ഓര്‍ഡര്‍ ചെയ്താല്‍ ഉടനെത്തണം; ലോകത്തെ ഓണ്‍ലൈന്‍ ഉപയോക്താക്കളില്‍ ഏറ്റവും അക്ഷമര്‍ ഇന്ത്യക്കാര്‍
18 അന്താരാഷ്ട്ര വിപണികളിലായി 31,000ല്‍ അധികം ഉപയോക്താക്കളില്‍ നടത്തിയ സര്‍വ്വേയാണിത്
ഓണ്‍ലൈനായി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരില്‍ ലോകത്തിലെ ഏറ്റവും അക്ഷമരായവര്‍ ഇന്ത്യക്കാരാണെന്ന് വണ്ടര്‍മാന്‍ തോംസണിന്റെ ആഗോള റിപ്പോര്‍ട്ട്. 18 അന്താരാഷ്ട്ര വിപണികളിലായി 31,000ല്‍ അധികം ഉപയോക്താക്കളില്‍ നടത്തിയ സര്‍വ്വേയാണിത്.
ക്വിക്ക് കൊമേഴ്‌സ് വേഗത്തില്‍ വളരുന്നു
ഇന്ത്യയിലെ ഏകദേശം 38% ഉപയോക്താക്കള്‍ക്കും ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ സെപ്റ്റോയുടെ സഹസ്ഥാപകന്‍ ആദിത് പലിഷ പറഞ്ഞു. സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, ബ്ലിങ്കിറ്റ്, ഡണ്‍സോ, ബിഗ് ബാസ്‌ക്കറ്റ് നൗ, സെപ്‌റ്റോ എന്നിങ്ങനെ നിരവധി ക്വിക്ക് ഗ്രോസറി പ്ലാറ്റ്ഫോമുകള്‍ ഇന്ത്യയില്‍ എത്തിയതോടെ ശരാശരി 30 മിനിറ്റിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് പലചരക്ക് സാധനങ്ങള്‍ ലഭ്യമായി തുടങ്ങി. ഇത്തരത്തില്‍ രാജ്യത്ത് 'ക്വിക്ക് കൊമേഴ്‌സ്' വേഗത്തില്‍ വളരുകയാണ്.
ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളില്‍ മുന്നില്‍
വണ്ടര്‍മാന്‍ തോംസണ്‍ സര്‍വേ പ്രകാരം ഓണ്‍ലൈനില്‍ വാങ്ങുന്ന ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ 45 ശതമാനത്തോടെ ഇന്ത്യ എല്ലാ രാജ്യങ്ങളെക്കാളും മുന്നിലാണ്. ആഗോളതലത്തില്‍ 72% ഉപയോക്താക്കള്‍ അവരുടെ പ്രതീക്ഷകളുമായി പൊരുത്തപ്പെടുന്നില്ല എന്ന കാരണത്താല്‍ ചില്ലറ വ്യാപാരികള്‍, ബ്രാന്‍ഡുകള്‍ അല്ലെങ്കില്‍ മാര്‍ക്കറ്റ്‌പ്ലേസുകള്‍ എന്നിവയില്‍ നിന്ന് പലപ്പോഴും ഉല്‍പ്പന്നങ്ങള്‍ വാങ്ങാറില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. വാങ്ങിയ ഉല്‍പ്പന്നങ്ങളില്‍ കൂടുതലും ഇന്ത്യക്കാരാണ് തിരികെ നല്‍കുന്നതെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.