തിരിച്ചടികള്‍ക്ക് വിട; ചരക്കുനീക്കത്തില്‍ പുതിയ കുതിപ്പിന് കൊച്ചി തുറമുഖം, റെക്കോഡ് പഴങ്കഥയാക്കി വല്ലാര്‍പാടവും
2022-23ല്‍ കണ്ടെയ്‌നര്‍ നീക്കം കുറഞ്ഞിരുന്നു
ചരക്കുനീക്കത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേരിട്ട തിരിച്ചടികള്‍ നിഷ്പ്രഭമാക്കി കൊച്ചി തുറമുഖത്തിന്റെ കരകയറ്റം. കഴിഞ്ഞമാസം വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിലെ (ICTT) കണ്ടെയ്‌നര്‍ നീക്കമാകട്ടെ സര്‍വകാല റെക്കോഡും രേഖപ്പെടുത്തി.
നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ മുന്‍ഷവര്‍ഷത്തെ സമാനകാലത്തെ അപേക്ഷിച്ച് 5.03 ശതമാനം വര്‍ധനയുമായി 32.94 മില്യണ്‍ ടണ്‍ ചരക്ക് (Total throughput) കൊച്ചി തുറമുഖം കൈകാര്യം ചെയ്തു.
പെട്രോളിയം ഉത്പന്നങ്ങള്‍, ക്രൂഡ്, എല്‍.എന്‍.ജി എന്നിയുടെ നീക്കം (POL) 7.72 ശതമാനം ഉയര്‍ന്ന് 20.95 മില്യണ്‍ ടണ്ണായി. മൊത്തം കണ്ടെയ്‌നര്‍ നീക്കം 7.09 ശതമാനം ഉയര്‍ന്ന് 6.79 ലക്ഷം ടി.ഇ.യുവിലുമെത്തി (TEU/ട്വന്റി-ഫൂട്ട് ഇക്വിലന്റ് യൂണിറ്റ്).
കടക്കും 36 മില്യണ്‍ ടണ്‍
നിലവിലെ ട്രെന്‍ഡ് പ്രതീക്ഷ നല്‍കുന്നതാണെന്നും നടപ്പുവര്‍ഷത്തെ (2023-24) മൊത്തം ചരക്കുനീക്കം 36 ലക്ഷം മില്യണ്‍ ടണ്‍ കടക്കുമെന്നും കൊച്ചി തുറമുഖ അതോറിറ്റി ട്രാഫിക് വിഭാഗം അധികൃതര്‍ 'ധനംഓണ്‍ലൈനി'നോട് പറഞ്ഞു. 35.26 മില്യണ്‍ ടണ്ണായിരുന്നു 2022-23ല്‍ കൈകാര്യം ചെയ്തത്. മൊത്തം 6.95 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകളും കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊച്ചി വഴി കടന്നുപോയിരുന്നു. നടപ്പുവര്‍ഷം കണ്ടെയ്‌നര്‍ നീക്കം 7 ലക്ഷം ടി.ഇ.യു ഭേദിക്കുമെന്നാണ് പ്രതീക്ഷ.
റെക്കോഡ് ഭേദിച്ച് വല്ലാര്‍പാടം
പുതിയ സര്‍വീസുകളുടെ കടന്നുവരവിന്റെ പിന്‍ബലത്തില്‍ റെക്കോഡ് തിരുത്തിയെഴുതി മുന്നോട്ടുപോകുകയാണ് കൊച്ചി തുറമുഖത്തെ വല്ലാര്‍പാടം ടെര്‍മിനല്‍. ഡി.പി വേള്‍ഡിന് നിയന്ത്രണച്ചുമതലയുള്ള വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ (ICTT) വഴി കഴിഞ്ഞമാസം 75,141 ടി.ഇ.യു കണ്ടെയ്‌നറുകള്‍ കടന്നുപോയി. എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ ഉയരമാണിത്. 2021 ജനുവരിയിലെ 71,543 ടി.ഇ.യു എന്ന റെക്കോഡാണ് പഴങ്കഥയായത്. വെറും 29 ദിവസമുള്ള മാസത്തിലാണ് ഈ പുത്തനുയരം കുറിച്ചതെന്നത് ശ്രദ്ധേയമാണ്.
കൊച്ചി തുറമുഖം വഴിയുള്ള മൊത്തം ചരക്കുനീക്കത്തില്‍ ഏതാണ്ട് 65 ശതമാനവും വിദേശ ഇടപാടുകളാണ്. നടപ്പുവര്‍ഷവും ഇതേ ട്രെന്‍ഡാണ് നിലനില്‍ക്കുന്നതെന്നും ട്രാഫിക് വിഭാഗം അധികൃതര്‍ പറഞ്ഞു. 2021-22നെ അപേക്ഷിച്ച് 2022-23ല്‍ മൊത്തം കണ്ടെയ്‌നര്‍ നീക്കം 5.5 ശതമാനം കുറഞ്ഞിരുന്നു. ആഭ്യന്തര കണ്ടെയ്‌നറുകളുടെ നീക്കത്തിന് നിരവധിപേര്‍ ചെലവ് കുറഞ്ഞ റെയില്‍മാര്‍ഗത്തിലേക്ക് മാറിയതാണ് ഇതിന് മുഖ്യ കാരണമായത്. ഇക്കുറി ഈ പ്രതിസന്ധികളെല്ലാം മറികടന്നാണ് കൊച്ചി തുറമുഖം മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്നത്.