15 മിനിറ്റിനുളളില്‍ ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തിക്കാന്‍ ആമസോണും ഫ്ലിപ്പ്കാർട്ടും, സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനും ബ്ലിങ്കിറ്റിനും കടുത്ത വെല്ലുവിളി

ഫ്ലിപ്പ്കാർട്ടിൻ്റെ ദ്രുത വാണിജ്യ സേവനമായ "മിനിറ്റ്സ്" പ്രവര്‍ത്തനങ്ങള്‍ അതിവേഗം വികസിപ്പിക്കുന്നു;

Update:2025-01-10 13:08 IST

Image courtesy: Canva

ഇന്ത്യയുടെ ക്വിക്ക് ഇ-കൊമേഴ്‌സ്‌ വിപണിയില്‍ ശക്തമായ സാന്നിധ്യമാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടും ബ്ലിങ്കിറ്റും. എന്നാല്‍ ഈ വിപണിയിലേക്ക് കടന്നു വരാനുളള അമേരിക്കന്‍ കമ്പനികളുടെ ശ്രമങ്ങള്‍ അതിവഗം പുരോഗമിക്കുന്നു. യു.എസ് ആസ്ഥാനമായ ഇ-കൊമേഴ്‌സ് കമ്പനി ആമസോണും വാൾമാർട്ടിൻ്റെ ഉടമസ്ഥതയിലുളള ഫ്ലിപ്പ്കാർട്ടും 2025 ല്‍ ദ്രുത വാണിജ്യ വിപണിയിലേക്ക് പ്രവേശിക്കാനുളള നീക്കങ്ങളാണ് നടത്തുന്നത്.

ബംഗളൂരുവില്‍ പൈലറ്റ് പ്രോഗ്രാം

അമേരിക്കയിലെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനിയാണ് വാൾമാർട്ട്. ആമസോൺ അതിൻ്റെ ക്വിക്ക് കൊമേഴ്‌സ് സേവനമായ "ടെസ്" ബംഗളൂരുവില്‍ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. വിൽപ്പനക്കാരിൽ നിന്ന് ദൈനംദിന അവശ്യവസ്തുക്കൾ ശേഖരിച്ച് വേഗത്തിൽ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതിനാണ് ഈ പൈലറ്റ് പ്രോഗ്രാം ശ്രദ്ധയൂന്നത്.

നഗര പ്രദേശങ്ങളിലെ പ്രധാന സ്റ്റോറുകൾ ഉപയോഗപ്പെടുത്തുന്നതിലും പ്രമുഖ മൂന്നാം കക്ഷി ലോജിസ്റ്റിക്സ് സ്ഥാപനങ്ങളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതിലുമുളള പ്രവര്‍ത്തനങ്ങളിലാണ് കമ്പനി. അവശ്യവസ്തുക്കള്‍ ഉപയോക്താക്കള്‍ക്ക് കൂടുതൽ വേഗത്തില്‍ എത്തിച്ചു നല്‍കുന്നതിനുളള പരീക്ഷണമാണ് ബംഗളൂരുവിലെ തിരഞ്ഞെടുത്ത പിൻ കോഡുകളില്‍ നടത്തുന്നത്.
വാൾമാർട്ടിൻ്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്പ്കാർട്ടിൻ്റെ ദ്രുത വാണിജ്യ സേവനമായ "മിനിറ്റ്സ്" പ്രവര്‍ത്തനങ്ങള്‍ അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുത്ത ബംഗളൂരു പ്രദേശങ്ങളിൽ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, മരുന്നുകള്‍ പോലുള്ള ഇനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി ഉൽപ്പന്ന ശ്രേണി വിപുലീകരീക്കുകയാണ്.

വിലനിർണ്ണയ തന്ത്രം

ഫ്ലിപ്പ്കാർട്ടിൻ്റെ ആക്രമണാത്മക വിലനിർണ്ണയ തന്ത്രം ശ്രദ്ധേയമാണെന്ന് സാമ്പത്തിക സേവന കമ്പനിയായ ജെഫറീസ് വിലയിരുത്തുന്നു. സെപ്‌റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് , ബ്ലിങ്കിറ്റ് തുടങ്ങിയ ക്വിക്ക് കൊമേഴ്‌സ് കമ്പനികള്‍ക്ക് ശക്തമായ വെല്ലുവിളിയാണ് ഇത് ഉയര്‍ത്തുക.
യു.എസില്‍ ഐഫോണുകൾ ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ലഭ്യത എല്ലാ സീസണിലും ഉറപ്പാക്കാന്‍ മിനിറ്റ്സിന് സാധിക്കുന്നു. അതേസമയം പ്രത്യേക ഉത്സവ അവസരങ്ങളിൽ മാത്രമാണ് എതിരാളികള്‍ക്ക് ഈ സേവനം വാഗ്ദാനം ചെയ്യാന്‍ സാധിക്കുന്നത്. ഫ്ലിപ്പ്കാർട്ട് പങ്കാളി സ്റ്റോറുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലും കൊൽക്കത്ത പോലുള്ള പുതിയ വിപണികളിലേക്ക് വ്യാപിക്കുന്നതിലും ഉൽപ്പന്ന വിഭാഗങ്ങൾ വിപുലീകരിക്കുന്നതിലുമാണ് ശ്രദ്ധ ചെലുത്തുന്നത്.
അതേസമയം, ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബിഗ്ബാസ്‌ക്കറ്റ് ടാറ്റ ക്ലിക്കുമായി ചേര്‍ന്ന് ഫാഷൻ ഉൽപ്പന്നങ്ങള്‍ 15 മിനിറ്റിനുളളില്‍ ഡെലിവറി വാഗ്ദാനം ചെയ്യുന്ന പുതിയ മേഖല അവതരിപ്പിക്കാനുളള ഒരുക്കത്തിലാണ്.
Tags:    

Similar News