പറഞ്ഞുവരുമ്പോള്‍ ഏറെ പരിചിതമാണ് ടെക്‌നിക്കല്‍ ടെക്‌സ്റ്റൈല്‍സ്: Explainer

പരമ്പരാഗത തുണിത്തരങ്ങളില്‍ നിന്ന് ഇതിലേക്കുള്ള മാറ്റം ഇന്ത്യയുടെ ടെക്സ്റ്റൈല്‍ മേഖലയിലും പ്രകടമാണ്

Update:2023-01-12 17:00 IST

image: @canva

ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് വിഭാഗത്തില്‍ ഗവേഷണവും നവീകരണവും നടത്താന്‍ താല്‍പ്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുമെന്ന് കേന്ദ്രം. ഇതിനായി ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്ന റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്താണ് ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് എന്നറിയാമോ. ഇന്ത്യയില്‍ ഇതിന്റെ വിപണി മൂല്യത്തെ കുറിച്ച് നിങ്ങള്‍ ധാരണയുണ്ടോ. പറഞ്ഞുവരുമ്പോള്‍ നമ്മുക്ക് ഏറെ പരിചയമുള്ള ചിലതൊക്കെ തന്നെയൊണ് ഇതിലുള്ളത്.

ടെക്‌നിക്കല്‍ ടെക്‌സ്റ്റൈല്‍

ഇന്ത്യയില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ഹൈടെക് വ്യവസായമാണ് ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സ്. ഹെല്‍ത്ത് കെയര്‍, കാര്‍ഷിക, വ്യാവസായിക സുരക്ഷ, ഓട്ടോമോട്ടീവ്, സിവില്‍ എന്‍ജിനീയറിംഗ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ഉപയോഗിക്കുന്ന ഒന്നാണ് ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സ്. അഗ്രോടെക്, ബില്‍ഡ്‌ടെക്, ക്ലോത്ത്ടെക്, ജിയോടെക്, ഹോംടെക്, ഇന്‍ഡുടെക്, മെഡിടെക്, മൊബില്‍ടെക്, ഓക്കോടെക്, പാക്ക്ടെക്, പ്രോടെക്, സ്പോര്‍ട്ട്ടെക് എന്നിങ്ങനെ 12 പ്രധന ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍ വിഭാഗങ്ങള്‍ ഇന്നുണ്ട്.

മേഖലകള്‍ പലത്

കാര്‍ഷിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ കുറയ്ക്കുന്നതിനൊപ്പം വിളകളെ സംരക്ഷിക്കാനും വികസിപ്പിക്കാനും അഗ്രോടെക് വ്യവസായത്തില്‍ അഗ്രോ-ടെക്‌സ്‌റ്റൈല്‍സ് ഉപയോഗിക്കുന്നു. അഗ്രോ-ടെക്‌സ്‌റ്റൈല്‍സ് പ്രാഥമികമായി വിളകളുടെ സംരക്ഷണം, സൂക്ഷ്മാണുക്കളില്‍ നിന്നുള്ള പ്രതിരോധം, കാലാവസ്ഥ പ്രതിരോധം എന്നിവ നല്‍കുന്നു. പഴം- പച്ചക്കറി കൃഷി, മീന്‍വളര്‍ത്തല്‍, ലാന്‍ഡ്സ്‌കേപ്പ് ഗാര്‍ഡനിംഗ് എന്നിവയിലെല്ലാം തന്നെ ഇവ ഉപയോഗപ്രദമാണ്. കെട്ടിടങ്ങളുടേയും മറ്റും നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സ് ബില്‍ഡ് ടെക്‌സ്‌റ്റൈല്‍സ് മേഖലയില്‍ ഉള്‍പ്പെടുന്നു.

ഇന്റര്‍ലൈനിംഗ്, ഇന്‍സുലേഷന്‍ തുടങ്ങി വസ്ത്രങ്ങളുടെ നിര്‍മ്മാണത്തില്‍ സാങ്കേതിക ഘടകങ്ങളായി ഉപയോഗിക്കുന്ന നാരുകള്‍, നൂലുകള്‍, തുണിത്തരങ്ങള്‍ എന്നിവ ക്ലോത്ത്‌ടെക്കില്‍ ഉള്‍പ്പെടുന്നു. സിപ്പ് ഫാസ്റ്റനറുകള്‍, ഇലാസ്റ്റിക് തുണിത്തരങ്ങള്‍, ഷൂ ലെയ്‌സ്, കുടയുടെ തുണി തുടങ്ങിയവയാണ് ഇതിലുള്‍പ്പെടുന്ന മറ്റ് ചില ഉല്‍പ്പന്നങ്ങള്‍. റോഡുകള്‍, തുറമുഖങ്ങള്‍, ലാന്‍ഡ്ഫില്ലുകള്‍, ഡ്രെയിനേജ് ഘടനകള്‍, ശുദ്ധീകരണം മറ്റ് സിവില്‍ പ്രോജക്ടുകള്‍ തുടങ്ങി നിരവധി അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവ ഉപയോഗിക്കുന്ന തുണിത്തരങ്ങളാണ് ജിയോടെക്‌സ്‌റ്റൈല്‍സ്. പോളിസ്റ്റര്‍ അല്ലെങ്കില്‍ പോളിപ്രൊഫൈലിന്‍ പോളിമറുകളില്‍ നിന്നാണ് ഇത് നിര്‍മ്മിക്കുന്നത്.

ആരോഗ്യ മേഖലില്‍ ഉപയോഗിക്കുന്ന ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സാണ് മെഡിക്കല്‍ ടെക്‌സ്‌റ്റൈല്‍സ്. അണുവിമുക്തമായ, അലര്‍ജി പ്രതിരോധമുള്ള, ആന്റി ബാക്ടീരിയല്‍ തുണിത്തരങ്ങളാണ് ഇവയില്‍ പലതും. ബാന്‍ഡേജ്, കയ്യുറകള്‍, മാസ്‌ക്കുകള്‍, ഏപ്രണുകള്‍, സര്‍ജിക്കല്‍ ഗൗണുകള്‍, തൊപ്പികള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ തുടങ്ങിയവ ഈ ഉല്‍പ്പന്നങ്ങളുടെ ചില ഉദാഹരണങ്ങളാണ്. റോഡിലോടുന്ന വാഹനങ്ങള്‍, ട്രെയിനുകള്‍, മറൈന്‍ വാഹനങ്ങള്‍, വിമാനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടവയാണ് ഓട്ടോമൊബൈല്‍ ടെക്‌സ്‌റ്റൈല്‍സ്.

പരിസ്ഥിതി സൗഹൃദമായ രീതിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതും പരിസ്ഥിതി സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് ഉല്‍പ്പന്നങ്ങളുമാണ് ഒക്കോടെക്. പരവതാനി, മെത്തയുടെ ഘടകങ്ങള്‍, സ്റ്റഫ് കളിപ്പാട്ടങ്ങള്‍, ഫര്‍ണിച്ചര്‍ തുണിത്തരങ്ങള്‍, ഗാര്‍ഹിക തുണിത്തരങ്ങള്‍ മുതലായവ ഉള്‍പ്പെടുന്നവയാണ് ഹോം ടെക്‌സ്‌റ്റൈലുകള്‍. ഫില്‍ട്ടറേഷന്‍, വൃത്തിയാക്കല്‍, മറ്റ് വ്യാവസായിക ആവശ്യങ്ങള്‍ എന്നിങ്ങനെ നിര്‍മ്മാണ മേഖലയില്‍ ഉപയോഗിക്കുന്ന ടെക്നിക്കല്‍ ടെക്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളാണ് ഇന്‍ഡസ്ട്രിയല്‍ ടെക്‌സ്‌റ്റൈല്‍സ്. ഫില്‍ട്ടറുകള്‍, കണ്‍വെയര്‍ ബെല്‍റ്റുകള്‍, കയറുകളും ചരടുകളും മുതലായവ ഇതില്‍പ്പെടുന്നു. പാക്കേജിംഗ് ആപ്ലിക്കേഷനുകള്‍ക്കായി ഉപയോഗിക്കുന്ന ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് ഉല്‍പ്പന്നങ്ങളാണ് പാക്ക്‌ടെക്.

വിവിധ പാരിസ്ഥിതിക, വ്യാവസായിക അപകടങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരെയും ഉപകരണങ്ങളെയും സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍ മെറ്റീരിയലുകള്‍, വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ പ്രോടെകില്‍ ഉള്‍പ്പെടുന്നു. മുറിവുകള്‍, ഉരച്ചിലുകള്‍, ബാലിസ്റ്റിക്, മറ്റ് തരത്തിലുള്ള ഗുരുതരമായ ആഘാതങ്ങള്‍ എന്നിവയില്‍ നിന്നുള്ള സംരക്ഷണവും മറ്റും നല്‍കുന്നവയാണിത്. സ്‌പോര്‍ട്‌സ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സ് ഉല്‍പ്പന്നങ്ങള്‍ സ്‌പോര്‍ടെക് കൈകാര്യം ചെയ്യുന്നു. കൃത്രിമ ടര്‍ഫ്, ഉയര്‍ന്ന പ്രകടനമുള്ള നീന്തല്‍ വസ്ത്രങ്ങള്‍, സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍, പാരച്യൂട്ട് തുണിത്തരങ്ങള്‍, സ്‌പോര്‍ട്‌സ് ഷൂ ഘടകങ്ങള്‍, തുടങ്ങിയവയാണ് ഇതിന്റെ ഉല്‍പ്പന്നങ്ങളില്‍ ചിലത്.

 ഇന്ത്യന്‍ വിപണി

ആഗോളതലത്തില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഫലമായി ടെക്‌നിക്കല്‍ ടെക്‌സ്റ്റൈലുകളുടെ ആവശ്യം സമീപ വര്‍ഷങ്ങളില്‍ വര്‍ധിച്ചു. ആവശ്യകത വര്‍ധിച്ചതോടെ ഇവയുടെ വിപണി മൂല്യം ഉയര്‍ന്നു. ടെക്നിക്കല്‍ ടെക്സ്റ്റൈല്‍ ഡിമാന്‍ഡ് 2025-ഓടെ ആഗോളതലത്തില്‍ 220 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുകന്നത്. പരമ്പരാഗത തുണിത്തരങ്ങളില്‍ നിന്ന് ടെക്നിക്കല്‍ ടെക്സ്റ്റൈലുകളിലേക്കുള്ള ഈ മാറ്റം ഇന്ത്യയുടെ ടെക്സ്റ്റൈല്‍ മേഖലയിലും പ്രകടമാണ്. ഇവിടെയും ഇതിന്റെ വിപണി മൂല്യം ഉയര്‍ന്നു. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലുടനീളമുള്ള ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സിന്റെ ആഭ്യന്തര വിപണി മൂല്യം 20 ദശലക്ഷം യുഎസ് ഡോളറായിരുന്നു. ഈ വ്യവസായം 2018-23 കാലയളവില്‍ 13.11 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 2023 അവസാനത്തോടെ 32 ബില്യണ്‍ ഡോളറായി വികസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാഷണല്‍ ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് മിഷന്‍, പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്, പിഎം മിത്ര എന്നീ പദ്ധതികളുടെ പിന്‍ബലത്തില്‍ ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സില്‍ ഇന്ത്യന്‍ വിപണിക്ക് കൂടുതല്‍ വളരാനും ആഗോള വിപണി പിടിച്ചെടുക്കാനും വലിയ സാധ്യതകളുണ്ട്. 2024-25-ഓടെ 43 ബില്യണ്‍ ഡോളര്‍ ടെക്നിക്കല്‍ ടെക്സ്‌റ്റൈല്‍സ് വിപണിയിലെത്തുന്നതിന് ഗവേഷണവും വികസനവും നവീകരണവും നിര്‍ണായകമാണ്. ഇക്കാലയളവിലേക്ക് പ്രതീക്ഷിക്കുന്നതും 43 ബില്യണ്‍ ഡോളര്‍ തന്നെ. ഇന്ത്യന്‍ ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് വിപണി ആഗോള വളര്‍ച്ചാ നിരക്കിനെ അപേക്ഷിച്ച് 8 ശതമാനം നിരക്കില്‍ വികസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വലിയ സാധ്യതകള്‍ സൃഷ്ടിക്കും. കേരളത്തിലും ഇതിന്റെ വിപണി മൂല്യം ഉയര്‍ന്നു തന്നെയാണ്.

കോവിഡ് സമയത്ത് മെഡിക്കല്‍ ടെക്‌സ്‌റ്റൈലില്‍ പിപിഇ കിറ്റ് ഉള്‍പ്പടെ ഐസോലേഷന്‍ ഗൗണുകള്‍ വിപണിയില്‍ നന്നായി വിറ്റഴിച്ചിരുന്നു. കോവിഡ് കുറഞ്ഞതോടെ പിപിഇ കിറ്റ് ഉല്‍പാദനവും വില്‍പ്പനയും കുറഞ്ഞെങ്കിലും സര്‍ജിക്കല്‍ ഗൗണുകള്‍ പോലുള്ളവയുടെ ഉല്‍പാദനവും വില്‍പ്പനയും മികച്ച രീതിയില്‍ തന്നെ വിപണിയില്‍ നടക്കുന്നുണ്ടെന്ന് മെഡിക്കല്‍ ടെക്‌സ്‌റ്റൈല്‍സില്‍ ഉള്‍പ്പെടുന്ന സര്‍ജിക്കല്‍ ഗൗണുകളും മറ്റും മുമ്പ് നിര്‍മ്മിച്ചിരുന്ന സര്‍ജിക്കല്‍ അപ്പാരല്‍സ് പ്രൊഡക്ഷന്‍ കമ്പനിയായ ക്ലിയോമെഡ് മെഡിക്കല്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ അശ്വതി എം നായര്‍ പറഞ്ഞു. സിഗ്നേച്ചര്‍ എന്ന ബ്രാന്‍ഡിലാണ് കമ്പനി ഇന്ന് ആരോഗ്യ മേഖലയിലേക്കുള്ള ഗ്ലൗസുകള്‍ വിപണിയിലെത്തിക്കുന്നത്.

ഇനിയും വളരും

മേല്‍പറഞ്ഞത് പോലെ ഇന്ത്യയില്‍ ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍ വ്യവസായം വളരുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന കയറ്റുമതിയുള്ള ഇന്ത്യയിലെ പരമ്പരാഗത ടെക്‌സ്‌റ്റൈല്‍ വ്യവസായത്തില്‍ നിന്ന് വ്യത്യസ്തമായി ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍ വ്യവസായം ഇപ്പോഴും ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്നു. ഡയപ്പറുകള്‍, വൈപ്പുകള്‍, സംരക്ഷിത വസ്ത്രങ്ങള്‍, ഹോസുകള്‍, സീറ്റ് ബെല്‍റ്റുകള്‍ക്കുള്ള വെബ്ബിംഗുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് നലിയ തോതില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈലില്‍ ചിലത് മാത്രമാണ് ഇന്ത്യയില്‍ ഉല്‍പ്പാദനം നടത്തുന്നത്.

സ്പെഷ്യാലിറ്റി ഫൈബറുകളുടെ കണ്ടുപിടിത്തവും മിക്കവാറും എല്ലാ മേഖലകളിലും അവയുടെ സംയോജനവും ഭാവിയില്‍ ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സിന്റെ പ്രാധാന്യം വര്‍ധിക്കും. ഫൈബര്‍ സയന്‍സ്, ടെക്‌സ്‌റ്റൈല്‍ നിര്‍മ്മാണ പ്രക്രിയകളിലെ ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങളിലെ ശ്രദ്ധേയമായ വളര്‍ച്ച എന്നിവ ടെക്‌നിക്കല്‍ ടെക്‌സ്റ്റൈല്‍ വിഭാഗത്തിന്റെ വികസനത്തിന് കാരണമായി. ദ്രുതഗതിയിലുള്ള വ്യാവസായികവല്‍ക്കരണം, അടിസ്ഥാന സൗകര്യ വികസനം, ഓട്ടോമൊബൈല്‍ ഉല്‍പ്പാദനത്തിലെ വര്‍ധന, ആരോഗ്യമേഖലയില്‍ നിന്നുള്ള ആവശ്യം വര്‍ധിച്ചത്, കായിക, ഫിറ്റ്‌നസില്‍ താല്‍പര്യം വര്‍ധിപ്പിച്ചത് തുടങ്ങി കാര്യങ്ങളാല്‍ ഇന്ത്യയിലെ ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സിന്റെ വളര്‍ച്ച അടുത്ത ദശാബ്ദത്തിലേക്ക് സുസ്ഥിരമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    

Similar News