സ്വര്‍ണത്തിന് റെക്കോഡിന്റെ തലപ്പൊക്കം, ഒറ്റയടിക്ക് 43 ഡോളര്‍ കയറി; അന്താരാഷ്ട്ര വില ഇങ്ങനെ
നാളെ കേരളത്തിലും വില വര്‍ധനയ്ക്ക് സാധ്യത
അമേരിക്കന്‍ കാറ്റില്‍ പറന്ന് സ്വര്‍ണം സര്‍വകാല റെക്കോഡ് തൊട്ടു. ഔണ്‍സിന് 2,511.98 ഡോളറില്‍ വ്യാപാരം തുടങ്ങിയ സ്വര്‍ണം ഒറ്റയടിക്ക് 43 ഡോളറോളം (2 ശതമാനത്തിനടുത്ത്) ഉയര്‍ന്ന് 2,555.10 എന്ന എക്കാലത്തെയും ഉയര്‍ച്ച തൊട്ടു.
യു.എസിലെ പണപ്പെരുപ്പം പ്രതീക്ഷയിലും താഴെയായതും തൊഴിലില്ലായ്മ കണക്കുകള്‍ ഉയര്‍ന്നതും സാമ്പത്തിക രംഗം മാന്ദ്യത്തിലേക്കെന്ന സൂചനകളാണ് നല്‍കിയത്. ഇത് ഫെഡറല്‍ റിസര്‍വിനെ അടുത്ത ആഴ്ചയില്‍ തന്നെ പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിന് നിര്‍ബന്ധിതമാക്കുമെന്നതാണ് സ്വര്‍ണത്തില്‍ പെട്ടെന്നുള്ള മുന്നേറ്റത്തിന് കാരണം. ആഗസ്റ്റില്‍ യു.എസ് ഉത്പാദന വില സൂചിക പ്രതീക്ഷിച്ചതിനേക്കാള്‍ നേരിയ തോതില്‍ കൂടിയെങ്കിലും നിരക്ക് കുറയ്ക്കൽ ഉടനുണ്ടാകുമെന്ന് വിപണി വിശ്വസിക്കുന്നു
സമ്പദ്‌വ്യവസ്ഥയിലേക്ക് പണം വരണമെന്നുണ്ടെങ്കില്‍ കമ്പനികള്‍ക്കും മറ്റും കുറഞ്ഞ പലിശ നിരക്കില്‍ വായപ ലഭ്യമാക്കേണ്ടതുണ്ട്. എന്നാൽ ഒറ്റയടിക്ക് വന്‍ കുറവ് വരുത്തുന്നതിനേക്കാള്‍ വിവിധ തവണയായി കുറയ്ക്കാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ പങ്കുവയ്ക്കുന്നത്. പലിശ നിരക്കില്‍ 25 ബേസിസ് പോയിന്റിന്റെ കുറവു വരുത്താനാണ് 85 ശതമാനം സാധ്യതയുമെന്നാണ് ഇപ്പോഴത്തെ നിഗമനങ്ങള്‍. 50 ബോസിസ് പോയിന്റ് കുറയ്ക്കാന്‍ 15 ശതമാനം മാത്രം സാധ്യതയാണ് കാണുന്നത്.
ചെറിയൊരു കുറവു വന്നാല്‍ പോലും കടപ്പത്രങ്ങളുടെയും മറ്റും നേട്ടം കുറയുകയും നിക്ഷേപകര്‍ സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ചേക്കേറാന്‍ ഇടയാക്കുകയും ചെയ്യും. ഇത് സ്വര്‍ണ വിലയില്‍ ഉയര്‍ച്ചയുണ്ടാക്കും.