കൊച്ചിന്‍ ഷിപ്‌യാര്‍ഡിനൊരു തിളക്ക കുറവ്, ലാഭ വളര്‍ച്ചക്ക് വേഗം പോരാ; ലോവര്‍ സര്‍ക്യൂട്ടടിച്ച് ഓഹരി

നാലു രൂപ ഡിവിഡന്റ് പ്രഖ്യാപിച്ചു, കടപ്പത്രങ്ങളിറക്കി 420 കോടി രൂപ സമാഹരിക്കും

Update:2024-11-08 11:37 IST

മധു എസ്. നായര്‍

കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ അഞ്ച് ശതമാനം ലോവര്‍ സര്‍ക്യൂട്ടിലെത്തി. ഇന്നലെ പുറത്തുവിട്ട കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്തുയരാതിരുന്നതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.

2024-25 സാമ്പത്തിക വര്‍ഷത്തെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ലാഭം 189 കോടി രൂപയാണ്. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തിലെ 182 കോടി രൂപയെ അപേക്ഷിച്ച് നാല് ശതമാനം മാത്രമാണ് വര്‍ധനയെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ മൊത്ത വരുമാനം ഇക്കാലയളവില്‍ 1,244.33 കോടി രൂപയാണ്. തൊട്ടു മുന്‍ വര്‍ഷം സമാനപാദത്തിലിത് 1,100 കോടി രൂപയും ജൂണ്‍ പാദത്തില്‍ 855.48 കോടി രൂപയുമായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 13 ശതമാനവും പാദാടിസ്ഥാനത്തില്‍ 45 ശതമാനവുമാണ് വളര്‍ച്ച.
കഴിഞ്ഞ പാദത്തിലെ സംയോജിത വരുമാനത്തില്‍ 860.05 കോടി രൂപ കപ്പല്‍ നിര്‍മാണത്തില്‍ നിന്നുള്ളത്. 283.14 കോടി രൂപ കപ്പല്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത വകയിലും നേടി.

സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ കടബാധ്യത 487 കോടി രൂപയാണ്. അതേസമയം കാഷ് തതുല്യ ആസ്തിയായി കമ്പനിയുടെ കൈവശം 3,002 കോടി രൂപയുണ്ട്. അതുപ്രകാരം നോക്കുമ്പോള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കടരഹിത കമ്പനിയാണ്.

ഇക്കാലയളവില്‍ നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 3.2 ശതമാനം ഉയര്‍ന്ന് 197.3 കോടി രൂപയായി. മുന്‍ വര്‍ഷമിത് 191.2 കോടി രൂപയായിരുന്നു. എബിറ്റ്ഡ മാര്‍ജിന്‍ മുന്‍ വര്‍ഷത്തെ 18.9 ശതമാനത്തില്‍ നിന്ന് 17.3 ശതമാനമായി.

ഇടക്കാല ഡിവിഡന്റും ഫണ്ട് സമാഹരണവും

2024-25 സാമ്പത്തിക വര്‍ഷത്തേക്ക് അഞ്ച് രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് നാല് രൂപ വീതം ഇടക്കാല ലാഭവിഹിതത്തിനും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. നവംബര്‍ 20 ആണ് റെക്കോഡ് തീയതി നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍ ആറിനോ അതിനു മുമ്പോ ആയി ഇടക്കാല ഡിവിഡന്റ് ഓഹരിയുടമകള്‍ക്ക് നല്‍കും.

യു.സ് ഡോളറിലുള്ള കടപ്പത്രങ്ങളിറക്കി (നോണ്‍ കണ്‍വെര്‍ട്ടിബിള്‍ സീനിയര്‍ സെക്വേര്‍ഡ് ഫിക്‌സഡ് റേറ്റ് നോട്ടുകള്‍) 50 മില്യണ്‍ ഡോളര്‍ (ഏകദേശം 420 കോടി രൂപ) സമാഹരിക്കാനും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അനുമതി നല്‍കി. യോഗ്യരായ നിക്ഷേപകര്‍ക്ക് ഒറ്റത്തവണയായോ ഘട്ടങ്ങളായോ ആയിരിക്കും ഇത് അനുവദിക്കുക. ഒന്നോ അധിലധികമോ വിദേശ എക്‌സ്‌ചേഞ്ചുകളിലോ അല്ലെങ്കില്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് (IFSC), എന്‍.എസ്.ഇ ഐ.എഫ്.എസ്.സി എന്നിവിടങ്ങളിലോ ഈ നോട്ടുകള്‍ ലിസ്റ്റ് ചെയ്യും.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ സുസ്ഥിര പദ്ധതികള്‍ നടപ്പാക്കാന്‍ വേണ്ടിയാകും ഇതുവഴി സമാഹരിക്കുന്ന ഫണ്ട് വിനിയോഗിക്കുക.

ഓഹരിയുടെ നേട്ടം 

രാവിലെ ലോവര്‍ സര്‍ക്യൂട്ട് തൊട്ട ഓഹരി നിലവില്‍ നാല് ശതമാനത്തോളം ഇടിഞ്ഞ് 1,525 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഈ വര്‍ഷം ഇതു വരെ നിക്ഷേപകര്‍ക്ക് 112 ശതമാനം നേട്ടം നല്‍കിയ ഓഹരിയാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ ഓഹരിയുടെ നേട്ടം 176 ശതമാനവും അഞ്ച് വര്‍ഷക്കാലത്തേത് 633 ശതമാനവുമാണ്. കഴിഞ്ഞ ജൂലൈയില്‍ ഓഹരി വില 2,977.10 രൂപ വരെ എത്തിയതാണ്. എന്നാല്‍ പിന്നീട് ഓഹരിയില്‍ ഇടിവുണ്ടായി. ഇന്നത്തെ ഓഹരി വിലയനുസരിച്ച് 38,146.71 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. കേരള ഓഹരികളില്‍ വിപണി മൂല്യത്തില്‍ നാലാം സ്ഥാനത്താണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌. ജൂലൈയില്‍ ഓഹരി വില ഉയര്‍ന്നപ്പോള്‍ ഫാക്ടിനെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. മുത്തൂറ്റ് ഫിനാന്‍സ്, കല്യാണ്‍ ജുവലേഴ്‌സ് എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള കേരള കമ്പനികള്‍.
Tags:    

Similar News