വിസ പുതുക്കാന്‍ ഇനി ഇന്‍ഷുറന്‍സ് നിര്‍ബന്ധം; യു.എ.ഇ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം പ്രാബല്യത്തില്‍

അബുദബി, ദുബൈ എന്നിവിടങ്ങളിലെ നിയമം ഇന്ന് മുതല്‍ എല്ലാ എമിറേറ്റുകളിലും

Update:2025-01-01 21:25 IST

Image: Canva

എല്ലാ മേഖലയിലെയും തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്ന നിയമം യു.എ.ഇയില്‍ നിലവില്‍ വന്നു. അബുദബി, ദുബൈ എന്നീ എമിറേറ്റുകളില്‍ നിലവിലുള്ള ഈ നിയമം ഷാര്‍ജ, അജ്മാന്‍, ഉമുല്‍ ഖുവൈന്‍, റാസ് അല്‍ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍, വീട്ടു ജോലിക്കാര്‍ തുടങ്ങി വിദേശികള്‍ അടക്കമുള്ള എല്ലാവരും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കണം. തൊഴില്‍ വിസ പുതുക്കുന്നതിനും റെസിഡന്‍സ് പെര്‍മിറ്റിനും ഇന്‍ഷുറന്‍സ് നിര്‍ബന്ധമായി. കഴിഞ്ഞ മാസം ആദ്യമാണ് യു.എ.ഇ സര്‍ക്കാര്‍ ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. സുരക്ഷയുടെ ചുമതലയുള്ള ഫെഡറല്‍ അതോറിറ്റി, ദേശീയ ആരോഗ്യ വകുപ്പ്, വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ബാധകമാകുന്നത് ആര്‍ക്കെല്ലാം?

യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലെയും സ്വകാര്യ കമ്പനി ജീവനക്കാര്‍, വീട്ടു ജോലിക്കാര്‍ തുടങ്ങിയവര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ വരും. ഒറ്റക്ക് താമസിക്കുന്നവര്‍ക്ക് വ്യക്തികള്‍ക്കുള്ള പോളിസിയും കുടുംബമൊത്ത് താമസിക്കുന്നവര്‍ക്ക് ഫാമിലി പോളിസിയും നിര്‍ബന്ധമാണ്. കമ്പനികളുടെ കാര്യത്തില്‍ തൊഴിലുടമയാണ് ജീവനക്കാര്‍ക്കുള്ള പോളിസികള്‍ എടുക്കേണ്ടത്. ജീവനക്കാരുടെ റെസിഡന്റ് പെര്‍മിറ്റ് പുതുക്കാനുള്ള അപേക്ഷക്കൊപ്പം ഇന്‍ഷുറന്‍സ് പോളിസിയും സമര്‍പ്പിക്കണം. ഇതില്ലെങ്കില്‍ പെര്‍മിറ്റ് പുതുക്കി നല്‍കില്ല. ജനുവരി ഒന്നിന് മുമ്പ് ഇഷ്യു ചെയ്ത പെര്‍മിറ്റുകളില്‍, അവ പുതുക്കുന്ന സമയത്ത് മാത്രമാണ് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാകുന്നത്.

കുറഞ്ഞ ചിലവ് 7,360 രൂപ

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുള്ള കുറഞ്ഞ പ്രീമിയം തുക 320 ദിര്‍ഹം (7.360 രൂപ) ആണ്. 64 വയസു വരെയുള്ളവര്‍ക്ക് ആരോഗ്യ പരിശോധന കൂടാതെ പോളിസി ലഭിക്കും. വിവിധ എമിറേറ്റുകളിലെ ഏഴ് ആശുപത്രികള്‍, 46 ക്ലിനിക്കുകള്‍, 45 ഫാര്‍മസികള്‍ എന്നിവയാണ് നിലവില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇന്‍ പേഷ്യന്റ് ചികില്‍സക്ക് 1,000 ദിര്‍ഹമാണ് പരമാവധി പരിധി. ഇതില്‍ 20 ശതമാനം പോളിസി ഉടമ വഹിക്കണം. ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ 25 ശതമാനം ചിലവുകള്‍ പോളിസി ഉടമ വഹിക്കണം. മരുന്നുകള്‍ക്ക് പരമാവധി വാര്‍ഷിക പരിധി 1,500 ദിര്‍ഹം. ബില്ലുകളുടെ 30 ശതമാനം പോളിസി ഉടമ നല്‍കണം.

രാജ്യത്തിന്റെ ആരോഗ്യ ഡാറ്റാ ബേസ് ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇ സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പാക്കുന്നത്. എല്ലാ തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ് എടുക്കേണ്ടി വരുന്നതോടെ ഇന്‍ഷുറന്‍സ് മേഖലയിലും വലിയ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News