വിപണി മുന്നോട്ട്; രൂപയ്ക്ക് അല്‍പം ആശ്വാസം, ജി.എസ്.ടി നീക്കത്തില്‍ മുന്നേറി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍
വിലക്ക് മാറിയ അനില്‍ അംബാനി കമ്പനിക്കും കുതിപ്പ്, ഹൊനാസ 8 ശതമാനം ഉയര്‍ന്നു
നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു നല്ല നേട്ടത്തിലായി. സെന്‍സെക്‌സ് 81,200നും നിഫ്റ്റി 24,550 നും മുകളിലേക്കു കയറി. ബാങ്ക് നിഫ്റ്റിയും മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നന്നായി ഉയര്‍ന്നു. ഓട്ടോ, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ എന്നിവ ഒഴികെ എല്ലാ 6 മേഖലകളും രാവിലെ കയറ്റത്തിലായി.
അനില്‍ അംബാനിയുടെ റിലയന്‍സ് പവറിനു സോളര്‍ കോണ്‍ട്രാക്ടുകളില്‍ പങ്കെടുക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് സോളര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എസ്ഇസിഐ) നീക്കി. റിലയന്‍സ് പവര്‍ അഞ്ചു ശതമാനം കുതിച്ചു.
വണ്ടര്‍ലാ ഹോളിഡെയ്‌സ് ഓഹരിക്ക് 829.74 രൂപ പ്രകാരം ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് (ക്യുഐപി നടത്തി. ഓഹരി എട്ടു ശതമാനം ഉയര്‍ന്നു.
ഹോനസ മേധാവി വരുണ്‍ അളഗ് കമ്പനിയിലെ തന്റെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു. ഓഹരി എട്ടു ശതമാനം കുതിച്ചു.
ഇപായ്ക്ക് ഡ്യുറബിള്‍ കമ്പനിയുടെ ഓഫീസില്‍ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് റെയിഡ് നടത്തി. ഓഹരി അഞ്ചു ശതമാനം വരെ ഇടിഞ്ഞു.
രണ്ടാം പാദ റിസല്‍ട്ട് പ്രതീക്ഷയിലും മെച്ചമായതും ഭാവി പ്രതീക്ഷ ഉയര്‍ത്തിയതും സ്വിഗ്ഗി ഓഹരിയെ അഞ്ചു ശതമാനം ഉയര്‍ത്തി.
ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിന്റെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കാന്‍ മന്ത്രിമാരുടെ സമിതി ശിപാര്‍ശ ചെയ്തു എന്ന റിപ്പോര്‍ട്ട് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനികളെ ഇന്നും ഉയര്‍ത്തി. നിവാ ബൂപാ 14 ശതമാനം കുതിച്ചു. രണ്ടു ദിവസം കൊണ്ട് ഓഹരി 22 ശതമാനം കയറി. സ്റ്റാര്‍ ഹെല്‍ത്ത് ഇന്നു രണ്ടു ശതമാനം ഉയര്‍ന്നു.
രൂപ, സ്വർണം, ക്രൂഡ്
രൂപ ഇന്ന് മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളര്‍ 84.69 രൂപയില്‍ ഓപ്പണ്‍ ചെയ്തിട്ട് 84.73 ലേക്കു കയറി. പിന്നീട് 84.67 രൂപയായി താഴ്ന്നു.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2645 ഡോളറിലേക്കു കയറി. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 57,040 രൂപയില്‍ തുടരുന്നു.
ക്രൂഡ് ഓയില്‍ ചെറിയ കയറ്റിറക്കങ്ങളിലാണ്. ബ്രെന്റ് ഇനം 73.69 ഡോളറില്‍ എത്തി.