വ്യവസായ വളര്‍ച്ചയുടെ അടയാളം; സംരംഭകര്‍ ഇവിടെ ഹാപ്പിയാണ്; മലപ്പുറം ഇന്‍കെല്‍ ക്ലിക്ക്ഡ്‌

250 ഏക്കറിലുള്ള പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത് 100 കമ്പനികള്‍

Update:2024-12-24 06:24 IST

സഫ ജ്വല്ലറിക്ക് കീഴിലുള്ള

സ്വകാര്യ സംരംഭകര്‍ക്ക് പ്രോല്‍സാഹനം നല്‍കിയാല്‍ കേരളത്തിലും വ്യവസായം വളരുമെന്നതിന്റെ അടയാളമാണ് മലപ്പുറം ജില്ലയിലെ ഇന്‍കെല്‍ വ്യവസായ പാര്‍ക്ക്. സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ മലപ്പുറം വേങ്ങരക്കടുത്ത് ഊരകത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍കെല്‍ ഗ്രീന്‍ സിറ്റി പാര്‍ക്ക് ഇടത്തരം സംരംഭകര്‍ക്കും വളരാനുള്ള അവസരമാണ് ഒരുക്കുന്നത്. പ്രാരംഭഘട്ടത്തില്‍ ഒട്ടേറെ പ്രതിസന്ധിയിലൂടെ കടന്നു പോയ ഈ പൊതു-സ്വകാര്യ മേഖലാ സ്ഥാപനം കോവിഡിന് ശേഷം നേടിയത് അഭിമാനകരമായ വളര്‍ച്ചയാണ്. 100 കമ്പനികള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പാര്‍ക്കില്‍ 5,000ലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നു. പ്രവാസികള്‍ ഉള്‍പ്പടെയുള്ള മലയാളികളുടെ നിക്ഷേപങ്ങള്‍ക്ക് സാധ്യതയേകുന്ന ഇടമായി മലപ്പുറം ഇന്‍കല്‍ മാറിയിരിക്കുന്നു. വി.കെ.സി ഗ്രൂപ്പ് പോലുള്ള കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകള്‍ ധൈര്യസമേതം കടന്ന് വന്ന് ഈ സൗകര്യത്തെ പരമാവധി പ്രയോജനപ്പെടുത്തുന്നു. ഒപ്പം, യുവ സംരംഭകരുടെ ഇടത്തരം യൂണിറ്റുകളും ഇവിടെ സജീവമാണ്.

സംരംഭകര്‍ ഹാപ്പിയാണ്

കേരളത്തില്‍ രണ്ടിടത്താണ് വ്യവസായ വകുപ്പിന് കീഴില്‍ വ്യവസായ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ഉള്ളത്. അങ്കമാലിയിലും മലപ്പുറത്തും. വ്യവസായത്തിനും വിദ്യാഭ്യാസ മേഖലക്കും പ്രാധാന്യം നല്‍കിയാണ് മലപ്പുറം ഇന്‍കെല്‍ പ്രവര്‍ത്തിക്കുന്നത്. അങ്കമാലിയിലേത് ബിസിനസ് പാര്‍ക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. സംരംഭകര്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിനാല്‍ അവര്‍ക്ക് തടസങ്ങളിലാതെ വളരുവാനുള്ള അന്തരീക്ഷമാണ് രണ്ടിടത്തും സര്‍ക്കാര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, ലൈസന്‍സിംഗിലെ ലാളിത്യം, അവസരങ്ങളിലേക്കുള്ള വഴിയൊരുക്കല്‍ തുടങ്ങി സംരംഭക സൗഹൃദമായൊരു അന്തരീക്ഷം വളര്‍ത്താന്‍ മലപ്പുറം ഇന്‍കല്‍ സിറ്റിക്ക് കഴിയുന്നുണ്ടെന്ന് ഇവിടുത്തെ സംരംഭകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. വ്യവസായ മേഖലയുമായി സംരംഭകരെ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഈ സംവിധാനം ഏറെ സഹായകമാണെന്ന് ഇന്‍കെല്‍ പാര്‍ക്കില്‍ വിവിധ സംരംഭങ്ങള്‍ നടത്തുന്ന ഒര്‍ബിസ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ ജാഫര്‍ ഒര്‍ബിസ് പറയുന്നു. പരിസ്ഥിതി സൗഹൃദമായ ഏതൊരു പ്രോജക്ടിനും ഇന്‍കെല്‍ പാര്‍ക്ക് അനുയോജ്യമാണ്. ഇവിടെ നിന്ന് ചെറുപട്ടണങ്ങളിലേക്ക് വേഗത്തില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാമെന്നത് വലിയ സൗകര്യമാണെന്നും ഓട്ടോമേഷന്‍, സ്‌റ്റോറേജ് മെഖലകളിലെ സംരംഭങ്ങള്‍ നടത്തുന്ന ജാഫര്‍ വ്യക്തമാക്കി. വ്യവസായികള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ ഇന്‍കെല്‍ മാനേജ്‌മെന്റ് വേഗത്തില്‍ ഇടപെട്ട് പരിഹരിക്കും. പുതിയ ബിസിനസ് ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള അനൂകൂല സാഹചര്യവും നിലനില്‍ക്കുന്നുവെന്ന് ജാഫര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു വ്യവസായം നടത്തുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരിടത്ത് ലഭിക്കുന്നവെന്നത് ഇന്‍കെലില്‍ സംരംഭകര്‍ക്ക് അനുകൂല ഘടകമാണെന്ന് സഫ ജ്വല്ലറിക്ക് കീഴിലുള്ള  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്റ് ജുവലറി ഡയരക്ടര്‍ അംജദ് ഷാഹിര്‍ പറയുന്നു. ''അന്താരാഷ്ട്ര നിലവാരത്തിലുള്ള കാഴ്ചപ്പാടാണ് മലപ്പുറം ഇന്‍കലിന്റെ കാര്യത്തില്‍ വ്യവസായ വകുപ്പിനുള്ളത്. സംരംഭകര്‍ക്ക് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ഘട്ടം ഘട്ടമായി ലഭ്യമാക്കുന്നുണ്ട്. കൂടുതല്‍ വളരാനുള്ള സാധ്യതകളാണ് ഇവിടെയുള്ളത്.'' അജംദ് പറയുന്നു. പ്രധാന റോഡില്‍ നിന്ന് പാര്‍ക്കിലേക്കുള്ള ഒന്നര കിലോമീറ്റര്‍ റോഡ് വീതി കൂട്ടേണ്ടത് ആവശ്യമാണെന്ന് അംജദ് ചൂണ്ടിക്കാട്ടി. നിലവില്‍ പത്തില്‍ താഴെ കണ്ടയ്‌നറുകളാണ് വരുന്നത്. വലിയ വെയര്‍ഹൗസുകള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ വരുന്നതോടെ കണ്ടയ്‌നറുകളുടെ എണ്ണം കൂടും. അപ്പോള്‍ ഗതാഗത പ്രശ്‌നങ്ങള്‍ രൂക്ഷമാകും. പൊതുമരാമത്ത് വകുപ്പിന്റെ കൂടി ഇടപെടലോടെ പാര്‍ക്കിലേക്കുള്ള റോഡ് വീതി കൂട്ടേണ്ടത് പ്രധാന ആവശ്യമാണെന്നും അംജദ് ചൂണ്ടിക്കാട്ടുന്നു.

ഭൂമി നല്‍കുന്നത് 75 വര്‍ഷത്തേക്ക്

മലപ്പുറത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെ ഊരകത്ത് കടലുണ്ടി പുഴക്കടുത്ത് 250 ഏക്കറിലാണ് ഇന്‍കെല്‍ വ്യവസായ പാര്‍ക്ക്. 200 ഏക്കര്‍ സ്ഥലത്ത് വിവിധ വ്യവസായ യൂണിറ്റുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. 50 ഏക്കര്‍ സ്ഥലമാണ് ഒഴിഞ്ഞു കിടക്കുന്നത്. ഇതിനായി പുതിയ സംരംഭകര്‍ മുന്നോട്ടു വരുന്നുണ്ട്. സംസ്ഥാന വ്യവസായ വകുപ്പുമന്ത്രി പി.രാജീവ് ചെയര്‍മാനും കേരള സര്‍ക്കാരിന്റെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ഇളങ്കോവന്‍ മാനേജിംഗ് ഡയരക്ടറുമായി ഇന്‍കെലിന്റെ മലബാറിലെ ഏക വ്യവസായ യൂണിറ്റാണ് മലപ്പുറത്തേത്. 32 ശതമാനം സര്‍ക്കാര്‍ പങ്കാളിത്തം, 68 ശതമാനം സ്വകാര്യ പങ്കാളിത്തം എന്ന ഘടനയിലാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. മലബാറിന്റെ വ്യവസായ വികസനം ലക്ഷ്യമിട്ട് 2013 ല്‍ ആരംഭിച്ച പാര്‍ക്കില്‍ ഇപ്പോള്‍ 70 ശതമാനം യൂണിറ്റുകളും സജീവമായി പ്രവര്‍ത്തിക്കുന്നതായി മലപ്പുറം ഇന്‍കെലിന്റെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മുഹമ്മദ് ബഷീര്‍ പറയുന്നു. ''വ്യവസായ പാര്‍ക്കിന്റെ നയങ്ങള്‍ക്ക് അനുയോജ്യമായ യൂണിറ്റുകള്‍ക്ക് ലീസ് വ്യവസ്ഥയില്‍ സ്ഥലമാണ് ഇവിടെ അനുവദിക്കുന്നത്. ഒരു സംരംഭത്തിന് കുറഞ്ഞത് 50 സെന്റാണ് അനുവദിക്കുക. 75 വര്‍ഷത്തേക്കുള്ള ലീസ് നിരക്ക് സെന്റിന് ഒരു ലക്ഷം രൂപ വീതം. വ്യവസായത്തിന് ആവശ്യമായ കെട്ടിടങ്ങള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ സംരംഭകര്‍ നിര്‍മിക്കണം. ലീസ് കരാര്‍ ഒപ്പു വെച്ചാല്‍ ദീര്‍ഘകാലം സ്ഥലം ഉപയോഗിക്കാതെ ഇടാന്‍ അനുവദിക്കില്ല. അപേക്ഷ ലഭിച്ചാല്‍ മൂന്നു ദിവസത്തിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള സഹായങ്ങള്‍ നല്‍കും. '' മുഹമ്മദ് ബഷീര്‍ 'ധനം ഓണ്‍ലൈനോ'ട് പറഞ്ഞു.

ഹരിതം, പ്രകൃതി സൗഹൃദം

പച്ചപ്പ് നിറഞ്ഞ പ്രദേശത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാണ് 2013 ല്‍ വ്യവസായ പാര്‍ക്ക് ആരംഭിച്ചത്. പ്രകൃതി സംരക്ഷണത്തിന് പരമാവധി പ്രാമുഖ്യം നല്‍കിയുള്ള അടിസ്ഥാന വികസനമാണ് ഇവിടെ നടത്തിയത്. 15 മീറ്റര്‍ വീതിയില്‍ ആറു കിലോമീറ്റര്‍ റോഡ് പാര്‍ക്കിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്നു. പാര്‍ക്കിലേക്ക് മാത്രമുള്ള വൈദ്യുതിക്കായി 33 കെവി സബ്‌സ്റ്റേഷന്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതു ഏരിയകള്‍ വൈദ്യുതീകരിച്ചിട്ടുണ്ട്. പ്രതിദിനം ആറ് ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ട്. അടുത്തുള്ള കാരാത്തോട് പമ്പ് ഹൗസ് വഴി കടലുണ്ടി പുഴയില്‍ നിന്നാണ് പമ്പിംഗ്. മഴക്കാലത്ത് വെള്ളം ഒഴുകി പോകുന്നതിന് മികച്ച ഡ്രൈനേജ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് അനുമതിയുണ്ട്.

പാര്‍ക്കിന്റെ പ്രവേശന കവാടത്തോട് ചേര്‍ന്ന് കോമണ്‍ അമിനിറ്റി സെന്ററിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഹെല്‍ത്ത് ക്ലിനിക്ക്, 30,000 ചതുരശ്ര അടിയില്‍ ഇന്‍കെല്‍-അല്‍ജസീറ ട്രേഡ് സെന്ററാണ് ഒരുങ്ങുന്നത്. മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ ക്ലിനിക്ക് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പാര്‍ക്കിലെ വിവിധ വ്യവസായ യൂണിറ്റുകളിലെ ജീവനക്കാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ സൂപ്പര്‍മാര്‍ക്കറ്റ്, കഫ്റ്റീരിയ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും.

ലൈസന്‍സുകള്‍ ഏളുപ്പം

വ്യവസായ തുടങ്ങാന്‍ ലൈസന്‍സുകളുടെ നൂലാമാലകളില്ല എന്നതാണ് ഇന്‍കെല്‍ പാര്‍ക്കിന്റെ സവിശേഷത. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റേത് അടക്കം ലൈസന്‍സുകള്‍ ആവശ്യമില്ല. പാര്‍ക്കിന്റെ എന്‍.ഒ.സിയോടു കൂടി ജി.എസ്.ടി രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് അപേക്ഷിക്കാം. കോഴിക്കോട് വിമാനത്താവളം അടുത്തായതിനാല്‍ വിദേശത്തേക്കുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി എളുപ്പവുമാണ്. തൊഴിലാളി യൂണിയനുകളുടെ ഇടപെടല്‍ ഇല്ലാത്തതിനാല്‍ പണിമുടക്ക് പോലുള്ള പ്രതിസന്ധികള്‍ വ്യവസായങ്ങളെ ബാധിക്കുന്നുമില്ല.

നിക്ഷേപം 1,000 കോടിയിലേറെ

1,000 കോടിയിലേറെ രൂപയുടെ നിക്ഷേപം ഇതിനകം പാര്‍ക്കില്‍ നടന്നിട്ടുണ്ട്. നിലവില്‍ 100 കമ്പനികളാണ് ഇവിടെ സ്ഥലമെടുത്തിട്ടുള്ളത്. 65 എണ്ണം പ്രവര്‍ത്തനം തുടങ്ങി. മറ്റുള്ളവ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ്. മൂന്നു കോടി രൂപ മുതല്‍ 200 കോടി രൂപവരെ മൂല്യമുള്ള കമ്പനികളാണ് ഇവിടെയുള്ളത്. പ്രമുഖ ചെരുപ്പ് നിര്‍മാതാക്കളായ വി.കെ.സി ഗ്രൂപ്പിന്റെ യൂണിറ്റാണ് ഏറ്റവും വലുത്. 10 വര്‍ഷം മുമ്പ് നാല് ഏക്കറില്‍ തുടങ്ങിയ യൂണിറ്റ് ഇപ്പോള്‍ 20 ഏക്കറിലേക്ക് വിപുലീകരിച്ചു വരികയാണ്. ഏതാണ്ട് 1,500 ജീവനക്കാര്‍ നേരിട്ടും അല്ലാതെയും ഈ കമ്പനിയുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്നു. എല്ലാ സംരംഭങ്ങളിലുമായി 5,000 പേര്‍ക്ക് പാര്‍ക്കില്‍ തൊഴില്‍ ലഭിക്കുന്നു. പ്രവാസി നിക്ഷേപം ഉല്‍പ്പാദനമേഖലയില്‍ പ്രയോജനപ്പെടുത്തുന്നതിനും ഇന്‍കല്‍ പാര്‍ക്കിന് കഴിയുന്നു. പ്രവാസികള്‍ നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍ കുറവാണ്. എന്നാല്‍ ഒട്ടുമിക്ക സംരംഭങ്ങളിലും നാലിലൊന്ന് നിക്ഷേപം പ്രവാസികളുടേതായുണ്ടെന്ന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മുഹമ്മദ് ബഷീര്‍ പറഞ്ഞു.

പ്രധാന വ്യവസായങ്ങള്‍

പ്രകൃതി മലിനീകരണം ഉണ്ടാക്കാത്ത വ്യവസായങ്ങള്‍ക്കാണ് ഇവിടെ അനുമതി നല്‍കുന്നത്. സ്വര്‍ണം, ഡയമണ്ട് ആഭരണ നിര്‍മാണം, ചെരുപ്പ് നിര്‍മാണം, ആക്ടിവേറ്റഡ് കാര്‍ബണ്‍ ഉല്‍പാദനം, പത്രസ്ഥാപനങ്ങളുടെ പ്രിന്റിംഗ് യൂണിറ്റുകള്‍, കോള്‍ഡ് സ്‌റ്റോറേജ്, സറ്റീല്‍, ഫൈബര്‍ ഫര്‍ണീച്ചര്‍, റൂഫിംഗ് ഷീറ്റുകള്‍, പി.വി.സി പൈപ്പുകള്‍, മള്‍ട്ടിവുഡ്, പാര്‍ട്ടിക്കിള്‍ ബോര്‍ഡ്, പ്ലൈവുഡ്, പ്രീ എഞ്ചിനിയേഡ് ബില്‍ഡിംഗ്, കമ്പിവേലി, വെളിച്ചെണ്ണ, പെര്‍ഫ്യൂം, പെന്‍, ട്രോഫികള്‍, വാഷിംഗ് ലിക്വിഡ്, സോപ്പ്, ക്ലീനിംഗ് സൊലൂഷന്‍സ്, നമ്പര്‍ പ്ലേറ്റ്, സാനിറ്ററി ഉല്‍പ്പന്നങ്ങള്‍, ഓപ്പണ്‍ ജിം എക്യുപ്‌മെന്റ്‌ തുടങ്ങിയവയാണ് പ്രധാന നിര്‍മാണ യൂണിറ്റുകള്‍.

വിദ്യാഭ്യാസ മേഖലയില്‍ എന്‍ട്രൻസ് കോച്ചിംഗ് നല്‍കുന്ന എജ്യൂപോര്‍ട്ട് എന്ന സ്ഥാപനത്തില്‍ 2,000 വിദ്യാര്‍ഥികള്‍ ഇവിടെ താമസിച്ച് പഠിക്കുന്നു. സഫ ജ്വല്ലറിക്ക് കീഴിലുള്ള  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്റ് ജുവലറിയില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് നേരിട്ട് നിയമനം നല്‍കി വരുന്നുണ്ട്. വിദേശ സര്‍വ്വകലാശാലകളുമായി ചേര്‍ന്ന് എഐ ഇന്റര്‍നാഷണല്‍ കോളേജും ഇന്‍കെല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നു. മൂന്നു ലക്ഷം ചതുരശ്ര അടിയില്‍ നെസ്‌റ്റോ വെയര്‍ഹൗസ്, ഐടി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സോഫ്റ്റ വെയര്‍ ഡവലപ്പ്‌മെന്റ് സെന്റര്‍, ഭാരത് ബെന്‍സിന്റെ ഹെവി വാഹന സര്‍വ്വീസ് സെന്റര്‍ എന്നിവയും പാര്‍ക്കിലുണ്ട്.

പ്രൊഫഷണല്‍ സമീപനം

സ്വകാര്യ പങ്കാളിത്തതോടെയുള്ള വ്യവസായ വികസനത്തിന് ആവശ്യമായ പ്രൊഷണല്‍ സമീപനം ഇന്‍കെല്‍ മാനേജ്‌മെന്റില്‍ നിന്നുണ്ടാകുന്നത് പുതുസംരംഭങ്ങള്‍ക്ക് പ്രചോദനമാകുന്നുണ്ട്. വ്യവസായ ആസൂത്രണ മേഖലയില്‍ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരും വ്യവസായികളുമാണ് സംസ്ഥാന തലത്തില്‍ ഇന്‍കെലിന് നേതൃത്വം നല്‍കുന്നത്. വ്യവസായ മന്ത്രി പി.രാജീവ്, മാനേജിംഗ് ഡയരക്ടര്‍ ഡോ.കെ ഇളങ്കോവന്‍ എന്നിവര്‍ക്കൊപ്പം കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയരക്ടര്‍ ഹരി കിഷോര്‍, വിഡിയോ ഹോംസ് ആന്റ് ഇലക്ടോണിക്‌സ് സെന്റര്‍ ഡയരക്ടറും ജനറല്‍ മാനേജറുമായ സി.വി റപ്പായി, വി.കെ.എല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയരക്ടര്‍ വര്‍ഗീസ് കുര്യന്‍, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയരക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, ഖത്തറിലെ എ.ബി.എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജയകൃഷ്ണന്‍ കൃഷ്ണമേനോന്‍, ചാര്‍ട്ടേഡ് അകൗണ്ടന്റ് ജേക്കബ് കോവൂര്‍ നൈനാന്‍, അഭിഭാഷക ഗീതാകുമാരി എന്നിവര്‍ ഡയറക്ടര്‍മാരുമായ ബോര്‍ഡാണ് ഇന്‍കലിന്റെ നയരൂപീകരണം നടത്തുന്നത്.

Tags:    

Similar News