വര്‍ക്ക് ഫ്രം ഹോമില്‍ നിന്ന് തിരികെ ഓഫീസില്‍ എത്തിയോ? സ്മാര്‍ട്ട് ആയി ജോലി ചെയ്യാന്‍ 6 ടിപ്‌സ് ഇതാ

Update: 2020-06-11 10:02 GMT

കോവിഡ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പലരും ജോലിസ്ഥലത്തേക്ക് പോകാതെ വീട്ടില്‍ തന്നെയായിരുന്നു. വര്‍ക്ക് ഫ്രം ഹോം സ്വീകരിച്ചതും നിരവധി പേരാണ്. ജോലിക്ക് ഓഫീസില്‍ പോകുന്നില്ല എന്നത് കൊണ്ട് തന്നെ വര്‍ക്ക് ഫ്രം ഹോം പലര്‍ക്കും റിലാക്‌സ്ഡ് വര്‍ക്ക് സ്‌പേസ് ആയിരുന്നു. വീട്ടില്‍ വളരെ കാഷ്വല്‍ ആയി ഇരുന്ന് ഒട്ടും ഔദ്യോഗികമായി അല്ലാതെ ഇരുന്നു ചെയ്തിരുന്ന ഔദ്യോഗിക ജോലികള്‍ എന്നു വേണമെങ്കില്‍ പറയാം. എത്ര ഔദ്യോഗികതയിലും വീട് ജോലി സ്ഥലമാകുമ്പോഴുള്ള സൗകര്യങ്ങളൊക്കെ ആസ്വദിക്കാവുന്ന അന്തരീക്ഷമായിരുന്നു. എന്നാല്‍ ഓഫീസുകളെല്ലാം വീണ്ടും പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞിരിക്കുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കോവിഡ് ഭീതിയില്‍ ആണ് എല്ലാവരും തൊഴിലിടത്തേക്ക് തിരികെ എത്തുന്നത്. ഓരോരുത്തരുടെയും ജോലിയുടെ സ്വഭാവമനുസരിച്ച് ഇനിയുള്ള ദിവസങ്ങള്‍ അല്‍പ്പം സ്‌ട്രെസ് കൂടുതലുമായിരിക്കും. എങ്ങനെയാണ് സ്‌ട്രെസ് ഇല്ലാതെ, എന്നാല്‍ വളരെ കാര്യക്ഷമമായി ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയുക. ഇതാ സ്മാര്‍ട്ട് ആയി ജോലി ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്നു ചില ടിപ്‌സ്.

അടുക്കും ചിട്ടയും

ചെയ്യുന്ന ജോലിയുടെ ക്രം, ജോലി ചെയ്യുന്ന രീതി, ജോലി ചെയ്യുന്ന ഇരിപ്പിടം എന്നിവയിലൊക്കെ അടുക്കും ചിട്ടയുമുണ്ടെങ്കില്‍ തന്നെ ജോലി ചെയ്യുന്നത് മികച്ചതാകും. തിരികെ ജോലിക്കെത്തുമ്പോള്‍ തന്നെ ആവശ്യമില്ലാത്ത സാധനങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലത്തു നിന്നു ഒഴിവാക്കും, ചെയ്യേണ്ട കാര്യങ്ങള്‍ക്ക് ഒരു ടു ഡു ലിസ്റ്റ് തയ്യാറാക്കി വയ്ക്കുക. ലോംഗ് ടേം, ഷോര്‍ട്ട് ടേം, എമര്‍ജന്‍സി വര്‍ക്ക് എന്നിങ്ങനെ തരം തിരിച്ചു ജോലി ചെയ്താല്‍ നിങ്ങളുടെ എഫിഷ്യന്‍സി ഉയര്‍ത്താം. ഡെയ്‌ലി ഗോള്‍സ്, വീക്ക്‌ലി ഗോള്‍സ് എന്നിവ സെറ്റ് ചെയ്യുകയും അവയെ വിലയിരുത്തുകയും ചെയ്യണം.

ഡെലിഗേറ്റ് ചെയ്യൂ

നിങ്ങളൊരു തൊഴിലുടമയാണെങ്കില്‍, നിങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരെ കൃത്യതയോടെ ജോലി ചെയ്യാന്‍ അവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തണം. നിങ്ങളൊരു ജീവനക്കാരനെങ്കില്‍ കൃത്യമായി ചെയ്യാന്‍ കഴിയുന്ന ജോലികള്‍ ഏറ്റെടുത്ത് ചെയ്യുക. ചെയ്യാന്‍ കഴിയാത്തതോ മറ്റുള്ളവര്‍ക്ക് തന്നെക്കാള്‍ പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നതോ ആയ ജോലികള്‍ പങ്കുവയ്ക്കുക. ഇവ അങ്ങേയറ്റം പ്രൊഫഷണല്‍ ആയി തന്നെ ചെയ്യാന്‍ ശ്രമിക്കേണ്ടതാണ്. നിങ്ങള്‍ക്ക് ജോലി ചെയ്യാനുള്ള കഴിവും ചെയ്ത് തീര്‍ക്കേണ്ട ഉത്തരവാദിത്തങ്ങളും എപ്പോഴും ചേര്‍ന്നു പോകണമെന്നില്ല. ഏതെങ്കിലും സ്‌കില്‍ വളര്‍ത്തണമെങ്കില്‍ കോഴ്‌സുകള്‍ തെരഞ്ഞെടുക്കുകയും പരിശീലിക്കുകയും വേണം. കോവിഡ് കാലത്ത് പലരും മള്‍ട്ടി ടാസ്‌കിംഗ് ചെയ്യേണ്ടി വന്നത് നമ്മള്‍ കണ്ടതാണ്. തന്റെ ജോലി മാത്രം എന്ന പിടിവാശി മാറ്റ് വച്ച് ചെയ്യാന്‍ കഴിയുന്ന ജോലിക്കു വേണ്ട കഴിവ് ആര്‍ജിക്കുക എന്നത് സ്ഥാപനത്തിനും വ്യക്തികള്‍ക്കും ഇനിയുള്ള കാലം പ്രധാനമാണ്.

ശല്യങ്ങളില്ലാതെ ജോലി ചെയ്യൂ

സോഷ്യല്‍മീഡിയയുടെ അമിത ഉപയോഗം, അനാവശ്യ ഫോണ്‍കോളുകള്‍ എന്നിവയെല്ലാം നിങ്ങളുടെ പ്രൊഡക്റ്റിവിറ്റിയെ കൊല്ലും. സ്ഥാപനത്തിലെ എല്ലാവരെയും അവരുടെ സോഷ്യല്‍മീഡിയ ഉപയോഗം കുറയ്ക്കാന്‍ നിര്‍ദേശം ചെയ്യുക. ജോലി ചെയ്യുന്ന മണിക്കൂറുകളില്‍ സ്വയം സോഷ്യല്‍മീഡിയ ഉപയോഗവും കോളുകളും കുറയ്ക്കുക.

ടൂളുകള്‍ ഉപയോഗിക്കുക

ജോലിക്ക് ആവശ്യമായ ഓണ്‍ലൈന്‍ ടൂളുകള്‍, മറ്റ് ഡിജിറ്റല്‍ സംവിധാനങ്ങള്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ടൂളുകള്‍ എന്നിവ ഉപയോഗിക്കുക. ഇവയെക്കുറിച്ച് കൂടുതല്‍ പഠിക്കാനും ജോലിക്കിടയില്‍ സമയം കണ്ടെത്തുക.നിങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഓണ്‍ലൈനിലൂടെ എങ്ങനെ കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ ശ്രമിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം ടൂളുകളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുക.

ജോലി സ്ഥലത്തെ സുരക്ഷിതത്വം

കോവിഡിന്റെ സാഹചര്യത്തില്‍ ജോലി സ്ഥലത്തെ സുരക്ഷിതത്വത്തെക്കുറിച്ച് പലരും വ്യാകുലരാണ്. സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളിലാണ് നിങ്ങളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പു വരുത്തേണ്ടതാണ്. കോവിഡ് മുന്‍കരുതലുകള്‍ ജീവനക്കാരും തൊഴിലുടമയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ജോലി സ്ഥലത്തും സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുക. തൊഴിലിടത്തിന്റെ താപനില ക്രമീകരിക്കുകയും വൃത്തി കാത്തു സൂക്ഷിക്കുകയും വേണം.

ലക്ഷ്യങ്ങള്‍ സാഹചര്യമറിഞ്ഞ്

മുമ്പത്തെ സാഹചര്യത്തിലല്ല ഇന്നൊരു മേഖലകളും പ്രവര്‍ത്തിക്കുന്നത്. നിലവിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കി കൊണ്ട് ഗോളുകള്‍ പുനക്രമീകരിക്കുക. ലക്ഷ്യങ്ങളിലേക്ക് കടക്കാന്‍ ഉള്ള മാര്‍ഗങ്ങളും പുനക്രമീകരണം നടത്തുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News