ബില്‍ഡിംഗ് പെര്‍മിറ്റ് പുതിയ സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലേക്ക്

Update:2018-12-10 17:49 IST

കെട്ടിടങ്ങളുടെ പെര്‍മിറ്റ് സമയബന്ധിതമായി ഓണ്‍ലൈന്‍ മുഖേന നല്‍കുന്നതിനായി ഐ.ബി.പി.എം.എസ് (ഇന്റലിജന്റ് ബില്‍ഡിംഗ് പ്ലാന്‍ മാനേജ്‌മെന്റ് സിസ്റ്റം) എന്ന പുതിയ സോഫ്റ്റ്‌വെയര്‍ സംവിധാനം നടപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിച്ചു.

ഇതുവരെ ഇതിലേക്കായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത സങ്കേതം എന്ന സോഫ്റ്റ്‌വെയറായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ബില്‍ഡിംഗ് പ്ലാന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും തുടര്‍ന്നുള്ള നടപടികള്‍ക്കും ഈ സോഫ്റ്റ്‌വെയറില്‍ മാനുഷിക ഇടപെടല്‍ കൂടുതലായി വേണമായിരുന്നു. അക്കാരണത്താല്‍ തന്നെ അപേക്ഷകര്‍ക്ക് അനുമതി ലഭിക്കുന്നതിനുള്ള കാലതാമസം വളരെയേറെയായിരുന്നു.

ഈസ് ഓഫ് ഡുയിംഗ് ബിസിനസിന്റെ ഭാഗമായി കെ.എസ്.ഐ.ഡി.സി ടെന്‍ഡറിലൂടെ കണ്ടെത്തിയ ഏജന്‍സി മുഖേന വികസിപ്പിച്ചതാണ് പുതിയ ഐ.ബി.പി.എം.എസ് സോഫ്റ്റ്‌വെയര്‍. ബില്‍ഡിംഗ് പ്ലാനിന്റെ സമര്‍പ്പണം, പരിശോധന, പെര്‍മിറ്റ് അനുമതി നല്‍കല്‍ തുടങ്ങിയ എല്ലാ ഘട്ടങ്ങളും ഈ സോഫ്റ്റ്‌വെയറിലൂടെ നിര്‍വ്വഹിക്കാനാകും.

അപേക്ഷകര്‍ നല്‍കുന്ന പ്ലാനുകളില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ പ്രാരംഭഘട്ടത്തില്‍ തന്നെ അപേക്ഷകര്‍ക്ക് അത് അറിയാനും ആവശ്യമായ തിരുത്തലുകള്‍ വരുത്താനും ഇതിലൂടെ സാധിക്കും. മാനുഷിക ഇടപെടലുകള്‍ പരമാവധി കുറക്കുമെന്നതാണ് ഈ സോഫ്റ്റ്‌വെയറിന്റെ വലിയൊരു നേട്ടം.

ഏതുതരം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന പ്ലാനുകളും പുതിയ സംവിധാനത്തിലൂടെ സമര്‍പ്പിക്കാനാകും. ആദ്യഘട്ടമെന്ന നിലയില്‍ കോഴിക്കോട് ഒഴികെയുള്ള എല്ലാ കോര്‍പ്പറേഷനുകളിലും കൂടാതെ നഗരസഭകളിലുമാണ് ഈ പുതിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുക. തുടര്‍ന്ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ സാമ്പത്തിക സഹായത്തോടെ തയ്യാറാക്കിയ സുവേഗ സോഫ്റ്റ്‌വെയര്‍ ഇപ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ വിജയകരമായി ഉപയോഗിക്കുന്നതിനാല്‍ തുടര്‍ന്നും അതവിടെ ഉപയോഗിക്കാനാണ് തീരുമാനം. പുതിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം ഇപ്പോള്‍ ജീവനക്കാര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുകയാണ് തദ്ദേശ വകുപ്പ്.

Similar News