പണം സ്വീകരിക്കുന്നത് ആര്? പേര് അറിയാന്‍ നെഫ്റ്റിലും ആര്‍.ടി.ജി.എസിലും സംവിധാനം വേണം, ഏപ്രില്‍ ഒന്നിനകം

നടപടി ഡിജിറ്റൽ ഫണ്ട് കൈമാറ്റങ്ങളുടെ സുരക്ഷിതത്വം വർദ്ധിപ്പിക്കാന്‍

Update:2025-01-02 11:39 IST

Image Courtesy: Canva, RBI

ആർടിജിഎസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെൻ്റ്), എൻഇഎഫ്‌ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ) സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങൾ 2025 ഏപ്രിൽ 1 നകം പണം സ്വീകരിക്കുന്നയാളുടെ (ബെനിഫിഷ്യറി) അക്കൗണ്ടിന്റെ പേര് പരിശോധിക്കാനുള്ള സംവിധാനം ഉറപ്പാക്കണമെന്ന് ആർ.ബി.ഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ). ഡിജിറ്റൽ ഫണ്ട് കൈമാറ്റങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കാനും പിശകുകൾ കുറയ്ക്കാനും ഉപയോഗപ്രദമാണ് നടപടി.
ഇലക്‌ട്രോണിക് പേമെന്റ് നടത്തുന്നവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും നീക്കം ലക്ഷ്യമിടുന്നു. ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) ആണ്. ഓൺലൈൻ ബാങ്കിംഗ്, മൊബൈൽ ആപ്ലിക്കേഷനുകൾ, 
ബാങ്ക് ശാഖ എന്നിവ ഉള്‍പ്പെടെ 
എല്ലാ പ്ലാറ്റ്‌ഫോമുകളിലും ബാങ്കുകള്‍ ഈ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്.

നിലവിൽ പണമിടപാട് പ്ലാറ്റ്‌ഫോമുകളായ യുപിഐ, ഐഎംപിഎസ് എന്നിവയില്‍ പണം കൈമാറ്റം ചെയ്യുന്നതിന് മുമ്പായി ഗുണഭോക്താക്കളുടെ പേരുകൾ പരിശോധിക്കാൻ പണം അയയ്ക്കുന്നവരെ അനുവദിക്കുന്നുണ്ട്. ആര്‍.ടി.ജി.എസ്, നെഫ്റ്റ് സേവനങ്ങള്‍ വഴി പണം ട്രാൻസ്ഫറുകൾ പൂർത്തിയാക്കുന്നതിന് മുമ്പ് സ്വീകർത്താവിൻ്റെ അക്കൗണ്ട് പേര് പരിശോധിക്കാൻ ഈ പുതിയ സംവിധാനം ഉപയോക്താക്കളെ സഹായിക്കും.

പണം ട്രാൻസ്ഫർ ചെയ്യുമ്പോള്‍ സംഭവിക്കാവുന്ന പിശകുകൾ കുറയ്ക്കുന്നതിനായി 2024 ഒക്ടോബർ 9 നാണ് ഈ നിർദ്ദേശം ആദ്യം പുറപ്പെടുവിച്ചത്. ബാങ്കുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ആർബിഐ എൻപിസിഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Tags:    

Similar News