കൊറോണയ്‌ക്കെതിരെയും ഇന്‍ഷുറന്‍സ് പോളിസി

Update:2020-03-21 13:33 IST
കൊറോണയ്‌ക്കെതിരെയും ഇന്‍ഷുറന്‍സ് പോളിസി
  • whatsapp icon

കൊറോണ ഓരോ ദിവസവും കൂടുതല്‍ ആളുകളിലേക്കും ഇടങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുമ്പോള്‍ ഈ മഹാമാരിയെ നേരിടാന്‍ പോളിസികളുമായി എത്തുകയാണ് ഇന്‍ഷുറന്‍സ് കമ്പനികളും. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇത്തരത്തിലുള്ള നിരവധി പോളിസികളാണ് വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്. കൊറോണ വൈറസ് ബാധിതനായാല്‍ ഇതിന്റെ ആനുകൂല്യം ലഭിക്കുന്ന തരത്തിലാണ് പോളിസികള്‍. നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളികളില്‍ ഇത്തരത്തിലുള്ള രോഗങ്ങള്‍ക്ക് കൂടി സംരക്ഷണം ലഭിക്കുമെങ്കിലും പ്രത്യേക റിസ്‌ക് പോളിസി എന്ന നിലയില്‍ നിലവിലുള്ള പോളിസി ഉടമകള്‍ക്കും പുതിയ ആളുകള്‍ക്കും ഇത് പ്രയോജനപ്പെടുത്താനാകും. വളരെ കുറഞ്ഞ പ്രീമിയത്തില്‍ ഇത്തരം സംരക്ഷണം നേടാമെന്നതാണ് മറ്റൊരു പ്രത്യേകത.

സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലെയ്ഡ് ഇന്‍ഷുറന്‍സിന്റെ സ്റ്റാര്‍ നോവല്‍ കൊറോണ വൈറസ് ഇന്‍ഷുറന്‍സ് പോളിസി ഒരു ഉദാഹരണമാണ്. കൊറോണ പോസിറ്റീവ് കാണിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടേണ്ട സ്ഥിതിയുമാണെങ്കില്‍ ഇതില്‍ നിന്നുള്ള ആനുകൂല്യം ലഭിക്കും.

18നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഒറ്റത്തവണയായാണ് തുക ലഭിക്കുക. 459 രൂപയ്ക്ക് 21,000 രൂപയുടെയും 918 രൂപയ്ക്ക് 42000 രൂപയുടെയും ഇന്‍ഷുറന്‍സ് പോളിസിയാണ് ലഭിക്കുക. രാജ്യാന്തര യാത്ര നടത്തിയവര്‍ക്ക് ആനുകൂല്യം ലഭ്യമാകില്ല തുടങ്ങിയ നിബന്ധനകളൊന്നും ഇതിലില്ല.

ക്ലിനിക് ഹെല്‍ത്ത് കെയറും പോളിസി അവതരിപ്പിച്ചിട്ടുണ്ട്. ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ വരെ ലഭിക്കുന്നതാണ് ഈ പോളിസി. കേവലം 499 രൂപയ്ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ഐസിഐസിഐ ആവട്ടെ കൊവിഡ് 19 പ്രൊട്ടക്ഷന്‍ കവര്‍ എന്ന പേരില്‍ പോളിസി ലഭ്യമാക്കുന്നു. പ്രധാനമായും ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസിയെന്ന നിലയിലാണ് ഇത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 149 രൂപയ്ക്ക് 25000 രൂപയുടെ കവറാണ് നല്‍കുക. 18 മുതല്‍ 75 വയസ്സ് വരെയുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കും. പോളിസിയുടെ കാലാവധി ഒരു വര്‍ഷമായിരിക്കും. ഇന്ത്യയ്ക്കകത്ത് ആയിരിക്കുമ്പോള്‍ മാത്രമേ പോളിസി ആനൂകൂല്യം ലഭ്യമാകുകയുള്ളൂ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News