പുതുമകള്‍ അവസാനിക്കാതെ മാര്‍ക്കറ്റ് സൈക്കിള്‍സ്

Update:2018-06-16 16:04 IST

വിപണിയുടെ ഓരോ ആവൃത്തിക്കും വ്യത്യസ്തമായ ശൈലിയാണ്, അതിന്റെ കാലയളവും തികച്ചും വിഭിന്നം, ഇപ്പോഴുള്ള ദ്രുതവില്‍പ്പനയും മിഡ് സ്‌മോള്‍ കാപ് ഓഹരികളില്‍ നേരത്തെ കണ്ട പെെട്ടന്നുള്ള ഉയര്‍ച്ചയും മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല. നിഫ്റ്റി ശക്തമായി തുടരുമ്പോള്‍ തന്നെ പല നോണ്‍ ഇന്‍ഡെക്‌സ് ഓഹരികളും 30, 40 ശതമാനമാണ് കറക്ട് ചെയ്തത്. 2019 നെക്കുറിച്ചുള്ള രാഷ്ട്രീയ ആശങ്കകള്‍ മിഡ്

സ്‌മോള്‍കാപ് ഓഹരികളുടെ വിലകളില്‍ പൊതുവായി ഇപ്പോഴേ പ്രതിഫലിക്കുന്നുണ്ട് എന്നാണു ഞാന്‍ കരുതുന്നത്. ശരിയാണ്, പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തുടര്‍ന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മുടെ ജിഡിപിയില്‍ രണ്ട് ശതമാനം അധികം വളര്‍ച്ച ഉണ്ടാകും. ആര് പ്രധാനമന്ത്രിയായാലും ഇന്ത്യ അതിന്റെ സ്വാഭാവികമായ വളര്‍ച്ച തുടരും. ജനാധിപത്യത്തില്‍ ഒരിക്കലും ശൂന്യതയ്ക്ക് സ്ഥാനമില്ല. നേതാക്കന്മാര്‍ ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കും. ഒരാള്‍ അല്ലെങ്കില്‍ മറ്റൊരാള്‍.

ധൈര്യമായി നിക്ഷേപിക്കാം

ഒരിക്കലും ഉണ്ടാകാത്ത വിധത്തില്‍ അഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ ബുള്‍ വാഴ്ച, അതിനുശേഷം മിഡ് ആന്‍ഡ് സ്‌മോള്‍ കാപ്പില്‍ അഞ്ച് മാസത്തെ ഡീപ് കറക്ഷന്‍. ഇതിന്റെയര്‍ത്ഥം ഇനി ആരും മിഡ്ക്യാപില്‍ നിക്ഷേപിക്കരുത് എന്നല്ല. എല്ലാ കമ്പനികളും ജനിക്കുന്നത് ചെറുതായി തന്നെയാണ്. അത് ആപ്പിള്‍ ആയാലും ആല്‍ഫബെറ്റ് ആയാലും ആമസോണ്‍ ആയാലും! സ്‌മോള്‍ മിഡ് കാപ് ഓഹരികളില്‍ പണം നിക്ഷേപിച്ച സ്മാര്‍ട്ട് നിക്ഷേപകര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍ സമ്പാദ്യമാണ് നേടിയത്. ഏതാനും വര്‍ഷം മുന്‍പ് വരെ ഐഷര്‍ മോട്ടോഴ്‌സും ഒരു സ്‌മോള്‍ കാപ് ആയിരുന്നു, ഈയിടെ മിഡ് കാപ് ആയി, ഇപ്പോള്‍ ലാര്‍ജ് കാപിലെത്തിയിരിക്കുന്നു. മിക്കവാറും എല്ലാ മിഡ്, സ്‌മോള്‍ കാപ് ഓഹരികള്‍ക്കും നമ്മുടെ ഇന്നത്തെ സാമ്പത്തിക സാഹചര്യത്തില്‍ മികച്ച വളര്‍ച്ചാ സാധ്യതയാണ് എന്നോര്‍ക്കുക. നിങ്ങളുടെ സ്വത്ത് ഏറെ വര്‍ധിപ്പിക്കാനും ഇവയ്ക്ക് കഴിയും.

ഡീമോണിറ്റൈസേഷന്‍, ജിഎസ്ടി, ഐബിസി, എന്‍സിഎല്‍ടി എന്നിങ്ങനെ വലിയ മാറ്റങ്ങള്‍ക്ക് കാരണമായ ഒട്ടേറെ നയങ്ങളുടെ കാര്യം ഓര്‍ക്കുക. കോര്‍പ്പറേറ്റ്ബാങ്ക്‌രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടുകളും തകര്‍ന്നു. കള്ളന്മാരായ ചില കമ്പനി മുതലാളിമാര്‍ക്ക് സ്ഥാപനം നഷ്ടമാകും എന്ന് ഇതാദ്യമായി ഭയവും തോന്നിത്തുടങ്ങി. തട്ടിപ്പ് കമ്പനികള്‍ക്ക് നിശ്ശബ്ദരായി കൂട്ടുനിന്ന ഓഡിറ്റര്‍മാരും പണി മതിയാക്കി തുടങ്ങിയിരിക്കുന്നു. കമ്പനിയുടെ കോണ്‍ഫറന്‍സ് കോളുകള്‍, വാര്‍ഷിക റിപ്പോര്‍ട്ടിലെ വിലയിരുത്തലുകള്‍, സംരംഭകരുമായുള്ള കൂടിക്കാഴ്ചകള്‍ എന്നിവയെല്ലാം സൂചിപ്പിക്കുന്നത് ഒരേ കാര്യമാണ്, വിപണിയിലെ പൊതുവായ ധാരണകള്‍ക്കപ്പുറം മികച്ചതാണ് ഇന്നത്തെ കോര്‍പ്പറേറ്റ് മേഖലയുടെ അവസ്ഥ.

എങ്ങോട്ടാണ് വിപണി കുതിക്കുന്നത്?

ആര്‍ക്കും അറിയില്ല, കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌മോള്‍, മിഡ് കാപ് ഓഹരികള്‍ നേടിയ വളര്‍ച്ചയില്‍ തന്നെയാണ് അവയുടെ ഇന്നത്തെ വീഴ്ചയുടെയും തുടക്കം. അതുപോലെ, ഇപ്പോഴത്തെ തകര്‍ച്ചയില്‍ നിന്നാണ് ഭാവിയിലെ അവയുടെ ഉയര്‍ച്ചയും ഉണ്ടാകുക. ഇതാണ് വിപണിയുടെ സ്വഭാവം. എല്ലാം ചാക്രികമാണ്. ഒരു ബുള്‍ മാര്‍ക്കറ്റില്‍ ദീര്‍ഘകാലത്തേക്കുള്ള ഹോള്‍ഡിംഗ്, കോമ്പൗണ്ടിംഗ് എന്നിവയെക്കുറിച്ച് പറയാന്‍ എളുപ്പമാണ്, പക്ഷേ, സാഹചര്യം മാറുന്നതനുസരിച്ച് ഇവ നടപ്പില്‍ വരുത്തുന്നതിലാണ് ബുദ്ധിമുട്ട്.

ലാളിത്യത്തിന്റെ കരുത്ത് ഒന്ന് വേറെ തന്നെയാണ് എന്ന് എപ്പോഴും ഓര്‍ക്കുക. ലളിതമായ അടിസ്ഥാന നിയമങ്ങള്‍, അവ തെറ്റാതെ പാലിക്കുക ഏത് ദുഷ്‌കരമായ പരിതഃസ്ഥിതിയും മറികടക്കാന്‍ ഇത് തന്നെ ധാരാളമാണ്. അതുപോലെ സാമാന്യബുദ്ധി മാത്രം കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ മതി, നിക്ഷേപരംഗത്ത് അസാധാരണമായ ഫലമുണ്ടാകും. എന്താണ് പ്രധാനപ്പെട്ടത്, എന്താണ് നമുക്ക് അറിയാവുന്നത് എന്നതില്‍ ശ്രദ്ധ നല്‍കുക. ക്ഷമ വേണം, നിങ്ങളുടെ അറിവില്‍ ദൃഢവിശ്വാസവും. ബഹളങ്ങളില്‍പ്പെട്ട് ആശയക്കുഴപ്പത്തിലാകാതെ സ്വന്തം ചിന്തകളുടെ മൂല്യം മനസിലാക്കുക.

ചെയ്യേണ്ടതെന്ത്?

ഓഹരി വിപണിയില്‍ ഒരു കാര്യം മുഴുവനായി മനസിലാക്കുക എന്നത് ഒരു മിഥ്യാബോധം മാത്രമാണ്. ഭാഗികമായ അറിവും താല്‍ക്കാലികമായ അനുമാനങ്ങളും ഉപയോഗിച്ചാണ് ഒരു നിക്ഷേപകന്‍ പ്രവര്‍ത്തിക്കേണ്ടത്. സത്യത്തില്‍ അനുമാനങ്ങളുടെ ഒരു അഭ്യാസമാണ് ഒരു നിക്ഷേപകന്റെ എല്ലാ തീരുമാനങ്ങളും എന്ന് പറയാം. എല്ലാ വിശദാംശങ്ങളും നമുക്ക് ഒരിക്കലും അറിയാന്‍ കഴിയില്ല. നിക്ഷേപം ഒരു ശാസ്ത്രമല്ല, ആരും ഇതില്‍ വിദഗ്ധരുമല്ല. ചില കാര്യങ്ങള്‍ അറിയില്ല എന്ന് സ്വയം അംഗീകരിക്കുക, അറിയാവുന്ന കാര്യങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കുക. വിപണിയെക്കുറിച്ച് ലാഘവത്തോടെ ചിന്തിക്കുക പക്ഷെ, കമ്പനികളെക്കുറിച്ച് ഗാഢമായി പഠിക്കുക, മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്നതിനേക്കാള്‍ സ്വന്തം പെരുമാറ്റം ഗൗരവത്തോടെ വിശകലനം ചെയ്യുക എന്നതാണ് പ്രധാനം. നിങ്ങള്‍ക്ക് എന്താണ് യോജിച്ചത് എന്ന് മനസിലാക്കുക. വിജയിക്കാന്‍ വേണ്ട തുറുപ്പുശീട്ട് ഹ്രസ്വകാലത്തെ തീവ്രതയല്ല, ദീര്‍ഘകാലത്തെ സ്ഥിരതയാണ്. ഈ പ്രപഞ്ചം എന്തെങ്കിലും ധൃതികൂട്ടി ചെയ്യുന്നുണ്ടോ? എന്നിട്ടും എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നില്ലേ? ക്ഷമ നല്ലതാണ്.

Similar News