നിക്ഷേപങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ പിന്‍വലിക്കാം; ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ക്ക് പുതിയ ചട്ടങ്ങള്‍; മാറ്റങ്ങള്‍ ഇങ്ങനെ

നോമിനിയുടെ വിവരങ്ങള്‍ പാസ്ബുക്കില്‍ ചേര്‍ക്കണം

Update:2024-12-31 21:05 IST

ധനകാര്യ സ്ഥാപനങ്ങളിലെ സ്ഥിര നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള സമയപരിധിയില്‍ മാറ്റം വരുത്തുന്നത് ഉള്‍പ്പടെയുള്ള റിസര്‍വ് ബാങ്കിന്റെ പുതിയ ചട്ടങ്ങള്‍ ഇന്ന് മുതല്‍. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ എന്നിവയിലെ സ്ഥിര നിക്ഷേപങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി നേരത്തെ പിന്‍വലിക്കല്‍, നോമിനേഷന്‍, എമർജൻസി ചിലവുകള്‍ക്കുള്ള പിന്‍വലിക്കല്‍ , നിക്ഷേങ്ങളെ കുറിച്ച് ഇടപാടുകാരെ മുന്‍കൂട്ടി അറിയിക്കല്‍ തുടങ്ങിയ കാര്യങ്ങളിലാണ് പുതിയ നിന്ത്രണങ്ങള്‍ കൊണ്ടു വരുന്നത്.

മൂന്നു മാസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിക്കാം

നിക്ഷേപങ്ങള്‍ ആദ്യത്തെ മൂന്നു മാസത്തിനുള്ളില്‍ പിന്‍വലിക്കാന്‍ പാടില്ലെന്ന ധനകാര്യ സ്ഥാപനങ്ങളുടെ ചട്ടം നാളെ മുതല്‍ ഇല്ലാതാകും. 10,000 രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് പിന്‍വലിക്കാമെന്നതാണ് പുതിയ മാറ്റം. മൂന്നു മാസത്തിനുള്ളില്‍ പലിശ വാങ്ങാതെ ചെറിയ നിക്ഷേപങ്ങള്‍ പിന്‍വലിക്കാനാകും. വലിയ നിക്ഷേപങ്ങളില്‍ 50 ശതമാനമോ അഞ്ചു ലക്ഷം രൂപയോ (ഏതാണ് കുറവെങ്കില്‍) പലിശ വാങ്ങാതെ മൂന്നു മാസത്തിനുള്ളില്‍ പിന്‍വലിക്കാനുമാകും. ബാക്കി തുക പലിശയോടെ നിക്ഷേപത്തിന്റെ കാലാവധി തീരുന്ന സമയത്ത് പിന്‍വലിക്കാം. മാരകമായ രോഗങ്ങളെ തുടര്‍ന്ന് പണം ആവശ്യമാകുന്ന സാഹചര്യത്തില്‍, നിക്ഷേപങ്ങളുടെ കാലാവധി പരിഗണിക്കാതെ പൂര്‍ണമായും പിന്‍വലിക്കാനും പുതിയ ചട്ടം അനുമതി നല്‍കുന്നു.

കാലാവധിയെ കുറിച്ച് രണ്ടാഴ്ചക്കകം അറിയിക്കണം

ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍, നിക്ഷേപങ്ങളുടെ കാലാവധി കഴിയുന്നതിന് രണ്ടാഴ്ച മുമ്പ് അക്കാര്യം നിക്ഷേപകരെ അറിയിക്കണം. നേരത്തെ ഇത് രണ്ട് മാസം മുമ്പ് അറിയിക്കണമെന്നായിരുന്നു. അകൗണ്ടുകളിലെ നോമിനികളുടെ വിവരങ്ങള്‍ ഇടപാടുകാരെ രേഖാമൂലം അറിയിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങള്‍ സംവിധാനങ്ങള്‍ ഒരുക്കണം. നോമിനിയെ ചേര്‍ക്കല്‍, ഒഴിവാക്കല്‍, മാറ്റം വരുത്തല്‍ എന്നീ കാര്യങ്ങള്‍ ഇടപാടുകാരെ രേഖാമൂലം അറിയിക്കണം. നോമിനിയുടെ വിവരങ്ങള്‍ പാസ് ബൂക്കില്‍ ചേര്‍ക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നു.

Tags:    

Similar News