എ.ഐ; ബിഗ് ഡേറ്റ, ബ്ലോക്ക് ചെയിന്‍: ഇന്ത്യയിലെ ടെക് പേറ്റന്റുകളില്‍ 13.6% വര്‍ദ്ധന
ടെലികോം മേഖലയില്‍ നിന്ന് 6ജി പേറ്റന്റുകളും
ഇന്ത്യയില്‍ നിന്ന് 2009-10 മുതല്‍ 2021-22 വരെ കാലയളവില്‍ 5.84 ലക്ഷം പേറ്റന്റ് അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സോഫ്റ്റ്‌വെയര്‍ സേവന കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോം വ്യക്തമാക്കി. 2021-22ല്‍ മാത്രം പേറ്റന്റ് അപേക്ഷകളിലുണ്ടായ വര്‍ദ്ധന 13.6 ശതമാനമാണ്. ടെക്‌നോളജി മേഖലയില്‍ നിന്നാണ് ഇക്കാലയളവിലെ മൊത്തം പേറ്റന്റുകളില്‍ 2.66 ലക്ഷവും.
ടെക് പേറ്റന്റുകളില്‍ 1.60 ലക്ഷവും നിര്‍മ്മിത ബുദ്ധി (എ.ഐ), ബിഗ് ഡേറ്റ, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐ.ഒ.ടി), സൈബര്‍സെക്യൂരിറ്റി, ബ്ലോക്ക് ചെയിന്‍ വിഭാഗങ്ങളില്‍ നിന്നാണ്. ടെലികോം മേഖലകളില്‍ നിന്നുള്ള ടെക് പേറ്റന്റുകളില്‍ 5ജിക്ക് പുറമേ 6ജിയുമുണ്ട്. 2021-22ല്‍ ഇന്ത്യയില്‍ നിന്നുള്ള മൊത്തം ടെക് പേറ്റന്റുകളില്‍ ആഭ്യന്തരതലത്തില്‍ സമര്‍പ്പിക്കപ്പെട്ടവയുടെ വിഹിതം മുന്‍വര്‍ഷത്തെ 41.6 ശതമാനത്തില്‍ നിന്ന് 44.4 ശതമാനമായി ഉയര്‍ന്നുവെന്നും നാസ്‌കോം വ്യക്തമാക്കി.