കേരളത്തില്‍ ഇപ്പോള്‍ ഫ്ളാറ്റുകള്‍ക്ക് വിലക്കുറവുണ്ടോ?

Update:2020-06-29 16:03 IST

ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഇന്ത്യയിലെ പല ഭാഗങ്ങളിലും ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകളുമായി ബില്‍ഡേഴ്സ് രംഗത്തെത്തിയിട്ടുണ്ട്. 10 മുതല്‍ 12 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ ഫ്ളാറ്റുകള്‍ സ്വന്തമാക്കാനുള്ള ഓഫറുകള്‍ വരെ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേരളത്തിലെ സ്ഥിതി എന്താണ്. എന്തുകൊണ്ടാണ് ഇവിടെ അത്തരം ഓഫറുകള്‍ അവതരിപ്പിക്കപ്പെടാത്തത്. അതോ ഇവിടെയും ഫ്ളാറ്റുകള്‍ക്ക് ഓഫറുകളും വിലക്കിഴിവും ഉണ്ടോ. മനം മയക്കുന്ന ഇത്തരം സൂപ്പര്‍ ഡിസ്‌കൗണ്ടുകള്‍ കേരളത്തിലെ ബില്‍ഡേഴ്സ് പുതുതായി അവതരിപ്പിച്ചിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ ഫ്‌ളാറ്റ് വാങ്ങുന്നവര്‍ക്ക് അനുകൂലമാകുന്ന ചില ഘടകങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഇപ്പോള്‍ സമ്പദ്ഘടനയിലുണ്ടായിരിക്കുന്ന ഈ മാറ്റങ്ങള്‍ തന്നെ. ഇവിടുത്തെ സ്ഥിതിഗതികള്‍ അനുസരിച്ച് നിലവില്‍ പണി പൂര്‍ത്തിയാകാനുള്ള പദ്ധതികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനാണ് നിര്‍മാതാക്കള്‍ ശ്രദ്ധിക്കുന്നത്.

കൊറോണ പ്രതിസന്ധിക്കു മുമ്പേ തന്നെ റിയല്‍ എസ്റ്റേറ്റ് മേഖല അത്ര ഉണര്‍വിലായിരുന്നില്ല. പല ബില്‍ഡേഴ്സിനും മുമ്പ് 30-40 വരെ സെയ്ല്‍ ഉണ്ടായിരുന്നതില്‍ നിന്ന് 10-12 എന്ന നിലയിലാണ് ഇപ്പോഴത്തെ സെയ്ല്‍ രേഖപ്പെടുത്തുന്നത്. ലോക്ഡൗണിനു മുമ്പ് തന്നെ ഈ ഒരു ഇടിവ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രകടമായിരുന്നു. ബജറ്റ് അപ്പാര്‍ട്മെന്റ് വിഭാഗത്തില്‍ ശ്രദ്ധ പതിപ്പിച്ചിരുന്നവര്‍ക്ക് മാത്രമാണ് അത്തരത്തില്‍ ഒരു വലിയ ഇടിവ് അനുഭവപ്പെടാതിരുന്നതെന്ന് മേഖലയിലുള്ളവര്‍ പറയുന്നു. 'പൊതുവേ ഇന്ന് കേരളത്തിലെ സെയ്ല്‍സ് മാര്‍ജിന്‍ കുറവാണ്. ഈ അവസരത്തില്‍ വന്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കുക പ്രായോഗികമല്ല. മാത്രമല്ല പുതുതായി വളരെ കുറച്ച് പദ്ധതികളേ വരുന്ന ഒരു വര്‍ഷത്തേക്ക് അവതരിപ്പിക്കപ്പെടുകയുള്ളൂ. എങ്കിലും ഇനി അവതരിപ്പിക്കുന്ന പദ്ധതികള്‍ക്ക് ചില 'വാങ്ങല്‍ ഓഫറുകള്‍' നല്‍കിയേക്കും. അതും ഡിസ്‌കൗണ്ട് എന്ന് പറയാന്‍ കഴിയില്ല. നിലവില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണ്. തൊഴിലാളികളുടെ ദൗര്‍ലഭ്യമാണ് പ്രധാന കാരണം. റെറ ആറു മാസത്തേക്ക് പ്രഖ്യാപിച്ച അവധിയാണ് ആകെ ഇക്കാര്യത്തില്‍ ആശ്വാസം. എന്നിരുന്നാലും വളരെ ചുരുങ്ങിയ സമയത്തില്‍ ഈ പ്രതിസന്ധികള്‍ക്കിടയില്‍ നിന്നുകൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ ആകും ബില്‍ഡര്‍മാര്‍ ശ്രദ്ധിക്കുക. നിലവിലുള്ള സാഹചര്യത്തില്‍ വിദേശരാജ്യത്തു നിന്നും നാട്ടിലേക്കെത്തുന്നവരുടെ നിരക്ക് ഉയരാനാണ് സാധ്യത. ഇപ്പോള്‍ പലിശ കുറഞ്ഞിരിക്കുകയുമാണ്. അതിനാല്‍ തന്നെ ഭാവിയില്‍ വിലയുയരാനും ഇടയുണ്ട്. ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് വരാന്‍പോകുന്ന വര്‍ഷത്തിലെ ഏറ്റവും നല്ല നിരക്കില്‍ ഫ്ളാറ്റ് സ്വന്തമാക്കാനാകും.'' കോഴിക്കോട് നിന്നും സെക്യൂറ ഡെവലപ്പേഴ്സ് മാനേജിംഗ് ഡയറക്റ്ററും ക്രെഡായ് കേരള ഘടകം ട്രഷററുമായ മെഹ്ബൂബ് പറയുന്നു.

എന്ത്കൊണ്ട് ഇവിടെ ഡിസ്‌കൗണ്ട് ഇല്ല

നിലവിലെ സാഹചര്യത്തില്‍ കോസ്റ്റ് കുറയ്ക്കുക പ്രായോഗികമല്ല എന്നതിനാല്‍ തന്നെ ഗുണമേന്മയോടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്ന ബില്‍ഡര്‍മാര്‍ക്ക് വിലകുറയ്ക്കുക സാധ്യമല്ലെന്നാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള എസ്ഐ പ്രോപ്പര്‍ട്ടീസ് എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ അദ്വൈത് അഭിപ്രായപ്പെടുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. 'ഗുണമേന്മയോടെയുള്ള പ്രോപ്പര്‍ട്ടികള്‍, മികച്ച ലൊക്കേഷനില്‍ ലഭിക്കാനാണ് കേരളത്തിലെ ഉപഭോക്താക്കള്‍ ശ്രമിക്കുക. ഇത്തരക്കാര്‍ക്ക് വിപണിയെക്കുറിച്ച് നല്ല ബോധ്യവുമുണ്ട്. ഡിസ്‌കൗണ്ട്മാത്രം കണ്ട് കൊണ്ട് കടന്നുവരുന്ന ഒരു വിപണിയല്ല റിയല്‍ എസ്റ്റേറ്റ്. തിരുവനന്തപുരം സിറ്റിയുടെ കണ്ണായ ഭാഗത്ത്, എല്ലാ സൗകര്യങ്ങളും അടുത്തുള്ള ഫ്ളാറ്റിനായി ശ്രമിക്കുന്ന ഒരാള്‍ ഒരിക്കലും അയാള്‍ക്കിഷ്ടമല്ലാത്ത, അയാള്‍ ആഗ്രഹിക്കുന്ന സൗകര്യങ്ങള്‍ നല്‍കാത്ത ഒരു ഫ്ളാറ്റ് എത്ര ഡിസ്‌കൗണ്ടില്‍ ലഭിച്ചാലും വാങ്ങില്ല എന്നത് ഞങ്ങളുടെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് തന്നെയാണ് കേരളത്തിലെവിടെയുമുള്ളവരുടെ പ്രവണത. കൊറോണയുടെ പശ്ചാത്തലത്തില്‍ കുറഞ്ഞ പലിശ നിരക്കുകളില്‍ കൂടുതല്‍ ഭവനവായ്പകള്‍ ലഭ്യമാണെന്നത് ഇപ്പോള്‍ ഫ്ളാറ്റ് വാങ്ങുന്നവര്‍ക്ക് സാമ്പത്തിക ലാഭം നല്‍കിയേക്കാം.''

വില ഉയര്‍ന്നേക്കാം

വരും നാളുകളില്‍ വിപണിയില്‍ വില ഉയരാനുള്ള സാധ്യതകളാണ് കാണുന്നതെന്നാണ് വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് മാര്‍ക്കറ്റിഗ് ഹെഡ് ആയ കുര്യന്‍ തോമസ് പറയുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി അന്വേഷണങ്ങള്‍ കൂടി വരികയാണ്. ഭൂരിഭാഗവും എന്‍ആര്‍ഐകളില്‍ നിന്നാണ് അന്വേഷണം വരുന്നതെങ്കിലും ഇത് സെയ്ല്‍സിനെ അത്ര പച്ച പിടിപ്പിച്ചിട്ടില്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ബിസിനസ്, തൊഴില്‍, വിഭ്യാഭ്യാസ മേഖലയിലുള്ളവരുടെ പിന്മാറ്റം നേരത്തെ തന്നെ ഉടലെടുത്തിരുന്ന, ഇന്ത്യയിലേക്ക് തന്നെ തിരികെ എത്താനുള്ള 'ബാക്ക് ടു ഹോം' ട്രെന്‍ഡ് കൂട്ടിയിട്ടുണ്ട്. വരും കാലഘട്ടത്തില്‍ ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിലക്കയറ്റത്തിന് കാരണമായേക്കാമെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇത് മാത്രമല്ല ബില്‍ഡിംഗ് മെറ്റീരിയലുകളുടെ വില വര്‍ധനവ്, തൊഴിലാളികളുടെ ദൗര്‍ലഭ്യം തുടങ്ങിയവയെല്ലാം കണക്കിലെടുത്താലും വില വര്‍ധിക്കാം.

'നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ പലരും കിട്ടുന്ന വിലയ്ക്ക് സ്ഥലങ്ങള്‍ വില്‍ക്കുന്നുണ്ട്. സ്ഥലവില കുറഞ്ഞിരിക്കുന്നതിനാല്‍ ഫ്ളാറ്റ് വിലയിലും വലിയ വര്‍ധനവ വരാനുള്ള സാധ്യത ഇല്ലാതാക്കുന്നു. നിലവില്‍ വന്‍തോതില്‍ വില കൂട്ടുന്നതിന് നിയന്ത്രണങ്ങളുണ്ടെങ്കിലും രാജ്യത്തെ സമ്പദ്ഘടനയിലുണ്ടായേക്കാവുന്ന ഒരു ഷിഫ്റ്റ് കാരണം തന്നെ മറ്റ് മേഖലയിലെന്നപോലെ ഫ്ളാറ്റ് വില വര്‍ധനവും സ്വാഭ്വാവികമാണ്. എന്നാല്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഓഫറുകളും ബാങ്കുകള്‍ ഭവന വായ്പയ്ക്ക് നല്‍കുന്ന കുറഞ്ഞ പലിശ നിരക്കും കണക്കിലെടുത്താല്‍ സ്വന്തമായി വീടെന്ന സ്വപ്നമുള്ളവര്‍ക്ക് വലിയ ബാധ്യതകളില്ലാതെ ഫ്ളാറ്റ് സ്വന്തമാക്കാം. ഗോദ്റേജ്, ത്രിത്വം, ബ്രിഗേഡ്, വീഗാലാന്‍ഡ് ബില്‍ഡേഴ്സ് തുടങ്ങി നിരവധി ബില്‍ഡേഴ്സ് ഇന്ന് 10:90, 20:80 തുടങ്ങിയ വില്‍പ്പന ഓഫറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഫ്ളാറ്റ് ബുക്ക് ചെയ്യുമ്പോള്‍ ആകെ തുകയുടെ 10 ശതമാനമോ 20 ശതമാനമോ തുക മാത്രം കൊടുക്കുകയും പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ മുഴുവന്‍ തുക നല്‍കി ഫ്ളാറ്റ് സ്വന്തമാക്കുന്നതുമായ ഈ സ്‌കീമിലൂടെ ഫ്ളാറ്റ് വാങ്ങാനുള്ള അവസരം നിരവധി പേര്‍ നല്‍കുന്നുണ്ട്. ഈ ഓഫറുകളും ഫ്ളാറ്റ് വാങ്ങുന്നവര്‍ക്ക് ഉപയോഗപ്പെടുത്താം'. അദ്ദേഹം വിശദമാക്കുന്നു.

ഈ ഓഫറുകള്‍ വഴി ഫ്ളാറ്റ് വാങ്ങുന്നവര്‍ക്കുള്ള ഗുണങ്ങള്‍

നിര്‍മാണഘട്ടത്തില്‍ പലിശ ബാധ്യത ഇല്ല എന്നതാണ് ഈ ഓഫറുകളുടെ ഗുണം.

വീട് വാങ്ങുന്നവര്‍ ആദ്യം 20 ശതമാനം തുക മാത്രം നല്‍കുന്നതിനാല്‍ നിര്‍മാണത്തിലെ കാലതാമസം മൂലമുണ്ടാകുന്ന സാമ്പത്തിക ആഘാതവും കുറയുന്നു.

പണി പൂര്‍ത്തിയാകുന്നതിനനുസരിച്ചേ ബാക്കി തുക കിട്ടുവെന്നതിനാല്‍ എത്രയും വേഗത്തില്‍ പദ്ധതി പൂര്‍ത്തിയാക്കി നല്‍കുക എന്നത് നിര്‍മാതാക്കളുടെ ആവശ്യമായി മാറുന്നു. അത് കൊണ്ട് പണി വേഗത്തില്‍ തീര്‍ക്കുകയും ഉദ്ദേശിച്ച സമയത്തു തന്നെ ഫ്ളാറ്റ് ലഭിക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ നേട്ടങ്ങള്‍ ഏറെയുണ്ടെങ്കിലും ബില്‍ഡര്‍മാര്‍ നല്‍കുന്ന ഓഫറുകള്‍, ഉപഭോക്താക്കള്‍ അവരുടെ വായ്പാ തുകയ്ക്ക് കെട്ടേണ്ടി വരുന്ന പലിശ തുടങ്ങിയവയെല്ലാം സസൂക്ഷ്മം പരിശോധിച്ച് മനസ്സിലാക്കി വേണം ഓഫറുകളും വായ്പകളും തെരഞ്ഞെടുക്കാന്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News