നേട്ടം തുടര്‍ന്ന് വിപണി, എന്‍.ടി.പി.സി ഗ്രീന്‍, അദാനി പോർട്ട്സ്, എസ്.ടി.ഇ.എല്‍ ഹോള്‍ഡിംഗ്സ് നേട്ടത്തില്‍, പോപ്പീസിന് നഷ്ട ദിനം

എഫ്.എം.സി.ജി യും ഫാര്‍മയും ഒഴികെ മറ്റെല്ലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിച്ചത്

Update:2024-12-03 17:46 IST
വിപണി ചൊവ്വാഴ്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. പൊതുമേഖലാ ബാങ്ക് ഓഹരികളും റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഹെവിവെയ്‌റ്റ് ഓഹരികളും ശക്തമായ നേട്ടമുണ്ടാക്കിയത് ബെഞ്ച്മാർക്ക് സൂചികകളായ നിഫ്റ്റിയ്ക്കും സെൻസെക്സിനും കരുത്തായി.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി ഈ ആഴ്ച അവസാനം യോഗം ചേരാനിരിക്കുകയാണ്. ആര്‍.ബി.ഐ യില്‍ നിന്ന് വിപണി അനുകൂല നീക്കങ്ങൾ പ്രതീക്ഷിക്കുന്നതും വിപണി നേട്ടത്തിലാകാനുളള കാരണമാണ്. സർക്കാരിൻ്റെ മൂലധനച്ചെലവുകൾ സംബന്ധിച്ച് ശുഭാപ്തിവിശ്വാസമാണ് നിക്ഷേപകര്‍ പ്രകടിപ്പിക്കുന്നത്. സ്‌മോൾ, മിഡ് ക്യാപ് ഓഹരികളിലെ കുത്തനെയുള്ള മുന്നേറ്റം വിപണിയുടെ പോസിറ്റീവ് ആക്കം കൂട്ടാൻ സഹായകമായി.
സെൻസെക്സ് 0.74 ശതമാനം ഉയർന്ന് 80,845.75 ലും നിഫ്റ്റി 0.75 ശതമാനം ഉയർന്ന് 24,457.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 597.67 പോയിന്റും നിഫ്റ്റി 181.10 പോയിൻ്റും നേട്ടത്തിലെത്തി.
വിശാല വിപണിയില്‍ എഫ്.എം.സി.ജി യും ഫാര്‍മയും ഒഴികെ മറ്റെല്ലാ സൂചികകളും പച്ചയിലാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി മിഡ്ക്യാപ് 0.89 ശതമാനവും സ്മാള്‍ ക്യാപ് 0.84 ശതമാനവും നേട്ടമുണ്ടാക്കി.
വിവിധ സൂചികകളുടെ പ്രകടനം

 

നിഫ്റ്റി പി.എസ്‌.യു ബാങ്ക് 2.60 ശതമാനം ഉയർന്ന് നേട്ടങ്ങൾക്ക് നേതൃത്വം നൽകി. ജെ.എസ്.ഡബ്ല്യു സ്റ്റീൽ, വേദാന്ത എന്നിവയുടെ ബലത്തില്‍ മെറ്റല്‍ സൂചിക 1.23 ശതമാനം നേട്ടമുണ്ടാക്കി. നിഫ്റ്റി എഫ്.എം.സി.ജി 0.39 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
സെന്‍സെക്സില്‍ 2647 ഓഹരികൾ മുന്നേറിയപ്പോള്‍ 1190 ഓഹരികൾ ഇടിഞ്ഞു. 99 ഓഹരികൾ മാറ്റമില്ലാതെ തുടര്‍ന്നു.

നേട്ടത്തിലായവരും നഷ്ടത്തിലായവരും

പുതുതായി ലിസ്റ്റുചെയ്ത എന്‍.ടി.പി.സി ഗ്രീൻ 10 ശതമാനം അപ്പർ സർക്യൂട്ടിൽ എത്തി. കമ്പനിയുടെ വിപണി മൂല്യം 1,19,755 കോടി രൂപയിലെത്തി. ഓഹരി 142 രൂപയിലാണ് ക്ലോസ് ചെയ്തത്.
നേട്ടത്തിലായവര്‍

 

അദാനി പോർട്ട്സ് ഓഹരി 5.86 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. തിളങ്ങി. കമ്പനി മികച്ച പ്രകടനം കാഴ്ചവെക്കുന്നതായി നവംബർ വരെയുള്ള ബിസിനസ് അപ്‌ഡേറ്റ് വ്യക്തമാക്കുന്നു. 7 ശതമാനം വാർഷിക വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. 293.7 മില്യണ്‍ മെട്രിക് ടൺ ചരക്കാണ് കമ്പനി കൈകാര്യം ചെയ്തത്. ഓഹരി 1,287 രൂപയില്‍ ക്ലോസ് ചെയ്തു.
ആരോഗ്യ ഇൻഷുറൻസ് ഓഹരികള്‍ ചൊവ്വാഴ്ച 11 ശതമാനം വരെ ഉയർന്നു. ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൻ്റെ ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ ശുപാർശ ചെയ്തത് ഓഹരികള്‍ക്ക് നേട്ടമായി.

നഷ്ടത്തിലായവര്‍

 

സിഗരറ്റുകൾ, പുകയിലയുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കൾ തുടങ്ങിയവയുടെ ജി.എസ്.ടി നിലവിലെ 28 ശതമാനത്തിൽ നിന്ന് 35 ശതമാനമായി വർദ്ധിക്കുമെന്ന് കരുതുന്നത് എഫ്.എം.സി.ജി ഓഹരികള്‍ നഷ്ടത്തിലാവാന്‍ കാരണമായി. ഐ.ടി.സി, വരുൺ ബിവറേജസ് ഓഹരികള്‍ക്കാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാൻഡ് ഇടിഞ്ഞതും ഓഹരികളെ ബാധിച്ചു.

എസ്.ടി.ഇ.എല്‍ ഹോള്‍ഡിംഗ്സിന് മുന്നേറ്റം

കേരള ഓഹരികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. എസ്.ടി.ഇ.എല്‍ ഹോള്‍ഡിംഗ്സ് 7.84 ശതമാനം ഉയര്‍ന്ന് നേട്ടപട്ടികയില്‍ മുന്നിട്ടു നിന്നു. ഓഹരി 496 രൂപയിലാണ് ക്ലോസ് ചെയ്തത്. ടോളിന്‍സ് ടയേഴ്സ് 6.78 ശതമാനം ഉയര്‍ന്ന് 244 രൂപയിലെത്തി.
മണപ്പുറം ഫിനാന്‍സ് (4.99%), കേരള ആയുര്‍വേദ (4.89%), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (4.46%) തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

കേരളാ കമ്പനികളുടെ പ്രകടനം

 

കൊച്ചിൻ ഷിപ്പ്‌യാർഡ് 1.74 ശതമാനവും ഫാക്ട് 2.23 ശതമാനവും നേട്ടത്തില്‍ ക്ലോസ് ചെയ്തു.
പോപ്പീസ് കെയര്‍ 4.99 ശതമാനം നഷ്ടത്തില്‍ 196 രൂപയിലെത്തി. കിറ്റെക്സ് ഗാര്‍മെന്റ്സ് 3.03 ശതമാനം നഷ്ടവും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ 2.59 ശതമാനം ഇടിവും നേരിട്ടു.
മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ്, കൊച്ചിൻ മിനറൽസ് & റൂട്ടൈൽ, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.
Tags:    

Similar News