ല്‍ സ്വകാര്യ ബാങ്കുകളിലെ ജീവനക്കാരുടെ മൊത്തം എണ്ണം പൊതുമേഖല ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണത്തെ മറികടന്നിരുന്നു. എന്നാല്‍ ജോലിയില്‍ ഉറച്ചു നില്‍ക്കുന്നവരുടെ എണ്ണത്തിലാണ് കാര്യമായ കുറവുണ്ടായിരിക്കുന്നത്, കൊഴിഞ്ഞു പോക്കിനെ നേരിടാനായി മെച്ചപ്പെട്ട റിക്രൂട്ടിംഗ് രീതികള്‍ നടപ്പാക്കണമെന്നും തൊഴില്‍ അന്തരീക്ഷം, ട്രെയിനിംഗ്, കരിയര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുകള്‍, മെന്ററിംഗ് തുടങ്ങിയവ ഉറപ്പാക്കണമെന്നും റിസര്‍വ് ബാങ്ക് പറയുന്നു.
പേടി സ്വപ്‌നമായി ട്രാന്‍സ്ഫര്‍
സ്‌കെയില്‍ വണ്‍ ഓഫീസര്‍ ആണെങ്കില്‍ പോലും മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ അടുത്ത ശാഖയിലേക്കും അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ അടുത്ത റീജിയണ്‍ 10 വര്‍ഷം കഴിഞ്ഞാല്‍ അടുത്ത സംസ്ഥാനം എന്നിങ്ങനെയാണ് ട്രാന്‍സര്‍. ചില ബാങ്കുകള്‍ക്ക് ആറ് വര്‍ഷമാണ് പരിധി. പ്രമോഷന്‍ എടുക്കാതെ ഇരുന്നാലും പത്തു വര്‍ഷം കഴിഞ്ഞാല്‍ നിര്‍ബന്ധിതമായി കേരളത്തിന് പുറത്തേക്ക് പോകേണ്ടി വരും. ഏത് സ്‌കെയിലിലുള്ളവരായാലും ട്രാന്‍സ്ഫറിന് വിധേയമാകേണ്ടി വരും.
കരിയര്‍ ഒന്നു ഡെവലപ്പായി ഫാമിലി ജീവിതത്തിലേക്ക് ഒക്കെ കടക്കുന്ന സമയമാണ് ആദ്യത്തെ പത്ത് വര്‍ഷങ്ങള്‍. പലരും കുഞ്ഞിനെയും മറ്റും നോക്കാന്‍ സര്‍വന്റിനെയും കൂട്ടിയാണ് കേരളത്തിന് പുറത്ത് താമസിക്കുന്നത്. വയ്യാത്ത കുട്ടികളാണെങ്കില്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് നിയമമുണ്ടെങ്കിലും ബാങ്ക് അത് അനുവദിക്കാറില്ല.
വര്‍ഷമായി പ്രമോഷന്‍ വേണ്ടെന്ന് വച്ച് ഒരേ സ്‌കെയിലില്‍ തുടരുന്ന നിരവധി പേരെ ഓരോ ശാഖകളിലും കാണാനാകും. ബാങ്ക് ജീവനക്കാര്‍ക്ക് വിശ്രമത്തിന് ശമ്പളത്തോടെയുള്ള അവധിക്ക് അര്‍ഹതയുണ്ടെങ്കിലും ബാങ്കുകള്‍ അത് അനുവദിക്കുന്നില്ല. യാത്രകള്‍, എഴുത്ത്, റിസര്‍ച്ച് ഇങ്ങനെ ജീവനക്കാര്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാനായി ജോലിയില്‍ നിന്ന് ബ്രേക്ക് കൊടുക്കുന്ന രീതി നിലച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ അല്ലാതെ മറ്റൊരു കാര്യത്തിനും സബാറ്റിക്കൽ ലീവ് അനുവദിക്കുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
ബ്രാഞ്ചിന്റെ ചുമതലയുള്ള ഒരു ഓഫീസര്‍ 30 കിലോമീറ്റര്‍ പിരിധിയില്‍ അവധി ദിനങ്ങളില്‍ പോലും ഉണ്ടാകണമെന്നു നിയമമുണ്ട്. ഇത് പലപ്പോഴും ഒരു യാത്രയ്ക്കുള്ള അവസരം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിക്കുന്നത്.
പിന്‍കുറിപ്പ്
പി.എസ്.സി നിയമനവുമായി നോക്കുമ്പോള്‍ നന്നായി പരിശീലിക്കുന്നവര്‍ക്ക് അധികം കാത്തിരിക്കാതെ ജോലി കിട്ടുമെന്നതാണ് പലരുടെയും ഫസ്റ്റ് ചോയ്‌സായി ബാങ്ക് ജോലിയെ മാറ്റുകയും ചെയ്തു. പ്രിലിംസ് മുതല്‍ ഇന്റര്‍വ്യൂ വരെയുള്ള കാര്യങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ തീരും. പി.എസ്.സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ കയറിയാല്‍ മൂന്ന് വര്‍ഷം വരെയൊക്കെ എടുക്കുന്ന സമയത്താണിത്.