ബെന്‍സ് മുതല്‍ ഐ ഫോണ്‍16 വരെ; ദുബൈയില്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാര്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍

കിടമല്‍സരം കൂടുന്നു; കൂടുതല്‍ ലൈസന്‍സികള്‍ രംഗത്ത്

Update:2024-12-02 21:05 IST

image credit : canva

മെര്‍സിഡിസ് ബെന്‍സ്, പോര്‍ഷെ, ഐ ഫോണ്‍ 16... ദുബൈയില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖല വളരുമ്പോള്‍ ഏജന്റുമാര്‍ക്കും സന്തോഷിക്കാന്‍ വഴിയുണ്ട്. കിടമല്‍സരം മുറുകുന്ന ദുബൈ റിയല്‍ട്ടി മേഖലയില്‍ വില്‍പ്പന കൂട്ടാന്‍ റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍മാര്‍ വമ്പന്‍ സമ്മാനങ്ങളാണ് ബ്രോക്കര്‍മാര്‍ക്ക് മുന്നില്‍ വക്കുന്നത്. വാര്‍ഷിക സമ്മാനങ്ങള്‍ മുതല്‍ ത്രൈമാസ സമ്മാനങ്ങള്‍ വരെ പട്ടികയിലുണ്ട്. കൂടുതല്‍ ഫ്ലാറ്റുകള്‍ക്കും വില്ലകള്‍ക്കും ഓര്‍ഡര്‍ എത്തിക്കുമ്പോള്‍ ആഢംബര കാര്‍ ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ കൈകളിലെത്തും.

ബ്രോക്കര്‍മാരുടെ പങ്ക് പ്രധാനം

റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയില്‍ ലൈസന്‍സ്ഡ് ബ്രോക്കര്‍മാരുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നാണ് പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാര്‍ പറയുന്നത്. റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സ്വന്തം മാര്‍ക്കറ്റിംഗ് വിഭാഗമുണ്ടെങ്കിലും ദുബൈയില്‍ ബ്രോക്കറിംഗ് കമ്പനികള്‍ക്ക് കൂടിയ സ്വാധീനവും വിപണി സാന്നിധ്യവുമുണ്ട്. ഇത് തിരിച്ചറിഞ്ഞ് ഡവലപ്പര്‍മാര്‍ ബ്രോക്കര്‍മാര്‍ക്ക് അവാര്‍ഡ് നല്‍കി വരുന്നു. ലക്ഷ്വറി കാറുകളായ മെര്‍സിഡിസ് ബെന്‍സ്, പോര്‍ഷെ, ഏറ്റവും പൂതിയ സ്മാര്‍ട്ട് ഫോണുകള്‍, റാഡോ ഉള്‍പ്പടെയുള്ള വാച്ചുകള്‍ തുടങ്ങിയവയാണ് അവാര്‍ഡുകള്‍ക്കൊപ്പം നല്‍കുന്നത്. ചില കമ്പനികള്‍ വര്‍ഷം തോറും അവാര്‍ഡ് നല്‍കുമ്പോള്‍ മറ്റു കമ്പനികള്‍ മൂന്നു മാസത്തെ മികവിനെ അടിസ്ഥാനമാക്കി സമ്മാനങ്ങള്‍ നല്‍കും. പ്രമുഖ പ്രൊപ്പര്‍ട്ടി ഡവലപ്പര്‍മാരായ സമാന പ്രോപ്പര്‍ട്ടീസ് ഈ വര്‍ഷം 20 ബ്രോക്കറിംഗ് കമ്പനികള്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. ഒന്നാം സമ്മാനം ബെന്‍സ് കാര്‍, രണ്ടും മൂന്നും  സ്ഥാനക്കാര്‍ക്ക് റോളക്‌സ് വാച്ചുകള്‍. കാഷ് ഇന്‍സെന്റീവുകള്‍ക്ക് പുറമെയാണ് സമ്മാനങ്ങള്‍.

ആകര്‍ഷകമായ ഇന്‍സെന്റീവ്

പ്രോപ്പര്‍ട്ടികളുടെ വില്‍പ്പനക്ക് വിവിധ ചാനല്‍ പാര്‍ട്ണര്‍മാരെ വളര്‍ത്തുന്നതാണ് ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് രീതി. ഇത് ബ്രോക്കറിംഗ് സ്ഥാപനങ്ങളുടെ വളര്‍ച്ചക്കും സഹായകമാകുന്നു. ബ്രോക്കര്‍മാര്‍ക്കായി 32 ലക്ഷം ദിര്‍ഹത്തിന്റെ ഇന്‍സെന്റീവാണ് സമാന ഡെവലപ്പേഴ്‌സ് ഈ വര്‍ഷം പ്രഖ്യാപിച്ചത്. ചാനല്‍ പാര്‍ട്ണര്‍മാര്‍ വഴിയുള്ള ബിസിനസ് 2023 ല്‍ 600 ശതമാനമാണ് വര്‍ധിച്ചതെന്ന് കമ്പനി വക്താവ് പറഞ്ഞു. ഈ വര്‍ഷം ഇതുവരെ 400 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി.

ലൈസന്‍സികളുടെ എണ്ണം കൂടുന്നു

വിപണിയിലെ വളരുന്ന സാധ്യതകള്‍ മുന്നില്‍ കണ്ട് ബ്രോക്കര്‍ ലൈസന്‍സ് എടുക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. ഈ വര്‍ഷം 10,000 പുതിയ ലൈസന്‍സുകളാണ് നല്‍കിയിട്ടുള്ളത്. 2023 ല്‍ 8,000, 2022 ല്‍ 7,500, 2021 ല്‍ 7,000 എന്നിങ്ങനെയാണ് പുതിയ ലൈസന്‍സുകളുടെ കണക്ക്. ലൈസന്‍സികളുടെ എണ്ണം വര്‍ധിക്കുന്നത് ഈ മേഖലയിലെ ബിസിനസ് വളര്‍ച്ചയുടെ പ്രതിഫലമാണെന്ന് യു.എ.ഇ പ്രോപ്പര്‍ട്ടി ഡവലപ്പര്‍മാരായ വി.വി.എസ് എസ്റ്റേറ്റ്‌സിന്റെ മാനേജിംഗ് പാര്‍ട്ണറായ വാലന്റിന റുസു പറയുന്നു. ബ്രോക്കര്‍മാര്‍ക്ക് ഡെവലപ്പര്‍മാര്‍ കമ്മീഷന്‍, ബോണസ്, ഇന്‍സെന്റീവ്, വിലകൂടിയ സമ്മാനങ്ങള്‍ എന്നിവ നല്‍കാന്‍ തുടങ്ങിയതോടെ ബിസിനസില്‍ കടുത്ത മല്‍സരമാണ് നടക്കുന്നത്. ഇത് റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ വളര്‍ച്ചക്കും സഹായിക്കുന്നുണ്ട്- ഹൗസ് ആന്റ് ഹൗസ് റിയല്‍ എസ്‌റ്റേറ്റ് മാനേജിംഗ് ഡയരക്ടര്‍ സിമോന്‍ ബേക്കര്‍ വ്യക്തമാക്കുന്നു.

Tags:    

Similar News